കേന്ദ്രമന്ത്രി ജോർജ് കുര്യൻ സംസാരിക്കവേ സദസ്യർ എണീറ്റുപോയി; ഭൂരിഭാഗം കസേരകളും ശൂന്യമായി
text_fieldsചിറയിൻകീഴ്: കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ സംസാരിക്കാൻ എഴുന്നേറ്റപ്പോൾ സദസ്യരുടെ കൊഴിഞ്ഞുപോക്ക്. ചിറയിൻകീഴ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ സമഗ്ര വികസന പദ്ധതി നിർമാണോദ്ഘാടന ചടങ്ങിലാണ് സംഭവം. കേന്ദ്രമന്ത്രി സംസാരിച്ചു തുടങ്ങവേ പെട്ടെന്ന് സദസ്സിലെ ഭൂരിഭാഗം കസേരകളും ശൂന്യമാവുകയായിരുന്നു.
ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവർ കൂട്ടത്തോടെ ഇറങ്ങിപ്പോയത് ബഹിഷ്കരണമാണോ എന്ന സംശയം നിലനിൽക്കുന്നു. ബഹിഷ്കരണ പ്രഖ്യാപനങ്ങളൊന്നും ആരും നടത്തിയിരുന്നില്ല. നേരം വൈകിയ സാഹചര്യത്തിലുള്ള സ്വാഭാവിക കൊഴിഞ്ഞുപോക്കാണെന്ന് സംഘാടകൻ പറയുന്നു.
കരിങ്കൊടി പ്രതിഷേധം
കാട്ടാക്കട: ഛത്തിസ്‌ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് കേന്ദ്രസഹമന്ത്രി ജോർജ് കുര്യനുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. വ്യാഴാഴ്ച രാവിലെ കള്ളിക്കാട് ഗ്രാമപഞ്ചായത്തിന്റെ നിരപ്പിൽകാലയിലെ ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു കരിങ്കൊടി പ്രതിഷേധം.
ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽനിന്ന് ഇന്നലെ ജോർജ് കുര്യൻ ഒഴിഞ്ഞുമാറിയിരുന്നു. ബി.ജെ.പി അല്ലാതെ മറ്റൊരു പാർട്ടിയും വിഷയത്തിൽ ഇടപെടുന്നില്ലെന്ന് മന്ത്രി പറഞ്ഞു. കന്യാസ്ത്രീകൾ കൊണ്ടുപോയ പെൺകുട്ടികൾ ക്രിസ്ത്യാനികളാണോ എന്ന കാര്യത്തിൽ തീരുമാനം പറയേണ്ടത് കോടതിയാണ്. കോടതിയിലുള്ള വിഷയത്തിൽ മന്ത്രിയെന്ന നിലയിൽ അഭിപ്രായം പറയുന്നതിൽ പരിമിതിയുണ്ട്. നടപടിക്രമം പൂർത്തിയാക്കാതെ ജാമ്യാപേക്ഷ നൽകിയതിനാലാണ് അത് തള്ളിയത്.
സംസ്ഥാനം ഭരിക്കുന്നത് ബി.ജെ.പിയാകുമ്പോൾ ഇടപെടേണ്ടത് അവർ തന്നെയല്ലേ എന്ന ചോദ്യമുന്നയിച്ചതോടെ മാധ്യമങ്ങളെ വിമർശിക്കുന്നതിലേക്ക് മന്ത്രി കടന്നു. മാധ്യമങ്ങൾ അജണ്ട വെച്ച് ചോദ്യങ്ങളുന്നയിക്കുകയാണെന്നും താൻ കുറേക്കാലമായി ഇതു കാണുകയാണെന്നും മന്ത്രി പറഞ്ഞു. കന്യാസ്ത്രീകൾ കൂട്ടിക്കൊണ്ടുപോയ കുട്ടികൾ ക്രിസ്ത്യാനികളാണെന്ന് അവർ തന്നെ പറയുന്നുണ്ടെന്നും അതിന്‍റെ വോയിസ് ക്ലിപ് കേൾപ്പിക്കാമെന്നും പറഞ്ഞതോടെ, തനിക്ക് ഹിന്ദി അറിയില്ലെന്ന് പറഞ്ഞ് മന്ത്രി ഒഴിഞ്ഞുമാറി.
സംസ്ഥാനം ഭരിക്കുന്നത് ബി.ജെ.പിയാണെന്നും അറസ്റ്റിലേക്ക് നയിച്ചത് ബജ്റംഗ്ദളിന്‍റെ പിന്തുണയോടെയാണെന്നും ചൂണ്ടിക്കാണിച്ച മാധ്യമപ്രവർത്തകരെ മന്ത്രി പരിഹസിച്ചു. കന്യാസ്ത്രീകളെ പിടിച്ചത് ബി.ജെ.പിയല്ല. ടി.ടി.ഇ ആണ് കുട്ടികളെ സംശയാസ്പദമായി കണ്ടെത്തിയത്. കേരളത്തില്‍ മുഖ്യധാരാസഭകള്‍ മതപരിവര്‍ത്തനം നടത്തുന്നില്ല. മതപരിവര്‍ത്തനം നടന്നോ ഇല്ലയോ എന്ന് പറയാനാകില്ല. മന്ത്രി അല്ലാത്തതുകൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായം പറഞ്ഞത്. ഛത്തീസ്ഗഢിലെ കോണ്‍ഗ്രസുകാര്‍ സമരം ചെയ്യാത്തതെന്ത്? പ്രശ്നം പരിഹരിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
“വിഷയം പരിഹരിക്കാനുള്ള ആത്മാർഥമായ ശ്രമം ബി.ജെ.പിയുടെ ഭാഗത്തുനിന്ന് മാത്രമേ ഉണ്ടാകുന്നുള്ളൂ. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നിരന്തരം ഇടപെടുന്നുണ്ട്. അനൂപ് ആന്റണിയെ ആദ്യം ഛത്തീസ്ഗഢിലേക്ക് അയച്ചതും അദ്ദേഹമാണ്. നടപടിക്രമം പൂർത്തിയാക്കാതെ ജാമ്യാപേക്ഷ നൽകിയതിനാലാണ് അത് തള്ളിയത്. മതേതര വാദികളും ക്രിസ്ത്യാനികളുമായ കോൺഗ്രസുകാർ ഇപ്പോൾ അവർക്കുവേണ്ടി രംഗത്തുവന്നിരിക്കുകയാണ്. എന്നാൽ ആറ്റുകാലിൽ പുരോഹിതനെ പി.എഫ്.ഐക്കാർ ഉപദ്രവിച്ചപ്പോൾ ഇവരാരും വന്നില്ല.
കന്യാസ്ത്രീകൾ കൊണ്ടുപോയ പെൺകുട്ടികൾ ക്രിസ്ത്യാനികളാണോ എന്ന കാര്യത്തിൽ തീരുമാനം പറയേണ്ടത് കോടതിയാണ്. കോടതിയിലുള്ള വിഷയത്തിൽ മന്ത്രിയെന്ന നിലയിൽ അഭിപ്രായം പറയുന്നതിൽ പരിമിതിയുണ്ട്. ഡൽഹിയിൽ സമരം ചെയ്യുന്ന കോൺഗ്രസ് എം.പിമാരെ ഛത്തീസ്ഗഢിൽ കാണുന്നില്ലല്ലോ. ക്രിസ്ത്യാനികൾ ബുദ്ധിമുട്ട് നേരിട്ട ഒരുഘട്ടത്തിലും കോൺഗ്രസുകാരെ കണ്ടിട്ടില്ല. ബി.ജെ.പിയെ എല്ലാവർക്കും വിമർശിക്കാം. അതിനുള്ള സ്വാതന്ത്ര്യം മെത്രാന്മാർക്കുമുണ്ട്” -ജോർജ് കുര്യൻ പറഞ്ഞു.
മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ചാണ് ഛത്തീസ്ഗഢില്‍ കേരളത്തില്‍നിന്നുള്ള കന്യാസ്ത്രീകളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. പാർലമെന്‍റിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പിമാർ രംഗത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

