ശരീരഭാഗങ്ങളുടെ എണ്ണം മരിച്ചവരുടെ എണ്ണമാക്കുന്നത് ശരിയല്ല -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 225 മരണമാണ് സ്ഥിരീകരിച്ചതെന്നും ലഭിച്ച ശരീര ഭാഗങ്ങളുടെ എണ്ണം മരിച്ചവരുടെ എണ്ണമായി പറയുന്നത് ശാസ്ത്രീയമായി ശരിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
മേപ്പാടിയില്‍നിന്ന് 148ഉം നിലമ്പൂരിൽനിന്ന് 77ഉം മൃതദേഹങ്ങള്‍ ലഭിച്ചു. ഇതിനു പുറമെ, മേപ്പാടിയില്‍നിന്ന് 30, നിലമ്പൂരിൽനിന്ന് 165 എന്നിങ്ങനെ 195 ശരീരഭാഗങ്ങളും കണ്ടെത്തി. ശരീരഭാഗങ്ങള്‍ 90 ശതമാനമോ അതിനു മുകളിലോ ഉണ്ടെങ്കില്‍ അത് ഒരു മൃതദേഹമായി കണക്കാക്കും. അതില്‍ കുറവാണെങ്കില്‍ അതിനെ ശരീരഭാഗമായാണ് കണക്കാക്കുക. ഒരാളുടെ ശരീരഭാഗങ്ങള്‍ വ്യത്യസ്ത പ്രദേശങ്ങളില്‍നിന്ന് ലഭിക്കാന്‍ സാധ്യതയുണ്ട്.
തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ ഭാഗങ്ങളും പ്രത്യേകമായി കിട്ടിയിട്ടുണ്ടാകാം. ഇതെല്ലാം തിരിച്ചറിയുക പ്രയാസമാണ്. എല്ലാ മൃതദേഹങ്ങളുടെയും സാമ്പ്ള്‍ ഡി.എന്‍.എ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഫലം വന്ന ശേഷം മാത്രമേ എണ്ണം കണക്കാക്കാനാകൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.
പൂർത്തിയാക്കിയത് 420 പോസ്റ്റ്മോർട്ടം
തിരുവന്തപുരം: ഉരുൾപൊട്ടലിൽ 225 മൃതദേഹങ്ങളും 195 ശരീരഭാഗങ്ങളും ചേര്‍ത്ത് 420 പോസ്റ്റ്മോര്‍ട്ടങ്ങള്‍ പൂർത്തിയാക്കിയതായി മുഖ്യമന്ത്രി. ഏഴ് ശരീരഭാഗങ്ങള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചു. 178 മൃതദേഹങ്ങളും രണ്ട് ശരീരഭാഗങ്ങളും ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. 47 മൃതദേഹങ്ങളും 186 ശരീരഭാഗങ്ങളും ചേര്‍ത്ത് ആകെ 233 സംസ്കാരങ്ങളാണ് നടന്നത്.
ഉരുള്‍പൊട്ടല്‍ സംഭവിച്ച മേഖലയില്‍ മേപ്പാടിയിൽ 14 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 641 കുടുംബങ്ങളാണ് ഇവിടെയുള്ളത്. അതില്‍ 735 പുരുഷന്മാരും 743 സ്ത്രീകളും 464 കുട്ടികളും അടക്കം 1942 പേരാണ് ഉള്ളത്. ക്യാമ്പുകളില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കാന്‍ 91 സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.