കൊച്ചി: ചൊവ്വരയിൽ ആരോഗ്യപ്രവർത്തകക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ 60ഓളം കുഞ്ഞുങ്ങളെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനാണ് രോഗബാധയുണ്ടായത്. കഴിഞ്ഞ ബുധനാഴ്ചയാണ് നഴ്സിന് രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. ഇതേ ദിവസം നാൽപതോളം കുട്ടികൾക്ക് ഇവർ പ്രതിരോധ കുത്തിവെപ്പ് എടുത്തുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. എന്നാൽ 60 കുട്ടികൾക്ക് കുത്തിവെപ്പെടുത്തുവെന്ന് ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു.
ഈ കുട്ടികളെയും അവരുടെ കുടുംബാംഗങ്ങളെയുമാണ് നിരീക്ഷണത്തിലാക്കിയത്. കാലടി ശ്രീമൂലനഗരം മേഖലയിലുളളവരാണ് നീരീക്ഷണത്തിൽ ഉളളവരിൽ അധികവും. നഴ്സും ഭർത്താവും കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. രോഗബാധ സ്ഥിരീകരിച്ച ഭർത്താവിന്‍റെ സമ്പർക്ക പട്ടികയും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ രണ്ട് ഡോക്ടർമാരും ഏഴ് ജീവനക്കാരും നിരീക്ഷണത്തിൽ പ്രവേശിച്ചു.