സങ്കുചിത ദേശീയത പ്രചരിപ്പിച്ച് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നു –നുസ്റത്ത് അലി
text_fieldsകോട്ടക്കല്‍: ദേശീയതയുടെ പേരില്‍ സങ്കുചിത ദേശീയത പ്രചരിപ്പിച്ച് രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അസി. അമീര്‍ നുസ്റത്ത് അലി. മുസ് ലിംകളെ ഉപയോഗിച്ച് മുസ്ലിം സമൂഹത്തെയും രാജ്യങ്ങളെയും താറടിക്കാനുള്ള ശ്രമങ്ങള്‍ സജീവമാണ്. ഈജിപ്ത്, ബംഗ്ളാദേശ്, സിറിയ എന്നിവ ഇതിന്‍െറ ഉദാഹരണങ്ങളാണ്. ഇസ്ലാമിനെ മലിനമാക്കുന്ന പ്രചാരവേലകളില്‍ ഒരുവിഭാഗം മുസ്ലിംകള്‍ കടുത്ത നിരാശയിലാണ്. മറ്റൊരു വിഭാഗം ഈ നിരാശ മുതലെടുത്ത് വിധ്വംസക പ്രവര്‍ത്തനങ്ങളിലേക്ക് എത്തുന്നു. ജമാഅത്തെ ഇസ്ലാമി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എതിരാണ്. മനുഷ്യരാശിയുടെ നന്മക്ക് വേണ്ടിയാണ് ജമാഅത്ത് നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. കോട്ടക്കല്‍ പുത്തൂരില്‍ ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. അസഹിഷ്ണുത രാജ്യത്തിന്‍െറ മാതൃഭാഷയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇ. അഹമ്മദിന്‍െറ മൃതദേഹത്തിന് അവഗണന നേരിടേണ്ടി വന്നത് ന്യൂനപക്ഷ സമുദായാംഗമായതിന്‍െറ പേരിലാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യപ്പറ്റുള്ള പ്രസ്ഥാനങ്ങളെ പോലും ഭീകരവാദികളാക്കാനാണ് ട്രംപ്, മോദി സര്‍ക്കാറുകള്‍ ശ്രമിക്കുന്നതെന്ന് മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ പറഞ്ഞു. ഇസ്ലാമിന്‍െറ യശസ്സ് വീണ്ടെടുക്കാന്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി മുന്‍ അഖിലേന്ത്യ അസി. അമീര്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ ആശംസയര്‍പ്പിച്ചു. അറബ് നാഷനല്‍ കോണ്‍ഗ്രസ് മെംബറും ഫലസ്തീനിലെ ഹമാസിന്‍െറ ഒൗദ്യോഗിക വക്താവുമായ ഉസാമ ഹംദാന്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്തു. വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍, വി.കെ. അലി, സാദിഖ് ഉളിയില്‍, പി. റുക്സാന, സി.ടി. ശുഹൈബ്, ശിഹാബ് പൂക്കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് എം.സി. നസീര്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ മുസ്തഫ ഹുസൈന്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
