സഹികെട്ട് സമരമുഖത്ത്
text_fieldsമാലാഖമാർ എന്ന് ഒാമനപ്പേരിട്ട് വിളിച്ച്, സ്നേഹത്തിെൻറ പ്രതിരൂപമാക്കി പ്രതിഷ്ഠിക്കപ്പെട്ടവരാണ് നഴ്സുമാർ. സഹിക്കാവുന്നതിനപ്പുറമായപ്പോൾ അവർ ചിരിയുടെ മൂടുപടം അഴിച്ചുവെക്കുകയാണ്. കേരളത്തിലെ തെരുവുകൾ നഴ്സുമാരുടെ സമരമുഖമായി മാറിക്കഴിഞ്ഞു. അധികൃതർ വിട്ടുവീഴ്ചകളുടെ ഭാഗത്ത് നിൽക്കുേമ്പാൾ, ഇനി വിട്ടുവീഴ്ചക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണവർ. സേവനത്തിന് അർഹിക്കുന്ന വേതനം നൽകിയാൽ ആശുപത്രികൾ നഷ്ടത്തിലാവില്ലെന്നും പൂട്ടിപ്പോവില്ലെന്നുമുള്ള ഉറച്ച ബോധ്യമാണ് ഇവരുടെ സമരത്തിന് ശക്തിപകരുന്നത്. പോരാട്ടത്തിലേക്കിറങ്ങേണ്ടിവന്ന നഴ്സുമാരുടെ ജീവിത- തൊഴിൽ സാഹചര്യങ്ങളിലൂടെ ‘മാധ്യമം’ നടത്തുന്ന അന്വേഷണം.
കടം, പീഡനം... ഇതാണ് നഴ്സ് ജീവിതം
15 വർഷമായി, 600ലധികം നഴ്സുമാരുള്ള സ്ഥാപനത്തിലെ സൂപണ്ട്രായ ഒരു സ്ത്രീയുടെ അനുഭവമാണിത്. കണ്ണൂർ ജില്ലയിലെ ആലക്കോട് സ്വദേശിനിയാണിവർ. മലയോര മേഖലയിൽനിന്ന് ഏറെ കഷ്ടപ്പെട്ട് നഴ്സിങ് വിദ്യാഭ്യാസം നേടി. പഠനകാലം മുതൽക്കേ ഇൗ മേഖലയുമായി ബന്ധപ്പെട്ട് കാണാൻ പറ്റിയ ഒരു നല്ല സ്വപ്നവുമുണ്ടായിരുന്നില്ലെന്ന് അവർ പറയുന്നു. പഠനവും പരിശീലനവും കഴിഞ്ഞ് ജോലിക്ക് കയറിയപ്പോൾ കിട്ടിയത് 1000 രൂപ പ്രതിമാസ ശമ്പളം. ഇപ്പോൾ ലഭിക്കുന്നത് 13500 രൂപ. ആലക്കോടുനിന്ന് കണ്ണൂരിൽ വന്നുപോകുന്നതിന് പ്രതിമാസം ബസ് കൂലിയായി മാത്രം 3500 രൂപ വേണം. ഭക്ഷണച്ചെലവും മറ്റും വേറെ. കുട്ടികളുടെ പഠന ചെലവും വായ്പാ അടവുകളുമെല്ലാം ആകുേമ്പാൾ കടം വാങ്ങുകയല്ലാതെ മറ്റു വഴിയില്ല.
2012ൽ സംസ്ഥാന സർക്കാറും നഴ്സിങ് സംഘടനകളും തമ്മിലുണ്ടാക്കിയ ധാരണയനുസരിച്ച് 8975 രൂപ അടിസ്ഥാന ശമ്പളം നിശ്ചയിച്ചിരുന്നു. ആനുകൂല്യങ്ങൾകൂടി ചേരുന്നതോടെ 12000- 13000 രൂപ വരെയാണ് ലഭിക്കേണ്ടത്. എന്നാൽ, സംസ്ഥാനത്ത് 80 ശതമാനം ആശുപത്രികളിലും ഇൗ ശമ്പളം നൽകുന്നില്ല. 6000 രൂപ മുതലാണ് ചെറിയ ആശുപത്രികൾ നൽകുന്നത്. പരിശീലനകാലത്ത് ഇതിലും താഴെയാണ്. ചില ആശുപത്രികൾ സർക്കാർ നിശ്ചയിച്ച പ്രകാരമുള്ള ശമ്പളം നഴ്സുമാരുടെ അക്കൗണ്ടിൽ ഇടുന്നുണ്ട്. എന്നാൽ, പണം കയറി പിറ്റേ ദിവസം ഇതിൽ 4000 രൂപ വരെ തിരികെ വാങ്ങുന്നു. ഇതിന് തയാറാവാത്തവരെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും.

ജപ്തി ഭീഷണിയിൽ നഴ്സുമാർ
കേരളത്തിലെ നഴ്സുമാരിൽ 70 ശതമാനത്തിലധികം വിദ്യാഭ്യാസ വായ്പയെടുത്ത് പഠിച്ചവരാണ്. എന്നാൽ, വായ്പാ തുക പലിശയും കൂട്ടുപലിശയുമായി ഭീമമായ ബാധ്യതയായി നഴ്സുമാരുടെ മുന്നിൽനിൽക്കുന്നു. സർക്കാർ മെറിറ്റ് സീറ്റിൽ പോലും ഫീസായി നൽകേണ്ടത് രണ്ടര ലക്ഷം രൂപയാണ്. സ്വാശ്രയ സീറ്റുകളിൽ നാലു മുതൽ അഞ്ച് ലക്ഷം വരെയാണ് ഫീസ്. നിർധന വിദ്യാർഥികൾക്ക് ഇൗ തുക വായ്പയിലൂടെയല്ലാതെ കണ്ടെത്താനാവില്ല. കോഴ്സ് കഴിഞ്ഞ് ജോലി ലഭിക്കുേമ്പാൾ മാത്രമാണ് തിരിച്ചടവിന് തികയില്ലാത്ത ശമ്പളത്തിെൻറ വലുപ്പം ഇവരെ ഞെട്ടിക്കുന്നത്. കണ്ണൂർ ധനലക്ഷ്മി ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു നഴ്സ് ജപ്തി നോട്ടീസ് കണികണ്ടാണ് ദിവസവും ജോലിക്ക് ഹാജരാവുന്നത്. ഒന്നര ലക്ഷം രൂപയാണ് ഇവർ വായ്പയെടുത്തത്. ഇപ്പോൾ തുക ഇരട്ടിയായി. പ്രതിമാസം അയ്യായിരത്തിലധികം രൂപ അടക്കണം. ശമ്പളത്തിൽ വീട്ടുവാടകയും നിത്യചെലവിനുള്ള പണവും മാറ്റിവെച്ചാൽ ഒന്നുമുണ്ടാവില്ല. ജോലിക്കു വരുന്നതിനുള്ള എളുപ്പത്തിനാണ് ആശുപത്രിക്കു സമീപം വീട് വാടകക്കെടുത്തത്. എന്നാൽ, ശമ്പളത്തിെൻറ പകുതിയിലധികമാണ് വാടക.
ട്രെയിനി, വീണ്ടും ട്രെയിനി
ആശുപത്രികളും നഴ്സുമാരും തമ്മിലുള്ള ബോണ്ട് പ്രകാരം 7000 രൂപ മുതലാണ് അടിസ്ഥാന ശമ്പളം നിശ്ചയിച്ചു നൽകുന്നത്. ഇൗ തുക കിട്ടാൻ സ്റ്റാഫ് നഴ്സാകണം. പരിശീലന സമയത്ത് 6000- 6500 രൂപ വരെയാണ് ലഭിക്കുക. മിക്ക നഴ്സുമാരും വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ആശുപത്രികളിൽ തന്നെയാണ് ജോലി ചെയ്യുന്നതും പരിശീലനം നേടുന്നതും. നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുന്നതിനായുള്ള പ്രോസ്പെക്ടസിൽ പറയുന്ന തരത്തിലുള്ള പരിശീലനം നൽകിയെന്നു പറയുേമ്പാഴും ഇതേ സ്ഥാപനത്തിൽ പഠിച്ചിറങ്ങുന്ന നഴ്സുമാരെ ട്രെയിനി നഴ്സുമാരായാണ് നിയമിക്കുന്നത്. ട്രെയിനി ആകുേമ്പാഴും ജോലി നഴ്സുമാരുടേതു തന്നെ. പഠനകാലത്തും ഇതുതന്നെയാണ് ചെയ്യേണ്ടത്. ഒരു വർഷം ട്രെയിനിങ് കഴിഞ്ഞ് സ്ഥിരപ്പെടുത്താമെന്നാണ് പറയുക. എന്നാൽ, ഒരു വർഷം കഴിയുേമ്പാൾ ട്രെയിനിങ്ങിൽ വേണ്ടത്ര മികവ് കാണിച്ചില്ലെന്നുപറഞ്ഞ് വീണ്ടും ഒരു വർഷം കൂടി ട്രെയിനിയാക്കും. നിലവിലുള്ള ട്രെയിനിങ് നീട്ടുകയല്ല ചെയ്യുക, സ്ഥാപനത്തിൽനിന്ന് വിടുതൽ സർട്ടിഫിക്കറ്റ് നൽകി, വീണ്ടും പ്രവേശനത്തിന് ഹാജരാവണം. സ്ഥിരമാക്കുേമ്പാഴും ഇതു തന്നെ സ്ഥിതി. ഒരു മാസമെങ്കിലും സ്ഥാപനത്തിന് പുറത്തു നിന്നിട്ടുവേണം ജോലിയിൽ പ്രവേശിക്കാൻ.
പരാതിപ്പെടാൻ ഇടമില്ല
പതിവ് പരിശോധനകളുടെ ഭാഗമായി പോയ നഴ്സിനെ മുറിയിലടച്ച് മാനഭംഗപ്പെടുത്താൻ ശ്രമമുണ്ടായത് കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ. രോഗിയും രോഗിക്ക് കൂട്ടിരിക്കാനെത്തിയവരുമൊക്കെ അടിച്ചു ഫിറ്റായ നിലയിൽ. ആരെയും പേടിക്കാതെയുള്ള ഇൗ മദ്യപാന സൽക്കാരത്തിന് ആശുപത്രി മാനേജ്മെൻറിെൻറ പിന്തുണയുണ്ടായിരുന്നോയെന്ന സംശയമാണ് പിന്നീടുണ്ടായ സംഭവങ്ങൾ തെളിയിക്കുന്നത്. കയറിപ്പിടിച്ചവരിൽ നിന്ന് രക്ഷെപ്പട്ട് ഒാടിയ നഴ്സ് ആശുപത്രി അധികൃതരെ വിവരമറിയിച്ചിട്ടും ഒരു നടപടിയുമുണ്ടായില്ല. പൊലീസിൽ പരാതിപ്പെടാൻ പറഞ്ഞിട്ടും, വേണമെങ്കിൽ ഒറ്റക്ക് പരാതിപ്പെേട്ടാളൂ, അതിനെ തുടർന്നുണ്ടാവുന്ന ഒരു കാര്യത്തിലും തങ്ങൾക്ക് ബന്ധമുണ്ടാവില്ലെന്നാണ് മാനേജ്െമൻറ് അറിയിച്ചത്. വനിത നഴ്സുമാർ അനുഭവിക്കുന്ന ഇത്തരം പ്രശ്നങ്ങളും നിരവധിയാണ്.

വൈദഗ്ധ്യവും സമർപ്പണവും വേണം; ശമ്പളം മാത്രമില്ല
വൈദഗ്ധ്യം ആവശ്യമുള്ളതാണ് നഴ്സിങ് മേഖല. ഡോക്ടറുടെ വൈദഗ്ധ്യത്തിനൊപ്പം നഴ്സിെൻറ സമർപ്പണം കൂടിയാവുേമ്പാൾ മാത്രമേ ചികിത്സ ഫലപ്രാപ്തിയിലെത്തൂ. ഡോക്ടറുടെയും നഴ്സിെൻറയും വരുമാനം താരതമ്യപ്പെടുത്താൻ പോലുമാകാത്ത രീതിയിലാണ്.
എന്നാൽ, ഇവരുടെ വരുമാനം സ്വീപ്പറുടെയോ ഹെൽപിങ് ബോയിയുടെയോ ശമ്പളവുമായി വലിയ വ്യത്യാസമില്ല. രണ്ടുവർഷം മുമ്പ് നടന്ന സമരത്തിെൻറ അടിസ്ഥാനത്തിലുള്ള വ്യവസ്ഥകൾ അനുസരിച്ച് കൂടിയ ശമ്പളം ലഭിക്കുന്ന ഒരു നഴ്സിനുപോലും മാന്യമായ ജീവിതം നയിക്കുന്നതിന് സാധിക്കുന്നില്ല.
ഇൗ പ്രശ്നങ്ങൾ കണക്കിലെടുത്താണ് സ്വകാര്യ ആശുപത്രികളിലെ നഴസ്ുമാർക്ക് സർക്കാർ ആശുപത്രികളിലെ നഴ്സുമാർക്ക് ലഭിക്കുന്ന തുക ശമ്പളമായി നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. ബോണ്ട് സംവിധാനം റദ്ദാക്കണമെന്നും ഉത്തരവിട്ടിരുന്നു. എന്നാൽ, ഇൗ ഉത്തരവുകൾ മാനേജ്മെൻറുകളും സർക്കാറും ഒരു പോലെ അവഗണിക്കുകയായിരുന്നു.
സുപ്രീംകോടതി ഉത്തരവ് കണക്കിലെടുക്കുകയാണെങ്കിൽ 50 ബെഡുള്ള ആശുപത്രിയിലെ ഒരു നഴ്സിന് കുറഞ്ഞത് 20000 രൂപയും ആനുകൂല്യങ്ങളുമാണ് ലഭിക്കേണ്ടത്. സർക്കാർ ആശുപത്രിയിലെ ഒരു നഴ്സിന് ഇൗ സമയത്ത് ഏറ്റവും കുറഞ്ഞത് 27800 രൂപയാണ് ശമ്പളം ലഭിക്കുന്നത്. എന്നാൽ, സുപ്രീം കോടതി ഉത്തരവിനെതിരെ ഹൈകോടതിയിൽ നിന്ന് വിധി സമ്പാദിച്ചിട്ടുണ്ടെന്നാണ് മാനേജ്മെൻറ് നഴ്സുമാരുടെ പ്രതിനിധികളോട് പറഞ്ഞത്. (തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
