ആഗോള അയ്യപ്പസംഗമത്തിൽ എൻ.എസ്.എസ് പങ്കെടുക്കും; പ്രതിനിധിയെ അയക്കും
text_fieldsസുകുമാരൻ നായർ
ആലപ്പുഴ: ആഗോള അയ്യപ്പസംഗമത്തിൽ എൻ.എസ്.എസ് പങ്കെടുക്കും. പരിപാടിയിലേക്ക് പ്രതിനിധിയെ അയക്കാൻ സംഘടന തീരുമാനിച്ചു. രാഷ്ട്രീയക്കാരെ പരിപാടിയിൽ നിന്ന് മാറ്റിനിർത്തണമെന്ന എൻ.എസ്.എസ് ആവശ്യം അംഗീകരിച്ചതിനെ തുടർന്നാണ് സംഗമത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്ന് സംഘടന വ്യക്തമാക്കി. എൻ.എസ്.എസിന് പുറമേ എസ്.എൻ.ഡി.പിയും സംഗമത്തിന് പിന്തുണ അറിയിച്ചിരുന്നു. എന്നാൽ, സംഗമത്തിന് എതിരായ നിലപാടാണ് കോൺഗ്രസും ബി.ജെ.പിയും സ്വീകരിച്ചത്.
ആഗോള അയ്യപ്പസംഗമം സെപ്റ്റംബര്‍ 20ന് പമ്പ തീരത്ത് സംഘടിപ്പിക്കുമെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നായി 3000 പ്രതിനിധികള്‍ അണിചേരും. കേന്ദ്ര മന്ത്രിമാര്‍, മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാരടക്കം പങ്കെടുക്കും. ചരിത്രത്തിലാദ്യമായാണ് ഇത്രയും പ്രതിനിധികളെ പങ്കെടുപ്പിച്ച് അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത്. ശബരിമലയുടെ പ്രശസ്തി വ്യാപിപ്പിച്ച് ആഗോള തീർഥാടനകേന്ദ്രമാക്കി ഉയര്‍ത്തുകയാണ് സംഗമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കി.
ലോകമെങ്ങുമുള്ള അയ്യപ്പന്‍മാരെ കേള്‍ക്കാനുള്ള അവസരമാണിതെന്ന് മന്ത്രി പറഞ്ഞു. പത്തനംതിട്ട നഗരം കേന്ദ്രീകരിച്ച് ജില്ല ഭരണകൂടത്തിന്റെ കീഴില്‍ പ്രധാന സ്വാഗതസംഘം ഓഫിസ് തുറക്കും. പമ്പ, പെരുനാട്, സീതത്തോട് എന്നിവിടങ്ങളിലും സ്വാഗതസംഘം ഓഫിസുണ്ടാകും. പ്രതിനിധികളെ സ്വീകരിക്കാന്‍ കെ.എസ്.ആര്‍.ടി.സി സൗകര്യം ഏര്‍പ്പെടുത്തും. പ്രതിനിധികള്‍ക്ക് ദര്‍ശനത്തിനുള്ള അവസരമൊരുക്കും. പമ്പയിലടക്കമുള്ള ആശുപത്രികളില്‍ ആധുനിക ചികത്സ സൗകര്യം ഉറപ്പാക്കും. 1300 കോടിയുടെ ശബരിമല മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി. 2028ല്‍ ശബരിമല വിമാനത്താവളം കമീഷന്‍ ചെയ്യാനാണ് ഉദ്ദേശ്യം. വിവിധ സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തുന്നതായും മന്ത്രി അറിയിച്ചു.
ശബരിമല ചരിത്രത്തിലെ പുതിയ അധ്യായമാകും ആഗോള അയ്യപ്പസംഗമമെന്ന് കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എയും പറഞ്ഞു. ഓരോവര്‍ഷവും ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണം വര്‍ധിക്കുകയാണെന്നും അയ്യപ്പസംഗമത്തിലൂടെ പ്രസക്തി കൂടുതല്‍ ഉയരുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
അതേസമയം, അയ്യപ്പസംഗമം ഭൂരിപക്ഷ പ്രീണനമാണെന്ന വിമർശനമാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉയർത്തിയത്. അയ്യപ്പ സംഗമം രാഷ്ട്രീയനാടകമെന്നാരോപിച്ച് ബി.ജെ.പി രംഗത്തുവന്നിരുന്നു. വോട്ടുബാങ്ക് ലക്ഷ്യമിട്ടുളളതാണെന്നും തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് സംഗമം സംഘടിപ്പിക്കുന്നത് രാഷ്ട്രീയ നാടകമാണെന്നുമാണ് പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

