സന്തോഷത്തോടെ കാറിൽ കയറി ടാറ്റാ പറഞ്ഞു പോയിട്ട് ഇപ്പോൾ പരാതി പറയുന്നതിൽ ദുഷ്ട്ട ലാക്കുണ്ട്; ബംഗാൾ ഗവർണർക്ക് മറുപടിയുമായി എൻ.എസ്.എസ്
text_fieldsമന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ തന്നെ അനുവദിച്ചില്ലെന്ന വിമർശനമുന്നയിച്ച ബംഗാൾ ഗവർണർ സി.വി. ആനന്ദബോസിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി എൻ.എസ്.എസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എൻ.എസ്.എസ് നേതൃത്വത്തിന്റെ മറുപടി.
ഡൽഹിയിൽ മന്നം ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു ജി. സുകുമാരൻ നായരെ പേരെടുത്തു പറയാതെ ആനന്ദബോസിന്റെ ആരോപണം.
വളരെ വിചിത്രമായ വിവാദമാണിതെന്നും ബംഗാൾ ഗവർണർ പെരുന്നയിൽ എത്തിയപ്പോൾ യഥാവിധി സ്വാഗതം ചെയ്തുവെന്നും വളരെ നല്ല രീതിയിലാണ് അദ്ദേഹം മടങ്ങിയതെന്നുമാണ് എൻ.എസ്.എസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നത്. അങ്ങനെയുള്ള ഒരാൾ തന്നെ മന്നം സമാധിയിൽ കൊണ്ടുപോയി സന്ദർശനം നടത്തിയില്ല എന്ന് പരാതി പറയുന്നതിൽ അർഥമില്ലെന്നും അത്തരമൊരു ആവശ്യവും അദ്ദേഹം ഉന്നയിച്ചിട്ടില്ലെന്നും എൻ.എസ്.എസ് ചൂണ്ടിക്കാട്ടി. സന്തോഷത്തോടെ ടാറ്റാ പറഞ്ഞുപോയിട്ട് ഇപ്പോൾ മറ്റൊരു വേദിയിൽ പരാതി പറയുന്നതിൽ ദുഷ്ടലാക്കുണ്ടെന്നും പോസ്റ്റിൽ എൻ.എസ്.എസ് നേതൃത്വം വിമർശിച്ചു. ആനന്ദബോസിന്റെ സന്ദർശനത്തിന്റെ ഫോട്ടോകളും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഈ ഫോട്ടോകൾ കഥ പറയും.
വളരെ വിചിത്രമായ ഒരു വിവാദവുമായി പെരുന്നയിലെ മന്നത്താചര്യന്റെ സമാധി മണ്ഡപത്തേക്കുറിച്ച് ഇപ്പോൾ വന്നിരിക്കുന്നു. അതായത് മുൻപെങ്ങോ ബംഗാളിന്റെ ഗവർണർ പെരുന്ന സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന് പെരുന്നയിലുള്ളവർ സമാധി സ്ഥലം സന്ദർശിക്കാൻ സാഹചര്യം ഒരുക്കിയില്ലെന്നാണ് വിവാദം. ഈ മാന്യദേഹം അവിടെ എത്തിയപ്പോൾ അദ്ദേഹത്തെ യഥാവിധി സ്വാഗതം ചെയ്യുകയും, അരമണിക്കൂറോളം കൂടിക്കാഴ്ച നടക്കുകയും, ചില പുസ്തകങ്ങൾ പരസ്പരം കൈമാറുകയും, ഫോട്ടോ എടുക്കുകയും, തുടർന്ന് യാത്രയാക്കാൻ കാറിന്റെ അടുത്തെത്തി ഡോർ തുറന്നു നൽകി അദ്ദേഹത്തെ യാത്രയാക്കുകയും ചെയ്തതാണ്. അദ്ദേഹം തന്നെ അതു പറയുന്നുമുണ്ട്. ആ ആൾ തന്നെ മന്നം സമാധിയിൽ കൊണ്ടുപോയി സന്ദർശനം നടത്തിയില്ല എന്ന് പരാതി പറയുന്നതിൽ എന്തർത്ഥം??
വാസ്തവത്തിൽ അത്തരം ഒരാവശ്യം അദ്ദേഹം അറിയിക്കുകയോ, അല്ലെങ്കിൽ പ്രകടിപ്പിക്കുകയോ ചെയ്തില്ല. അറിയിച്ചിട്ടും അതനുവദിച്ചില്ലെങ്കിൽ പരാതിയിൽ എന്തെങ്കിലും കഴമ്പുണ്ടെന്നു തോന്നാം. അതൊന്നുമില്ലാതെ സന്തോഷത്തോടെ കാറിൽ കയറി ടാറ്റാ പറഞ്ഞു പോയിട്ട് ഇപ്പോൾ വേറൊരു വേദിയിൽ പരാതി പറയുന്നതിൽ ദുഷ്ട്ട ലാക്കുണ്ട്. ഒരുപക്ഷെ പെരുന്നയിൽ നിന്നും പോയശേഷമായിരിക്കും അതേക്കുറിച്ച് ചിലപ്പോൾ ഓർത്തത് തന്നെ.
ഏതായാലും വർഷങ്ങൾക്കു മുൻപ് നടന്ന സംഭവം ഇപ്പോൾ വിവാദമാക്കിയതിനു പിന്നിൽ അല്പം കുബുദ്ധിയുണ്ട് എന്നത് സമുദായ നേതൃത്വവും, അംഗങ്ങളും മനസിലാക്കുണ്ട്. മന്നംസമാധിയിൽ സമർപ്പിക്കുന്നത് എന്താണെന്നുപോലും മാന്യദ്ദേഹത്തിന് അറിയില്ലെങ്കിൽ അത് ആരുടെ കുറ്റമാണ്.കഥ തുടരട്ടെ. ഇനിയും ഇത്തരം പല നാടകങ്ങളും പ്രതീക്ഷിക്കാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

