ശ്രീലേഖയുടെത് കുലസ്ത്രീയുടെ ജീനെന്ന് എൻ.എസ് മാധവൻ
text_fieldsതിരുവനന്തപുരം: മുൻ ജയിൽ ഡി.ജി.പി ആർ. ശ്രീലേഖയുടെ ജീൻ കുലസ്ത്രീയുടെതാണെന്ന് എൻ.എസ്. മാധവൻ. അവർക്ക് വിശ്വാസ്യതയില്ലെന്നാണ് പ്രശ്നമെന്നും മാധവൻ ട്വീറ്റ് ചെയ്തു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ പിന്തുണച്ച് മുൻ ജയിൽ ഡി.ജി.പി ആർ. ശ്രീലേഖ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് ട്വീറ്റ്.
'സ്ത്രീയായതുകൊണ്ട് അവൾക്കൊപ്പം നിൽക്കണമെന്ന് പറയില്ല. ശ്രീലേഖയുടെ ജീനിൽ കുലസ്ത്രീ ആശയങ്ങൾ അത്രമാത്രമുണ്ട്. പെൻഷൻ പറ്റാൻ കാത്തിരിക്കാതെ ജോലിയിൽ ഇരിക്കുമ്പോൾ തന്നെ ദിലീപ് ഭക്തി കാണിക്കണ്ടേ. വിശ്വാസ്യത കുറവാണ് എന്നതാണ് അവരുടെ പ്രശ്നം' എന്നും മാധവൻ ട്വീറ്റ് ചെയ്തു.
യൂട്യൂബ് ചാനലിലൂടെയായിരുന്നു ആർ. ശ്രീലേഖ ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയത്. കേസിൽ ദിലീപിന് പങ്കുണ്ടെന്ന് താൻ കരുതുന്നില്ലെന്നും, നടനെതിരെ അന്വേഷണ സംഘം വ്യാജ തെളിവുണ്ടാക്കിയെന്നും ശ്രീലേഖ പറഞ്ഞിരുന്നു.
നടൻ ദിലീപിനെതിരായ കേസിൽ അദ്ദേഹം നിരപരാധിയാണെന്ന് ഞാൻ എന്ത് കൊണ്ട് വിശ്വസിക്കുന്നു എന്ന് എന്റെ അറിവിന്റെ അടിസ്ഥാനത്തിൽ വിശദീകരിക്കുന്നു എന്ന കുറിപ്പോടെയാണ് വിഡിയോ പ്രസിദ്ധീകരിച്ചത്.