ഒയാസിസ് കമ്പനിയുടെ ഭൂമി: റവന്യൂ വകുപ്പിനെ പഴിചാരി രാമചന്ദ്രൻ കടന്നപ്പള്ളി
text_fieldsകോഴിക്കോട് : ഒയാസിസ് കമ്പനിയുടെ പരിധിയിൽ കവിഞ്ഞ ഭൂമി വാങ്ങിയതിൽ റവന്യൂ വകുപ്പിനെ പഴിചാരി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ഭൂപരിധിയുടെ കാര്യത്തിൽ സാധൂകരണം നൽകുന്നത് രജിസ്ട്രേഷൻ വകുപ്പല്ലെന്നും ഭൂരേഖകൾ പരിശോധിക്കേണ്ടത് റവന്യൂ വകുപ്പാണെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
ഒയാസിസ് കമ്പനിയുടെ പേരിൽ 23.92 ഏക്കർ( 9.6858 ഹെക്ടർ) ഭൂമി രജിസ്റ്റർ ചെയ്ത് നൽകിയെന്ന് മന്ത്രി സമ്മതിച്ചു. ഈ രജിസ്ട്രേഷനുകൾ ഒമ്പത് ആധാരങ്ങൾ പ്രകാരം 26.05.2022 മെയ് 26, 27, ജൂൺ 16, ജൂലൈ അഞ്ച്, നവംബർ ഏഴ്, 2024 ജൂലൈ 31 തീയതികളിലായാണ് രജിസ്റ്റർ ചെയ്തതെന്ന് എ.പി. അനിൽകുമാർ, അൻവർ സാദത്ത്, ഡോ. മാത്യു കുഴൽനാടൻ, ചാണ്ടി ഉമ്മൻ എന്നിവർക്ക് നിയമസഭയിൽ മറുപടി നൽകി.
രജിസ്ട്രേഷൻ നിയമ പ്രകാരം ഈ ആധാരങ്ങൾ രജിസ്റ്റർ ചെയ്തു നൽകിയതിൽ അപാകതയില്ല. കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധി സംബന്ധിച്ചുള്ള വിവരം റവന്യു റിക്കോർഡ് പ്രകാരമുള്ളതായതിനാൽ രജിസ്ട്രേഷൻ വകുപ്പിന് ഈ വിവരം ലഭ്യമല്ല.
1908 ലെ രജിസ്ട്രേഷൻ ആക്ട് പ്രകാരം ആധാരങ്ങൾ രജിസ്റ്റർ ചെയ്തു നൽകുക എന്നുള്ളതാണ് രജിസ്ട്രേഷൻ വകുപ്പിന്റെ പരിധിയിൽ വരുന്നത്. സാധൂകരിച്ച് നൽകുന്നത് വകുപ്പിൻറെ പരിധിയിൽ വരുന്ന നടപടിയല്ലെന്നും മന്ത്രി വ്യക്തമാക്കി.
23.92 ഏക്കര്‍ ഭൂമിയാണ് കമ്പനിയുടെ കൈവശമുള്ളത്. 1963-ലെ ഭൂപരിഷ്‌കരണ നിയമപ്രകാരം 15 ഏക്കര്‍വരെയാണ് പരമാവധി കൈവശം വെക്കാവുന്ന ഭൂമി. 8.92 ഏക്കര്‍ ഭൂമിയാണ് കമ്പനി അധികമായി കൈവശംവെച്ചിരിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.