ഗവേഷണ കാര്യങ്ങൾക്കായി ഇനി റിസർച് കൗൺസിൽ
text_fieldsതിരുവനന്തപുരം: സർവകലാശാലകളിൽനിന്നുള്ള സേവനം വേഗത്തിലാക്കാൻ ഫയൽ പരിശോധന തട്ടുകളുടെ എണ്ണം കുറക്കുന്നു. നിലവിൽ ശ്രേണിയിലുള്ള മുഴുവൻ ഉദ്യോഗസ്ഥരും ഫയൽ പരിശോധിക്കുന്ന രീതിക്ക് പകരം എണ്ണം കുറച്ച് തീരുമാനം വേഗത്തിലാക്കാനാണ് തീരുമാനം. ഇതിനായി സർവകലാശാല നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തും.
നേരത്തേ സെക്രട്ടേറിയറ്റിൽ ഫയൽ പരിശോധിക്കുന്ന തട്ടുകളുടെ എണ്ണത്തിൽ കുറവ് വരുത്തിയിരുന്നു. നിലവിൽ സർവകലാശാലകളിൽ അസിസ്റ്റന്റ്, സെക്ഷൻ ഓഫിസർ, അസി. രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ, ജോയന്റ് രജിസ്ട്രാർ എന്നിവർ ഫയൽ കണ്ട ശേഷമാണ് സ്റ്റാറ്റ്യൂട്ടറി ഓഫിസർമാരായ രജിസ്ട്രാർ, പരീക്ഷ കൺട്രോളർ തുടങ്ങിയവർ ഫയൽ കാണുന്നത്. ഇതിനു ശേഷം വിഷയത്തിന്റെ സ്വഭാവമനുസരിച്ച് ആവശ്യമെങ്കിൽ ഫയൽ വി.സിക്കും അയക്കും. വി.സി തലത്തിൽ തീരുമാനമെടുക്കാൻ കഴിയാത്ത വിഷയങ്ങൾ സിൻഡിക്കേറ്റ്, സെനറ്റ്, അക്കാദമിക് കൗൺസിൽ എന്നിവയുടെ പരിഗണനക്കും സമർപ്പിക്കും. ഇതോടെ സേവനം തേടിയെത്തിയ വിദ്യാർഥികൾക്ക് അവ ലഭ്യമാകാൻ മാസങ്ങളെടുക്കും. ഇതു കുറക്കാനാണ് ഫയൽ പരിശോധനയുടെ തട്ടുകൾ കുറക്കുന്നത്.
അസിസ്റ്റന്റും സെക്ഷൻ ഓഫിസറും പരിശോധിച്ച ഫയൽ അസി. രജിസ്ട്രാർ മുതൽ ജോയൻറ് രജിസ്ട്രാർ തലത്തിൽ വരെ ഒരു ഉദ്യോഗസ്ഥൻ കണ്ട ശേഷം സ്റ്റാറ്റ്യൂട്ടറി ഓഫിസറുടെ പരിഗണനക്ക് അയക്കണമെന്ന നിർദേശമാണ് സർക്കാറിന്റെ പരിഗണനയിലുള്ളത്. അക്കാദമിക് കൗൺസിലിന്റെ സബ് കമ്മിറ്റി എന്നനിലയിൽ സർവകലാശാലകളിൽ റിസർച് കൗൺസിൽ രൂപവത്കരിക്കാനും ധാരണയായിട്ടുണ്ട്. ഗവേഷണം, അക്കാദമിക സഹകരണം തുടങ്ങിയവക്കുള്ള അംഗീകാരം റിസർച് കൗൺസിലിലേക്ക് മാറ്റും. പൂർണമായും അക്കാദമിക് വിദഗ്ധർ അടങ്ങിയതായിരിക്കും റിസർച് കൗൺസിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

