രണ്ടു വയസ്സുകാരിയോട് ക്രൂരത; നഴ്സിങ് അസിസ്റ്റൻറിന് സസ്പെൻഷൻ
text_fieldsവൈക്കം: ഡ്യൂട്ടി സമയം തീർന്നെന്ന് പറഞ്ഞ് രണ്ടു വയസ്സുകാരിയുടെ ഒടിഞ്ഞ കാലിലെ പ്ലാസ്റ്റർ പകുതി നീക്കംചെയ്ത ശേഷം സ്ഥലംവിട്ട വൈക്കം താലൂക്ക് ആശുപത്രി നഴ്സിങ് അസിസ്റ്റൻറ് എം.എസ്. ലളിതയെ സസ്പെൻഡ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ടാണ് ടി.വി പുരം കൈതക്കാട്ടുമുറി വീട്ടില്‍ ഇ.കെ. സുധീഷും ഭാര്യ രാജിയും മകള്‍ ആര്യയുടെ കാലിലെ പ്ലാസ്റ്റര്‍ നീക്കംചെയ്യാന്‍ ആശുപത്രിയിലെത്തിയത്.
ഡോക്ടറുടെ നിര്‍ദേശപ്രകാരം നഴ്സിങ് റൂമില്‍ പ്ലാസ്റ്റർ നീക്കംചെയ്യാന്‍ കൊണ്ടുപോയി. പ്ലാസ്റ്റർ പകുതി നീക്കംചെയ്തപ്പോള്‍ സമയം അഞ്ചുമണിയായി. ഡ്യൂട്ടിസമയം കഴിഞ്ഞെന്നു പറഞ്ഞ് കുട്ടിയെ അവിടെ കിടത്തിയിട്ട് ജീവനക്കാരി പോവുകയായിരുന്നു. ഏറെനേരമായിട്ടും പ്ലാസ്റ്റർ നീക്കം ചെയ്യാന്‍ മറ്റു ജീവനക്കാര്‍ ആരും എത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയിലുണ്ടായിരുന്നവരോട് വിവരം പറഞ്ഞു. ചികിത്സക്കെത്തിയവരും മറ്റും ബഹളംവെച്ചതോടെ മറ്റൊരു ജീവനക്കാരനെത്തി പ്ലാസ്റ്റർ നീക്കംചെയ്തു. നഴ്സിങ് അസിസ്റ്റൻറിെൻറ നടപടിക്കെതിരെ കുട്ടിയുടെ മാതാപിതാക്കളും വിവിധ സംഘടനകളും പരാതിയുമായി രംഗത്തെത്തിയതോടെ അധികൃതർ നടപടിയെടുക്കുകയായിരുന്നു.
അതിനിടെ, സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയ കേസെടുത്തു. ഗൗരവകരമായ ചികിത്സ നിഷേധത്തിന് ഉത്തരവാദപ്പെട്ടവർ യഥാസമയം നടപടിയെടുത്തില്ലെന്നും കമീഷൻ നിരീക്ഷിച്ചു. കോട്ടയം ജില്ല മെഡിക്കൽ ഓഫിസർ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമീഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടു. വൈക്കം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഒരാഴ്ചക്കകം വിശദീകരണം ഹാജരാക്കണമെന്നും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
