You are here

സിസ്​റ്റർ ലിസി കുര്യന്​ പൊലീസ്​ സംരക്ഷണം നൽകണമെന്ന്​ കോടതി

11:18 AM
19/02/2019

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജ്യോതിഭവൻ മഠത്തിൽനിന്ന്​ രക്ഷപ്പെടുത്തിയ കന്യാസ്ത്രീക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന​്​ കോടതി. ജലന്ധർ ബിഷപ് ഫ്രാങ്കോക്കെതിരെ പൊലീസിന് മൊഴികൊടുത്തതിന് തടങ്കലിലാക്കി ഭീഷണിപ്പെടുത്തുന്നെന്നും ജീവഭയമുണ്ടെന്നുമുള്ള കന്യാസ്ത്രീയുടെ പരാതിയിലാണ് പൂർണ പൊലീസ് സുരക്ഷ നൽകാൻ കോടതി ഉത്തരവായത്. രോഗിയായ മാതാവിനെ കാണുന്നതിന് തൊടുപുഴയിലെ ആശുപത്രിയിൽ പോകാൻ അനുവദിക്കണമെന്നും മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതി മഠം അധികൃതർക്ക് നിർദേശം നൽകി. ഇടുക്കി രാജാക്കാട് സ്വദേശിനി സിസ്​റ്റർ ലിസി കുര്യനാണ് മൂവാറ്റുപുഴ തൃക്ക ജ്യോതിഭവൻ അധികൃതർക്കെതിരെ പൊലീസിനും തുടർന്ന് കോടതിയിലും മൊഴി നൽകിയത്. 

സിസ്​റ്റർ ലിസിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മദർ സുപ്പീരിയർ ഉൾ​െപ്പടെ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സിസ്​റ്ററെ വിജയവാഡയിലേക്ക്​ മാറ്റരുതെന്നും മഠം അധികൃതരോട് കോടതി നിർദേശിച്ചു. തിരുവസ്ത്രം ഉപേക്ഷിക്കാൻ തയാറല്ലെന്ന് അറിയിച്ച ഇവർക്ക് താമസിക്കുന്ന സ്ഥലത്ത് സംരക്ഷണം നൽകാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. വിജയവാഡയിലേക്ക്​ പോകാൻ തയാറല്ലെന്ന് അറിയിച്ച ഇവർക്ക് ജ്യോതിഭവനിൽ താമസിക്കാം. 

ബിഷപ് ഫ്രാങ്കോ പീഡനത്തിന് ഇരയാക്കിയെന്ന വിവരം ഇരയായ കന്യാസ്ത്രീ ആദ്യം തുറന്നുപറഞ്ഞത് സിസ്​റ്റർ ലിസിയോടായിരുന്നു. ഇക്കാര്യം പൊലീസ് മൊഴിയെടുക്കുമ്പോൾ പറഞ്ഞതിനെത്തുടർന്ന് തന്നെ ഫോണിൽ സംസാരിക്കാൻപോലും അനുവദിക്കാതെ പീഡിപ്പിക്കുകയാണെന്നും രോഗിയായ മാതാവിനെ കാണാൻപോലും അനുവദിക്കാത്ത സാഹചര്യമാണെന്നും ഇവർ പൊലീസിനോട്​ പറഞ്ഞു. ഏതാനും ആഴ്ച മുമ്പ് നിർബന്ധം പിടിച്ചതിനെത്തുടർന്ന് മാതാവിനെ കാണാൻ തൊടുപുഴക്ക്​ പോകാൻ അനുവദിച്ചിരുന്നു. അപ്പോഴാണ് സഹോദരങ്ങളോട് താൻ തടങ്കലിലാണെന്നും മറ്റുള്ളവരുമായി ഇടപഴകാനോ പുറത്തുപോകാനോ അനുവദിക്കുന്നില്ലെന്നുമുള്ള കാര്യം പറഞ്ഞത്.

പിന്നീട് സഹോദരിയുമായി ബന്ധപ്പെടാൻ സാധിക്കാതിരുന്നതി​െനത്തുടർന്ന് സഹോദരൻ ജിമി കുര്യൻ ആദ്യം കോട്ടയം പൊലീസ് സ്​റ്റേഷനിലും തുടർന്ന് മൂവാറ്റുപുഴ സ്​റ്റേഷനിലും പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഇവരെ മോചിപ്പിക്കുകയും മൊഴിയെടുക്കുകയും രാത്രിയിൽ കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. കോടതിയിൽ 13 പേജുള്ള രഹസ്യമൊഴിയാണ് നൽകിയിരിക്കുന്നത്.


കന്യാസ്​ത്രീയെ വിജയവാഡയിലേക്ക്​ വിടില്ലെന്ന്​ ബന്ധുക്കൾ
തൊടുപുഴ: മൂവാറ്റുപുഴ വാഴപ്പിള്ളി തൃക്ക ജ്യോതിർഭവനിൽനിന്ന്​ പൊലീസ്​ മോചിപ്പിച്ച സിസ്​റ്റർ ലിസി കുര്യനെ വിജയവാഡയിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്ന്​ ബന്ധുക്കൾ. സിസ്​റ്ററുടെ സുരക്ഷയിൽ ആശങ്കയുണ്ട്. അവിടെ സുരക്ഷ കിട്ടുമോയെന്ന് ഉറപ്പില്ല. കോടതി നിർദേശം അനുസരിച്ച് മുന്നോട്ടുപോകും. സംഭവം മാധ്യമങ്ങളിൽ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും കന്യാസ്​​ത്രീയുടെ കുടുംബം പ്രതികരിച്ചു. 

പീഡനപരാതിയിൽ ബിഷപ് ഫ്രാങ്കോ മുളയ്​ക്കലിനെതിരെ മൊഴി നൽകിയതോടെ കന്യാസ്​​ത്രീയെ തൃക്കയിലെ മഠത്തിൽനിന്ന്​ വിജയവാഡയിലേക്ക് മാറ്റിയിരുന്നു. പിന്നീട് രോഗിയായ മാതാവിനെ കാണിക്കാൻ രണ്ടു കന്യാസ്ത്രീകൾക്കൊപ്പം തൊടുപുഴയിലേക്ക് വിട്ടു. ഇവിടെ നിന്ന്​ മടങ്ങിയ ശേഷം ഒരു വിവരവുമില്ലാതായി. ഇതോടെയാണ് സഹോദരൻ പൊലീസിൽ പരാതി നൽകിയത​്​​. പൊലീസ് ​കോടതിയിൽ ഹാജരാക്കിയ കന്യാസ്​​ത്രീയെ പിന്നീട്​ തൊടുപുഴയിൽ മാതാവ്​ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ എത്തിച്ചു.


കന്യാസ്ത്രീ പീഡനം: സിസ്​റ്റർ ലിസിയെ തടവിലാക്കിയവരെ അറസ്​റ്റ്​ ചെയ്യണം -എസ്.ഒ.എസ്
കൊച്ചി: കന്യാസ്ത്രീ പീഡനക്കേസിൽ പ്രധാന സാക്ഷിയായ സിസ്​റ്റർ ലിസി വടക്കേലിനെ തടങ്കലിലാക്കി ഭീഷണിപ്പെടുത്തുകയും തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിൽക്കുകയും ചെയ്ത മദർ ജനറാൾ ആൻ ജോസഫ്, എഫ്.സി.സി പ്രൊവിൻഷ്യൽ സി.അൽഫോൻസ എബ്രഹാം, മറ്റു കൗൺസിലർ സിസ്​റ്റർമാർ എന്നിവർക്കെതിരെ കേസെടുക്കണമെന്ന് സേവ് അവർ സിസ്​റ്റേഴ്സ് (എസ്.ഒ.എസ്) ആക്​ഷൻ കൗൺസിൽ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 

പരാതിക്കാരിയെയും സാക്ഷികളെയും സമൂഹമധ്യത്തിലും മാധ്യമങ്ങളിലൂടെയും പരസ്യമായി അപമാനിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള തന്ത്രത്തി​െൻറ ഭാഗമായാണ്. ഇക്കാര്യത്തിലും തെളിവ് നശിപ്പിക്കുന്നതിലും ഫ്രാങ്കോ മുളയ്ക്കലിന്​ പങ്കുണ്ടെങ്കിൽ ജാമ്യം റദ്ദാക്കണം. കേസ്​ വിചാരണ പൂർത്തിയാവുന്നതുവരെ എല്ലാ സാക്ഷികൾക്കും സംരക്ഷണം ഉറപ്പുവരുത്തണം. ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കുമെന്നും നടപടിയുണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. എസ്.ഒ.എസ് കൺവീനർ ഫെലിക്സ് ജെ.പുല്ലൂടൻ, ജോ.കൺവീനർ ഷൈജു ആൻറണി, അഡ്വ.ഭദ്ര, പ്രഫ.സൂസൻ ജോൺ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. 

Loading...
COMMENTS