എൻ.എസ്.എസ് തീരുമാനം: സംഘ്പരിവാർ സംഘടനകൾക്ക് തിരിച്ചടി
text_fieldsFile Photo
കോട്ടയം: ശബരിമല യുവതീ പ്രവേശന വിഷയം പോലെ സ്പീക്കർ എ.എൻ. ഷംസീറിന്റെ മിത്ത് വിവാദവും രാഷ്ട്രീയ ആയുധമാക്കാനുള്ള സംഘ്പരിവാർ സംഘടനകളുടെ നീക്കം എൻ.എസ്.എസിന്റെ തീരുമാനത്തോടെ പാളി. പ്രത്യക്ഷസമരത്തിലേക്ക് നീങ്ങേണ്ടെന്നും ഹിന്ദുസംഘടനകൾക്കൊപ്പം നിലകൊള്ളേണ്ടെന്നും എൻ.എസ്.എസ് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചതാണ് സംഘ്പരിവാർ സംഘടനകളുടെ മനക്കോട്ട തകർത്തത്. മുമ്പ് ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നാമജപ ഘോഷയാത്രയുമായി എൻ.എസ്.എസ് രംഗത്തിറങ്ങിയത് ബി.ജെ.പി ഉൾപ്പെടെ സംഘ്പരിവാർ ശക്തികൾ മുതലെടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, അത് രാഷ്ട്രീയ ലാഭമായത് യു.ഡി.എഫിനായിരുന്നെന്ന് മാത്രം.
ഷംസീറിന്റെ മിത്ത് പ്രസ്താവനക്കെതിരെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പരസ്യപ്രസ്താവന നടത്തുകയും വിശ്വാസ സംരക്ഷണ ദിനാചരണം പ്രഖ്യാപിച്ചതും സംഘ്പരിവാർ പ്രസ്ഥാനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകിയിരുന്നു. വിശ്വാസ സംരക്ഷണത്തിന് ഹിന്ദുസംഘടനകൾക്കൊപ്പം നിലകൊള്ളുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനംകൂടി വന്നപ്പോൾ ലഡുപൊട്ടി. വിശ്വാസ സംരക്ഷണ ദിനാചരണ ഭാഗമായി തിരുവനന്തപുരത്ത് നാമജപഘോഷയാത്ര കൂടി നടത്തിയപ്പോൾ ഈ പ്രക്ഷോഭം ആ രീതിയിലേക്ക് കൊണ്ടുപോകാനാകുമെന്ന് അവർ പ്രതീക്ഷിച്ചു. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി. മുരളീധരനും ഉൾപ്പെടെ ബി.ജെ.പി നേതാക്കൾ വാർത്തസമ്മേളന പരമ്പരകളുമായി നിറഞ്ഞു.
ആർ.എസ്.എസ്, വി.എച്ച്.പി നേതാക്കളാകട്ടെ അൽപം കൂടി കടന്നു. പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് അവർ ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത്. ശബരിമല പോലെ പ്രക്ഷോഭമായിരുന്നു അവരുടെ മനസ്സിൽ. എന്നാൽ, എൻ.എസ്.എസിന്റെ ആവശ്യം സർക്കാറും സി.പി.എമ്മും അംഗീകരിക്കാതെ വരുകയും നാമജപ ഘോഷയാത്ര നടത്തിയവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തതോടെ നീക്കം പാളി. അത്തരത്തിലൊരു സാഹചര്യം എൻ.എസ്.എസും പ്രതീക്ഷിച്ചിരുന്നില്ല. എല്ലാ രണ്ടാം ശനിയാഴ്ചയും ചേരുന്ന എൻ.എസ്.എസ് ഡയറക്ടർ ബോർഡ് യോഗം പെട്ടെന്ന് വിളിച്ചപ്പോൾ സംഘ്പരിവാർ ശക്തികളും പ്രതീക്ഷയിലായിരുന്നു.
എന്നാൽ, ആ പ്രതീക്ഷകളാണ് ഞായറാഴ്ച ചേർന്ന യോഗത്തിൽ പൊലിഞ്ഞത്. എൻ.എസ്.എസ് പിന്തുടർന്ന് വരുന്ന സമദൂരനിലപാടിൽ മാറ്റം വരുത്തരുതെന്നും നേതൃത്വത്തിന്റെ പ്രസ്താവന ആ തോന്നലുണ്ടാക്കിയെന്നും അത്തരം അവസരം നൽകരുതെന്നുമുള്ള അഭിപ്രായം യോഗത്തിലുണ്ടായതായാണ് വിവരം. കെ.ബി. ഗണേഷ് കുമാർ എം.എൽ.എ ഉൾപ്പെടെയുള്ളവരുടെ ഇടപെടൽ ഈ നിലപാടിലേക്ക് എത്താൻ എൻ.എസ്.എസിനെ പ്രേരിപ്പിച്ചതായാണ് വിവരം. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് എൻ.എസ്.എസ് വ്യക്തമാക്കുമ്പോൾ സംഘ്പരിവാർ സംഘടനകൾ എന്ത് ചെയ്യുമെന്നാണ് ഇനി കാണേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

