സ്ത്രീധന സമ്പ്രദായം അവസാനിപ്പിക്കാൻ എൻ.എസ്.എസ് മുൻകൈയെടുക്കണം –ഗൗരി ലക്ഷ്മി ബായി
text_fields
ചങ്ങനാശ്ശേരി: നായർ സമുദായത്തിൽ സ്ത്രീധന സമ്പ്രദായം അവസാനിപ്പിക്കാൻ എൻ.എസ്.എസ് നേതൃത്വം മുൻകൈയെടുക്കണമെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി.
141-ാം മന്നം ജയന്തി സമ്മേളനം പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
സമുദായത്തിലെ ധൂർത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് മന്നത്ത് പദ്മനാഭൻ. സ്ത്രീധനമെന്ന ശാപത്തിനെതിരെ കരയോഗങ്ങൾ നിലപാട് സ്വീകരിക്കണം. നായർ സമുദായത്തിൽ സ്ത്രീധന സമ്പ്രദായം നിർത്തിയാൽ മന്നത്തിെൻറ ആത്മാവ് സന്തോഷിക്കും. മുന്നാക്ക സമുദായക്കാർ ചെയ്ത തിന്മകൾ മാത്രം എപ്പോഴും പറയുന്നവർ വല്ലപ്പോഴും അവർ ചെയ്ത നന്മകൾ കൂടി കാണണം. കേരളത്തെ നവോത്ഥാന കാലത്തേക്ക് നയിക്കാനുള്ള പല തീരുമാനങ്ങളും മുന്നാക്ക സമുദായ അംഗങ്ങളുടെ ശ്രമഫലമായി ഉണ്ടായതാണ്.
സ്വന്തം സമുദായത്തെ സ്നേഹിക്കുമ്പോഴും മറ്റ് സമുദായങ്ങളെ എങ്ങനെ ബഹുമാനിക്കാമെന്ന് കാട്ടിത്തന്ന മഹാനായിരുന്നു മന്നത്ത് പദ്മനാഭനെന്ന് പ്രഭാഷണം നടത്തിയ ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. വൈസ് പ്രസിഡൻറ് പ്രഫ. വി.പി. ഹരിദാസ് അധ്യക്ഷതവഹിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ എൻ. പീതാംബരക്കുറുപ്പ്, എം.ജി സർവകലാശാല സ്കൂൾ ഒാഫ് ജേണലിസം ഡയറക്ടർ പ്രഫ. മാടവന ബാലകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സ്വാഗതവും ട്രഷറർ ഡോ. എം. ശശികുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
