ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി സമ്മാനം തട്ടിയെന്ന്
text_fieldsകല്ലടിക്കോട്: തച്ചമ്പാറയിൽ ലോട്ടറിയുടെ നമ്പർ തിരുത്തി സമ്മാനത്തുക തട്ടിയെടുത്തതായി പരാതി. നടന്നു ലോട്ടറിവിൽപന നടത്തുന്ന മാധവൻ എന്ന ലോട്ടറി തൊഴിലാളിയെ ആണ് കബളിപ്പിച്ചത്. തിങ്കളാഴ്ച വൈകുന്നേരം തച്ചമ്പാറ താഴെയാണ് സംഭവം. തിങ്കളാഴ്ച നറുക്കെടുത്ത വിൻവിൻ ലോട്ടറിയുടെ ഏഴാം സമ്മാനമായ 500 രൂപക്ക് അർഹമായ നമ്പർ തിരുത്തിയാണ് തട്ടിപ്പു നടത്തിയത്.
5484 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്. എന്നാൽ KU 445485 എന്ന ലോട്ടറി ടിക്കറ്റിലെ ആറാമത്തെ അക്കമായ അഞ്ച് തിരുത്തി നാല് ആക്കിയാണു തട്ടിപ്പ് നടത്തിയത്. രണ്ടാഴ്ച മുമ്പ് തച്ചമ്പാറ സ്കൂൾ പരിസരത്ത് നിന്നു സമാന രീതിയിൽ തട്ടിപ്പ് നടത്തിയിരുന്നു. രണ്ടു സംഭവങ്ങളിലും നീല സ്കൂട്ടറിൽ വന്ന വ്യക്തിയാണ് തട്ടിപ്പ് നടത്തിയത്. പ്രായം ചെന്നവരെയും ഭിന്നശേഷിക്കാരെയും ലക്ഷ്യം െവച്ചാണ് ഇത്തരക്കാർ തട്ടിപ്പ് നടത്തുന്നത്.