മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക്; ആദ്യഘട്ടത്തില്‍ അനുമതി ഈ വിഭാഗങ്ങൾക്ക്
text_fieldsതിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലെത്തുന്നവരിൽ മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടവര്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കുക. ഇതില്‍ വിദ്യാർഥികള്‍, പ്രത്യേകിച്ച് അവധിക്കാല ക്യാമ്പുകള്‍ക്കും മറ്റുമായി പോയവര്‍, കേരളത്തില്‍ സ്ഥിരതാമസക്കാരായ മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, മറ്റ് ആരോഗ്യ ആവശ്യങ്ങളുള്ളവര്‍ മുതലായവര്‍ ഉള്‍പ്പെടും. നോർക്ക പോർട്ടലിൽ ഇതിനകം മറ്റ് സംസ്ഥാനങ്ങളിലുള്ള 1,30,000 പേര്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ആരോഗ്യ പ്രശ്നങ്ങളില്ലാത്തവർക്ക് വീട്ടിലേക്ക് പോകാം. ഇവർ 14 ദിവസം വീട്ടിനുള്ളിൽ സമ്പർക്ക വിലക്കിൽ കഴിയണം. അതിര്‍ത്തിയില്‍ ആരോഗ്യപരിശോധനയ്ക്ക് വിധേയരാക്കുന്നവരിൽ രോഗലക്ഷണമുള്ളവരെ സർക്കാർ പ്രത്യേക ക്വാറന്‍റീൻ കേന്ദ്രത്തിലേക്ക് മാറ്റും.
വീട്ടിൽ സമ്പർക്കവിലക്കിൽ കഴിയുന്നവർ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നു എന്ന് പൊലീസ് ഉറപ്പുവരുത്തും.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ എത്തുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ കമ്മറ്റി രൂപീകരിക്കും.
തദ്ദേശസ്ഥാപനത്തിലെ പ്രതിപക്ഷ നേതാവ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്‍, എം.എല്‍.എ, പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍, വില്ലേജ് ഓഫിസര്‍, തദ്ദേശ സ്ഥാപനത്തിന്‍റെ സെക്രട്ടറി, പി.എച്ച്.സി മേധാവി, സഹകരണ ബാങ്ക് പ്രസിഡന്‍റ്, സാമൂഹ്യസന്നദ്ധ സേനയുടെ ഒരു പ്രതിനിധി, കുടുംബശ്രീ പ്രതിനിധി, ആശാ വര്‍ക്കര്‍മാരുടെ പ്രതിനിധി, പെന്‍ഷനേഴ്സ് യൂണിയന്‍റെ പ്രതിനിധി എന്നിവരായിരിക്കും കമ്മിറ്റി അംഗങ്ങള്‍.
ജില്ല തലത്തില്‍ കലക്ടര്‍, എസ്.പി, ഡി.എം.ഒ, ജില്ല പഞ്ചായത്ത് ഓഫിസര്‍ എന്നിവരടങ്ങുന്ന സമിതി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യും. ആരോഗ്യ സംബന്ധമായ പരിശോധനയുടെയും മറ്റും ഉത്തരവാദിത്വം ആരോഗ്യവകുപ്പിനായിരിക്കും.
സുരക്ഷ ഒരുക്കലും മാനദണ്ഡങ്ങള്‍ ലംഘിക്കില്ലെന്ന് ഉറപ്പുവരുത്തലും പൊലീസിന്‍റെ ചുമതലയായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
