Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'സദാചാര വിരുദ്ധൻ',...

'സദാചാര വിരുദ്ധൻ', 'എൻ.എസ്.എസ് ബോർഡിലിരുന്ന് മറ്റൊരു മതത്തിൽ വിശ്വസിച്ചു'; ഗണേഷ് കുമാറിനെതിരെ എൻ.എസ്.എസ്

text_fields
bookmark_border
സദാചാര വിരുദ്ധൻ, എൻ.എസ്.എസ് ബോർഡിലിരുന്ന് മറ്റൊരു മതത്തിൽ വിശ്വസിച്ചു; ഗണേഷ് കുമാറിനെതിരെ എൻ.എസ്.എസ്
cancel

നായർ സർവ്വീസ് സൊസൈറ്റിയേയും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെയും പരസ്യമായി അധിക്ഷേപിച്ചതിന് മുൻമന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി കൊട്ടാരക്കര താലൂക്ക് എൻ.എസ്.എസ് യൂണിയൻ. സംഘടനയെയും സമുദായ നേതൃത്വത്തെയും അവഹേളിച്ച ഗണേഷ് കുമാറിന് എൻ.എസ്.എസ് കരയോഗത്തിൽ അംഗമായി തുടരാൻ യാതൊരു അർഹതയുമില്ലെന്നും, അദ്ദേഹം ഉടൻ രാജിവെക്കുകയോ അല്ലെങ്കിൽ നിയമനടപടികളിലൂടെ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം താലൂക്ക് യൂണിയന്റെ പൊതുയോഗം പാസാക്കി.

എൻ.എസ്.എസ് എന്ന മഹാപ്രസ്ഥാനത്തിന്റെ തണലിലും പിന്തുണയിലുമാണ് ആർ. ബാലകൃഷ്ണപിള്ളയുടെ കുടുംബം അധികാരസ്ഥാനങ്ങളിൽ എത്തിയതെന്നും രാഷ്ട്രീയത്തിൽ സർവ്വതും നേടിയതെന്നും പ്രമേയം ഓർമിപ്പിക്കുന്നു. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ കാലയളവിൽ മതിയായ ആഹാരം പോലും ലഭിക്കാതെ ബുദ്ധിമുട്ടിയ ബാലകൃഷ്ണപിള്ളയ്ക്ക് അന്ന് തുണയായത് ജി. സുകുമാരൻ നായരുടെ ഇടപെടലായിരുന്നു.

എന്നാൽ അക്കാലയളവിൽ മകനായ ഗണേഷ് കുമാർ എവിടെയായിരുന്നുവെന്ന് പൊതുസമൂഹത്തിന് നന്നായി അറിയാമെന്നും പ്രമേയം വിമർശിക്കുന്നു. യു.ഡി.എഫ് ഭരണകാലത്ത് അച്ഛന് താല്പര്യമില്ലാതിരുന്നിട്ടും ഗണേഷ് കുമാറിന് പ്രധാന വകുപ്പുകൾ നൽകി മന്ത്രിയാക്കുന്നതിന് മുൻകൈ എടുത്തതും എൻ.എസ്.എസ് ജനറൽ സെക്രട്ടറിയാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ മൂന്ന് വർഷം എൻ.എസ്.എസ് ഡയറക്ടർ ബോർഡിൽ ഉണ്ടായിരുന്ന സമയത്ത് ഗണേഷ് കുമാർ നടത്തിയ സദാചാര വിരുദ്ധവും സംസ്കാര ശൂന്യവുമായ പ്രവർത്തികളെയും പ്രമേയം നിശിതമായി വിമർശിക്കുന്നു. സനാതന ധർമ്മത്തിനും ഹൈന്ദവ ക്ഷേത്ര വിശ്വാസങ്ങൾക്കും പ്രാധാന്യം നൽകുന്ന പ്രസ്ഥാനത്തിന്റെ അമരത്തിരുന്ന് ഗണേഷ് കുമാർ മറ്റൊരു മതത്തിൽ വിശ്വസിക്കുകയും ആരാധന നടത്തുകയും ചെയ്തു.

ഇത്തരം വീഴ്ചകൾക്ക് പൊതുസമൂഹം നൽകിയ മറുപടിയാണ് പത്തനാപുരത്തെ അദ്ദേഹത്തിന്റെ പരാജയമെന്നും യോഗം വിലയിരുത്തി. സ്വന്തം താലൂക്ക് യൂണിയനിലെ സഹപ്രവർത്തകരെ അവഹേളിക്കുകയും ഉപദ്രവിക്കുകയും ചെയ്തതിനെത്തുടർന്നാണ് മുൻപ് ഭാരവാഹികൾ രാജിവെച്ചത്. ഇതേത്തുടർന്ന് പത്തനാപുരം താലൂക്ക് യൂണിയൻ ഭരണം എൻ.എസ്.എസ് രജിസ്ട്രാർ ഏറ്റെടുക്കേണ്ടി വന്ന വസ്തുത മറച്ചുവെച്ചുകൊണ്ട്, ഗണേഷ് കുമാർ സമുദായത്തെ വികലമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും യൂണിയൻ ആരോപിച്ചു.

ചില കുലംകുത്തികളെ കൂട്ടുപിടിച്ച് സംഘടനയെ ഇല്ലാതാക്കാമെന്നാണ് ഗണേഷ് കുമാർ കരുതുന്നതെങ്കിൽ അദ്ദേഹം ജീവിക്കുന്നത് വിഡ്ഢികളുടെ ലോകത്താണെന്ന് പ്രമേയം മുന്നറിയിപ്പ് നൽകുന്നു. സമുദായത്തെയും നേതൃത്വത്തെയും അവഹേളിക്കുന്ന ഗണേഷ് കുമാർ എൻ.എസ്.എസിൽ നിന്നും പുറത്തുപോകാൻ തയ്യാറാകണം.

കഴിഞ്ഞ 64 വർഷമായി എൻ.എസ്.എസിനെ അഴിമതിരഹിതമായും സുതാര്യമായും നയിക്കുന്ന ജി. സുകുമാരൻ നായർക്കെതിരെയുള്ള നീചമായ നീക്കങ്ങളെ അപലപിച്ചുകൊണ്ട്, താലൂക്കിന് കീഴിലെ 150 കരയോഗങ്ങളുടെയും യൂണിയൻ്റെയും പൂർണ ഐക്യദാർഢ്യം എൻ.എസ്.എസ് നേതൃത്വത്തിനും ജി. സുകുമാരൻ നായർക്കും പ്രഖ്യാപിച്ചുകൊണ്ടാണ് പ്രമേയം അവതരിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NSSkottarakkarasukumaran nairKB Ganesh Kumar
News Summary - NSS Demands KB Ganesh Kumar's Ouster
Next Story