കേരളത്തിന്റെ അഭിമാന പദ്ധതിക്ക് നോർവീജിയൻ സങ്കേതിക സഹായം
text_fieldsതിരുവനന്തപുരം: പ്രകൃതിക്ഷോഭങ്ങളെ നേരിടൽ, വയനാട് തുരങ്കപ്പാത നിർമ്മാണം, തീരശോഷണം തടയൽ എന്നീ മേഖലകളിൽ കേരളവുമായി സഹകരിച്ചു പ്രവർത്തിക്കാൻ നോർവീജിയൻ ജിയോ ടെക്നികൽ ഇൻസ്റ്റിറ്റ്യൂട്ട് താൽപര്യം പ്രകടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർഥന പ്രകാരം വിവിധ മേഖലകളിലെ വിദഗ്ദരുടെ സംഘത്തെ കേരളത്തിലേക്ക് അയക്കാമെന്ന് നോർവെയിലെ ദേശീയ ദുരന്ത നിവാരണ മേഖലയിലെ വിദഗ്ദൻ ഡൊമനിക് ലെയ്ൻ ഉറപ്പു നൽകി.
ഇന്ത്യൻ റെയിൽവേക്ക് തുരങ്കപ്പാത നിർമ്മാണത്തിൽ ഇവരുടെ സാങ്കേതിക സഹകരണം നിലവിൽ ലഭിക്കുന്നുണ്ട്. ഏഴു കിലോമീറ്റർ ആഴത്തിലെ പാറയുടെ സ്വഭാവത്തെ മനസിലാക്കുന്നതിനുള്ള നോർവീജയൻ സാങ്കേതിക വിദ്യയാണ് ലഡാക്കിൽ ഉപയോഗിക്കുന്നത്. ഇത് മനസിലാക്കിയാണ് മുഖ്യമന്ത്രി വയനാട്ടിൽ സർക്കാർ നിർമ്മിക്കാൻ ആലോചിക്കുന്ന തുരങ്കപ്പാതയുടെ നിർമ്മാണത്തിൽ നോർവീജിയൻ ജിയോ ടെക്നികൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സാങ്കേതിക ഉപദേശം സഹായകരമായിരിക്കുമെന്ന് സൂചിപ്പിച്ചത്.
മണ്ണിടിച്ചിലിനുള്ള സാധ്യത മുൻകൂട്ടി മനസിലാക്കാനുള്ള സാങ്കേതിക വിദ്യ വിവിധ രാജ്യങ്ങളിൽ എൻ.ജി.ഐ വിജയകരമായി നടപ്പിലാക്കുന്നുണ്ട്. ഇന്ത്യയിൽ നിരവധി കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുമായി എൻ.ജി.ഐ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. തീര ശോഷണത്തിന്റെ കാര്യത്തിലും ആധുനികവും സ്വാഭാവികവുമായ പരിഹാര മാർഗങ്ങൾ ഇവർ കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിൽ സമീപകാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി എൻ.ജി.ഐ യുടെ പദ്ധതികൾ കേരളത്തിനു സഹായകരമാകും എന്ന് ചൂണ്ടികാട്ടി. പ്രളയ മാപ്പിങ്ങിലും ആവശ്യമായ സാങ്കേതിക ഉപദേശം നൽകാമെന്ന് എൻ.ജി.ഐ വ്യക്തമാക്കി.
വിദഗ്ദരുടെ കേരള സന്ദർശനത്തിനു ശേഷം സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഡൊമനിക് ലെയ്ൻ വ്യക്തമാക്കി. സാങ്കേതിക വിദഗ്ദനും ഇന്ത്യൻ വംശജനുമായ രാജേന്ദ്രകുമാർ ഉൾപ്പെടെ ആറംഗ സംഘമാണ് ചർച്ചയിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

