വടയമ്പാടി റവന്യൂ ഭൂമിയിൽ എൻ.എസ്.എസ് സ്ഥാപിച്ച ബോർഡ് നീക്കി
text_fieldsകോലഞ്ചേരി: വിവാദമായ വടയമ്പാടി ഭജനമഠത്തെ റവന്യൂ ഭൂമിയിൽ എൻ.എസ്.എസ് സ്ഥാപിച്ച ബോർഡ് നീക്കി. വൈകിട്ട് അഞ്ച് മണിയോടെ കുന്നത്തുനാട് തഹസിൽദാർ, മുവാറ്റുപുഴ ഡി.വൈ.എസ്.പി. അടക്കമുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് എൻ.എസ്.എസ് നേതൃത്വം തന്നെ ബോർഡ് നീക്കിയത്. കലക്ടറുടെ നിർദേശ പ്രകാരമായിരുന്നു നടപടി. സമരപന്തൽ പൊളിച്ചു നീക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഒരാഴ്ച മുമ്പാണ് എൻ.എസ്.എസ് നേതൃത്വം ഭജനമഠം ക്ഷേത്രത്തിന്റെ പേരിൽ മൈതാനത്തിന് മുന്നിൽ ബോർഡ് സ്ഥാപിച്ചത്. ഇത് നിയമ വിരുദ്ധമാണെന്നും പൊളിച്ചു മാറ്റണമെന്നും ആവശ്യപ്പെട്ടു ദളിത് ഭൂ അവകാശ സമര മുന്നണി രംഗത്തെത്തുകയും കളക്ടർക്ക് പരാതി നൽകിയിരുന്നു.
തങ്ങളുടെ പന്തൽ പൊളിച്ചു നീക്കിയ പൊലീസ് നിയമ വിരുദ്ധമായി ബോർഡ് സ്ഥാപിക്കാൻ എൻ.എസ്.എസിന് അനുമതി നൽകുകയായിരുന്നെന്നും ആരോപണമുയർന്നിരുന്നു. ഇന്നലെ ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികളെല്ലാം തന്നെ ബോർഡ് എടുത്ത് മാറ്റണമെന്ന നിലപാടിൽ ഉറച്ച് നിന്നു. ഇതേ സമയം മൈതാനത്തോട് ചേർന്ന ദളിത് ദൂ അവകാശ സമര മുന്നണിയുടെ സമരപന്തലിൽ എത്തിയ ഉദ്യോഗസ്ഥ സംഘം സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
ഞായറാഴ് നടക്കുന്ന ദളിത് ആത്മാഭിമാന സംഗമത്തിന് അനുമതി നൽകില്ലെന്നും പുറമേ നിന്നുള്ളവരെ വടയമ്പാടിയിലേക്കെത്താൻ അനുവദിക്കില്ലെന്നും സമരക്കാരെ അറിയിച്ചു. എന്നാൽ, ആലോചിച്ച ശേഷം അറിയിക്കാമെന്ന നിലപാടിലായിരുന്നു സമിതി. ഇതേ സമയം, നിശ്ചയിച്ച പരിപാടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് സമരസഹായ സമിതിയിലെ അഡ്വ. പി.ജെ. മാനുവൽ പറഞ്ഞു. വടയമ്പാടിയിൽ അനുമതി നിഷേധിക്കുന്ന പക്ഷം ചൂണ്ടി ജംങ്ഷനിൽ പരിപാടി നടത്തുമെന്നും ഭാവി പരിപാടികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.