‘ഇത് സുരേഷ് ഗോപിക്കോ ഉപരാഷ്ട്രപതിക്കോ എതിരായ ജാഥയല്ല, സുകുമാരൻ നായർക്ക് ഞങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുന്നതാണ്’ -അപവാദ പ്രചാരണങ്ങൾക്കെതിരെ എൻ.എസ്.എസ് റാലി
text_fieldsതിരുവനന്തപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങൾക്കെതിരെ തിരുവനന്തപുരം താലൂക്ക് യൂണിയൻ നേതൃത്വത്തിൽ ഐക്യദാർഢ്യ റാലി നടത്തി. ഇത് സുരേഷ് ഗോപിക്കോ ഉപരാഷ്ട്രപതിക്കോ മുഖ്യമന്ത്രിക്കോ എതിരെയല്ലെന്ന് എൻ.എസ്.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സംഗീത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. വൈകീട്ട് നാലിന് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് തുടങ്ങിയ പ്രകടനം സെക്രട്ടേറിയറ്റിന് സമീപം സമാപിച്ചു.
‘പൊതുസമൂഹത്തിൽ നിന്നും കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് നായർ സർവിസ് സൊസൈറ്റിക്കും അതിന്റെ ബഹുമാന്യനായ ജനറൽ സെക്രട്ടറിക്കും എതിരെ ചില പരാമർശങ്ങൾ ഉണ്ടായി. ഇതൊരു പ്രതിഷേധ പ്രകടനമേ അല്ല. ഇത് ഞങ്ങളുടെ നായർ സർവിസ് സൊസൈറ്റിയുടെ പ്രിയങ്കരനായ, ബഹുമാന്യനായ ജനറൽ സെക്രട്ടറിക്ക് ഞങ്ങളുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ജാഥയാണ്. അത്രയേ ഉള്ളൂ’ -അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപി എം.പിയും ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനുമാണ് അദ്ദേഹത്തിനെതിരെ പ്രധാനമായും വിമർശനം ഉന്നയിച്ചത് എന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, ‘ഞങ്ങൾ സുരേഷ് ഗോപിയെയോ ഉപരാഷ്ട്രപതിയെയോ ഒന്നും പറയുന്നില്ല. ജനറൽ സെക്രട്ടറിക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് ഞങ്ങളുടെ സ്നേഹം പ്രകടിപ്പിച്ച് നടത്തുന്ന ജാഥയാണ്’ -എന്നായിരുന്നു മറുപടി. ‘ഈ റാലി ഒരു വ്യക്തിക്കും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും എതിരല്ല. അപവാദ പ്രചരണങ്ങൾക്കെതിരെ മാത്രമാണ്’ -അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം എൻ.എസ്.എസ് ഡൽഹി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ഡൽഹിയിൽ നിർമ്മിച്ച മന്നം സ്‌മൃതി മണ്ഡപത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്‌ണനും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ രൂക്ഷമായി വിമർശിച്ചിരുന്നു. 'നിങ്ങളാണ് എല്ലാമെന്ന് വിചാരിക്കരുത്. നിങ്ങൾ ഇപ്പോൾ എല്ലാമായിരിക്കുന്നത് മന്നത്ത് പത്മനാഭന്റെ സംഭാവനകൾ കാരണമാണ്.. അദ്ദേഹത്തിന്റെ പാരമ്പര്യം തുടർന്നു കൊണ്ടു പോകുന്ന ഉപകരണം മാത്രമാണ് നമ്മൾ. ഞാൻ പ്രസിഡന്റാണ്, ജനറൽ സെക്രട്ടറിയാണെന്ന് പറഞ്ഞ്, മന്നം സമാധിയിലേക്ക് ഇന്നയാൾ വരരുതെന്ന് നിലപാടെടുക്കാനാകില്ല. മഹത്തായ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നത് വലിയ സാമ്പത്തിക ശേഷി കൊണ്ടല്ല, പ്രതിബദ്ധത കൊണ്ടാണെന്ന് മന്നത്ത് പത്മനാഭൻ വിശ്വസിച്ചിരുന്നു’- എന്നായിരുന്നു ഉദ്ഘാടന പ്രസംഗത്തിൽ ഉപരാഷ്ട്രപതി പറഞ്ഞത്.
പെരുന്ന ശുദ്ധീകരിക്കപ്പെടുമെന്ന് ചടങ്ങിനു ശേഷം മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി സുരേഷ് ഗോപി പറഞ്ഞു. ഒന്നുകിൽ ഇപ്പോൾ അവിടെ ഇരിക്കുന്നവർ ശുദ്ധീകരിക്കും. അല്ലെങ്കിൽ സ്വയം ശുദ്ധീകരിക്കപ്പെടും. തെരഞ്ഞെടുപ്പിന് ശേഷം വലിയ ശുദ്ധി നടന്നു. പെരുന്നയ്‌ക്ക് ബദൽ കണ്ടെത്തണം. ഡൽഹിയിലെ മണ്ഡപം ബദലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്‌ണന് പെരുന്ന മന്നം സമാധിയിൽ പുഷ്‌പാർച്ചന നടത്താൻ അനുമതി നൽകിയിരുന്നില്ല. 2015ൽ എൻ.എസ്.എസ് ആസ്ഥാനത്തെത്തിയ സുരേഷ് ഗോപിയെ കാണാൻ സുകുമാരൻ നായർ വിസമ്മതിച്ചിരുന്നു.
കൂടാതെ, മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നതായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കഴിഞ്ഞദിവസം ആവര്‍ത്തിച്ചിരുന്നു. സുകുമാരന്‍ നായര്‍ക്ക് കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചു എന്നതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹവുമായി സംസാരിച്ചിരുന്നു എന്നും മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു ജി. സുകുമാരൻ നായരുടെ പ്രതികരണം.
മുഖ്യമന്ത്രി തന്നെ കാണുമെന്ന് പറയുന്നത് ഇനി ഫോട്ടോയില്‍ മാത്രമായിരിക്കുമെന്നും ബജറ്റിന്റെ തിരക്കായത് കൊണ്ടാണ് കാണാന്‍ കഴിയാതിരുന്നതെങ്കില്‍ അന്ന് തന്നെ അതേക്കുറിച്ച് പറയാമായിരുന്നുവെന്നും സുകുമാരൻ നായർ പറഞ്ഞു. ‘നേരിട്ട് കണ്ട് താന്‍ പറയാനിരുന്ന കാര്യം കഴിഞ്ഞു. ഇപ്പോള്‍ ന്യായീകരണം പറയുന്നതില്‍ കാര്യമില്ല. തനിക്ക് ഇനി ആരേയും കാണേണ്ടതില്ല. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ എന്‍.എസ്.എസ് നേതൃത്വം അനുമതി തേടിയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് തിരിച്ചുവിളിച്ചിരുന്നു. എന്നാല്‍, കാണാനുള്ള തീയതിയോ സമയമോ അറിയിച്ചില്ല’ -എന്നും സുകുമാരന്‍നായര്‍ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

