ബ്രൂവറിക്ക് സി.പി.ഐ ഉടക്ക്; ഒയാസിസ് കമ്പനിയുടെ ഭൂമി തരംമാറ്റ അപേക്ഷ ആർ.ഡി.ഒ തള്ളി
text_fieldsപാലക്കാട്: എലപ്പുള്ളിയില്‍ ബ്രൂവറി സ്ഥാപിക്കാന്‍ നെല്‍വയല്‍ തരംമാറ്റാനുള്ള ഒയാസിസ് കമ്പനിയുടെ അപേക്ഷ പാലക്കാട് ആര്.ഡി.ഒ നിരസിച്ചു. എലപ്പുള്ളിയിലെ റവന്യൂ ഡേറ്റ ബാങ്കിൽ നെൽവയൽ എന്ന് ‘തെറ്റായി രേഖപ്പെടുത്തിയ’ ഭൂമി ക്രമപ്പെടുത്തണമെന്നാവശ്യപ്പെട്ടായിരുന്നു ഒയാസിസ് കമ്പനി ആർ.ഡി.ഒക്ക് അപേക്ഷ നൽകിയത്. എന്നാൽ, പരിശോധനയിൽ ഭൂമി നെൽകൃഷിക്ക് ഉപയോഗപ്പെടുത്തിയിരുന്നെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അപേക്ഷ തള്ളിയത്. റവന്യൂ വകുപ്പ് ഭരിക്കുന്ന സി.പി.ഐ നേതൃത്വത്തിന്റെ ഇടപെടലാണ് കൃഷിഭൂമി തരംമാറ്റാനാവില്ലെന്ന ആർ.ഡി.ഒയുടെ തീരുമാനത്തിന് പിറകിലെന്നും അറിയുന്നു.
എലപ്പുള്ളി രണ്ട് വില്ലേജില്‍ വാങ്ങിയ 23.59 ഏക്കര്‍ ഭൂമിയില്‍ 5.89 ഏക്കര്‍ വയലാണ്. അഞ്ച് സർവേ നമ്പറുകളിലായി കിടക്കുന്ന ഒരു ഹെക്ടര്‍ 60 ആര് 32 ചതുരശ്ര അടി ഭൂമി തരംമാറ്റാനാണ് അപേക്ഷ നല്‍കിയിരുന്നത്. 2008 തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം തയാറാക്കിയ ഡേറ്റ ബാങ്കില്‍ ഭൂമിയുടെ തരം തെറ്റായി വയല്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും തിരുത്തിനല്‍കണമെന്നും ആവശ്യപ്പെട്ട് ഫോറം അഞ്ച് പ്രകാരമാണ് കമ്പനി ആര്.ഡി.ഒക്ക് അപേക്ഷ നല്‍കിയത്. 2024 ഫെബ്രുവരി 20ന് ആര്.ഡി.ഒക്ക് മുന്നിലെത്തിയ അപേക്ഷയില്‍ കൃഷി ഓഫിസര്‍ സ്ഥലം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
തുടർന്ന് നടത്തിയ ഉപഗ്രഹചിത്ര പരിശോധനയില്‍ 1967ലും 2008ലും ഭൂമിയിൽ നെല്‍കൃഷി ചെയ്തിരുന്നതായി കണ്ടെത്തി. 2024 ജൂൺ 25, 2024 ആഗസ്റ്റ് ആറ് തീയതികളിലാണ് ഭൂമിയുടെ തരം സംബന്ധിച്ച് കെ.എസ്.ആര്.ഇ.സി റിപ്പോര്‍ട്ട് ലഭിച്ചത്. ഇത് പരിശോധിച്ച് സെപ്റ്റംബർ ആറിനു തന്നെ ആര്.ഡി.ഒ ഉത്തരവിറക്കിയിരുന്നു. പിന്നീട് ജനുവരി 25ന് ഉത്തരവ് പുതുക്കി പുതിയ ഉത്തരവിറക്കുകയും ചെയ്തു. ബ്രൂവറിയെ ആദ്യം അനുകൂലിച്ചെങ്കിലും പിന്നീട് വിമർശനം ഉയർന്നതോടെ സി.പി.ഐ നിലപാട് മാറ്റുകയായിരുന്നു.
വാങ്ങിയത് കൂടുതലും വയലുകൾ
പാലക്കാട്: ബ്രൂവറിക്കായുള്ള ഒയാസിസ് കമ്പനിയുടെ അപേക്ഷ ആർ.ഡി.ഒ തള്ളിയത് എലപ്പുള്ളിയില്‍ ഇവർ സ്ഥലം വാങ്ങിക്കൂട്ടിയത് കൂടുതലും വയലുകളാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന്. കമ്പനി അവസാനം വാങ്ങിയ സ്വകാര്യ പേപ്പര്‍ മില്ലിന്റെ 2.86 ഏക്കറിനും പുറമെ വാങ്ങിയ 21 ഏക്കര്‍ ആറ് സെന്റ് സ്ഥലത്തിനുമിടയില്‍ മറ്റ് സ്വകാര്യ വ്യക്തികളുടെ വയലുമുണ്ട്. ഇവിടെ ഇപ്പോള്‍ രണ്ടാംവിള നെല്‍കൃഷിയാണ്. തരംമാറ്റാന്‍ അപേക്ഷ നല്കിയതിനേക്കാള് കൂടുതല്‍ നിലം കമ്പനി ഭൂവുടമകളില്‍ നിന്ന് കൈക്കലാക്കിയതായി റവന്യൂ രേഖകളില്‍ വ്യക്തമാണ്.
18 സർവേ നമ്പറുകളിലായി ഉള്‍പ്പെടുന്ന 21.06 ഏക്കറിൽ 5.89 ഏക്കര്‍ വയലാണെന്ന് റവന്യൂ രേഖകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 3.5 ഏക്കറോളം വരുന്ന സ്ഥലമാണ് 2023ല്‍ തരംമാറ്റാൻ അപേക്ഷ നല്‍കിയത്. ഡേറ്റ ബാങ്കില്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് കാണിച്ച് ഫോറം അഞ്ച് പ്രകാരം നല്കിയ അപേക്ഷ പ്രാദേശിക നിരീക്ഷണ സമിതി തള്ളുകയും ചെയ്തിരുന്നു. 18 സർവേ നമ്പറുകളിലുള്ള ഭൂമിക്ക് പുറമെയാണ് പൂട്ടിപ്പോയ വിക്ടറി പേപ്പര്‍ മില്ലിന്റെ 2.86 ഏക്കര്‍ ഭൂമിയും കമ്പനിയുടെ പേരില്‍ വാങ്ങിയത്. കമ്പനിഭൂമിക്ക് ഒരു അതിരില്‍ തോടും മറ്റ് അതിരുകളില്‍ നിലവുമാണ്. ഒരു കിലോമീറ്ററിനുള്ളിലൂടെ കോരയാര്‍ പുഴയുമുണ്ട്. വയലും തോടും സമീപമുള്ള പുഴയും ഭാവിയില്‍ ഭൂഗര്ഭജലമൂറ്റാനുള്ള സാധ്യതയാണെന്ന കണക്കൂട്ടലില്‍ കൂടിയാണ് മദ്യനിര്‍മാണ കമ്പനി സ്ഥലം വാങ്ങിക്കൂട്ടിയതെന്നാണ് ആക്ഷേപം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.