നഴ്സിങ് കോളജ് അഫിലിയേഷൻ; തീരുമാനം 30നകം
text_fieldsതിരുവനന്തപുരം: ചില സ്വകാര്യ സ്വാശ്രയ നഴ്സിങ് കോളജുകളുടെ അഫിലിയേഷന്‍റെ കാര്യത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വം പരിഹരിക്കാൻ ജൂൺ 30നകം സർവകലാശാലയും കേരള നഴ്സിങ് കൗൺസിലും തീരുമാനമെടുക്കുമെന്ന് മാനേജ്മെന്‍റ് അസോസിയേഷനുകളുമായി നടന്ന ചർച്ചയിൽ സർക്കാർ ഉറപ്പുനൽകി.
സ്വാശ്രയ നഴ്സിങ് കോളജുകൾക്ക് ഒരുവർഷത്തേക്കുള്ള താൽക്കാലിക അഫിലിയേഷനാണ് നൽകുന്നത്. ഓരോ വർഷവും സർവകലാശാലയും നഴ്സിങ് കൗൺസിലും പരിശോധന നടത്തിയാണ് തുടർവർഷത്തേക്കുള്ള അഫിലിയേഷൻ നൽകുക. അടുത്ത വർഷത്തെ അഫിലിയേഷനുള്ള പരിശോധനകൾ പൂർത്തിയായെങ്കിലും കണ്ടെത്തിയ അപാകതകൾ പരിഹരിച്ച് ബന്ധപ്പെട്ട കോളജുകൾ പിഴ അടച്ച് മറുപടി നൽകിയാലേ തീരുമാനമുണ്ടാകൂ.
അതുസംബന്ധിച്ച നടപടിക്രമങ്ങൾ സർവകലാശാലയും നഴ്സിങ് കൗൺസിലും ഉടൻ ആരംഭിച്ച് 30 നകം അഫിലിയേഷൻ നടപടികൾ പൂർത്തീകരിക്കാനാണ് ധാരണ.സർക്കാർ ആശുപത്രികളിൽ പരിശീലനത്തിനെത്തുന്ന നഴ്സിങ് വിദ്യാർഥികളിൽനിന്ന് നിശ്ചിത ഫീസ് മാത്രം ഈടാക്കിയാൽ മതിയെന്നും മറ്റ് പണപ്പിരിവ് പാടില്ലെന്നും ചർച്ചയിൽ ധാരണയായി.
സയൻസ് ഇതര വിഷയങ്ങൾ പഠിച്ചശേഷം ജനറൽ നഴ്സിങ് കോഴ്സ് പൂർത്തിയാക്കുന്നവർക്കുകൂടി പോസ്റ്റ് ബേസിക് കോഴ്സ് പ്രവേശനത്തിന് അനുമതി നൽകാമെന്ന് സർക്കാർ അറിയിച്ചു.മന്ത്രി കെ. മുരളീധരന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യ സെക്രട്ടറി, ഡി.എം.ഇ, സ്വകാര്യ സ്വാശ്രയ നഴ്സിങ് കോളജ് മാനേജ്മെന്‍റ് അസോസിയേഷൻ ഭാരവാഹികൾ, ക്രിസ്ത്യൻ മാനേജ്മെന്‍റ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

