ഇനി സി.ബി.ഐ പറയട്ടെ, ഇതിനുള്ള ഉത്തരങ്ങൾ
text_fieldsകണ്ണൂർ: മുൻ എ.ഡി.എം നവീൻ ബാബു ജീവനൊടുക്കാൻ കാരണം പി.പി. ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗമാണെന്നും സംഭവത്തിൽ ഒരു ഗൂഢാലോചനയുമില്ലെന്നുമാണ് പ്രത്യേക അന്വേഷണ സംഘം 2025 മാർച്ച് 29ന് കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ കുറ്റപത്രത്തിന്റെ ചുരുക്കം. നവീന്റെ ആത്മഹത്യ കുറിപ്പില്ലെന്നും മരണത്തിന് കാരണമായി ദിവ്യ അല്ലാതെ മറ്റൊരാളുമില്ലെന്നും നാനൂറിലധികം പേജുള്ള കുറ്റപത്രത്തിലുണ്ട്.
മരണവുമായി ബന്ധപ്പെട്ട് അന്നും പിന്നീടും ഉയർന്ന എല്ലാ സംശയങ്ങളും പാടേ തള്ളിയാണ് കണ്ണൂർ ഡി.ഐ.ജിയുടെ മേൽനോട്ടത്തിൽ സിറ്റി പൊലീസ് കമീഷണർ, അസി. കമീഷണർ, ടൗൺ എസ്.എച്ച്.ഒ തുടങ്ങി ഏഴംഗ സംഘം തയാറാക്കിയ കുറ്റപത്രത്തിലുള്ളത്. നവീൻ മരിച്ചതു മുതൽ കുടുംബം ഉന്നയിക്കുന്ന ചില കാര്യങ്ങളിലേക്ക് സി.ബി.ഐ എത്തുമോ എന്നാണ് ഇനി അറിയേണ്ടത്. 2024 ഒക്ടോബർ 15ന് രാവിലെ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ ബാബു ജീവനൊടുക്കിയ വാർത്ത വന്നയുടൻ പ്രചരിച്ച ആ കത്ത് തയാറാക്കിയത് ആരെന്നാണ് ഉത്തരമില്ലാത്ത ആദ്യ ചോദ്യം. പെട്രോൾ പമ്പ് തുടങ്ങാൻ എ.ഡി.എം 98,500 രൂപ കൈക്കൂലി കൈപ്പറ്റിയെന്നാരോപിച്ച് മുഖ്യമന്ത്രിക്ക് നൽകിയ കത്ത് തയാറാക്കിയ കേന്ദ്രവും വ്യാജ ഒപ്പുമെല്ലാം പുറത്തുവന്നിട്ടും എസ്.ഐ.ടിക്ക് അതിൽ അസ്വാഭാവികമായി ഒന്നും തോന്നിയിട്ടില്ല.
പരിയാരം മെഡിക്കൽ കോളജിലെ ഇലക്ട്രീഷ്യൻ മാത്രമായ ടി.വി. പ്രശാന്തിന് സ്വന്തമായി പെട്രോൾ പമ്പ് തുടങ്ങാൻ പണം എവിടെനിന്ന് കിട്ടിയെന്നും പമ്പിന്റെ എൻ.ഒ.സിക്ക് ദിവ്യ എ.ഡി.എമ്മുമായി പലതവണ സംസാരിക്കാനുള്ള കാരണമെന്താണെന്നും പുറത്തുവന്നിട്ടില്ല. ദിവ്യക്കെതിരെ പൊലീസ് ചുമത്തിയ ആത്മഹത്യപ്രേരണ കേസിന് അടിസ്ഥാനമായ കാര്യങ്ങൾ മാത്രമാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചത്. നവീനും പമ്പ് അപേക്ഷകൻ പ്രശാന്തും ക്വാർട്ടേഴ്സിൽ കണ്ടുമുട്ടിയ ദൃശ്യങ്ങൾ കുറ്റപത്രത്തിലുണ്ട്. എൻ.ഒ.സി ലഭിക്കുന്നതിനു മുമ്പ് പ്രശാന്ത് പണം പിൻവലിച്ചതും പറയുന്നുണ്ട്. എന്നാൽ, കൈക്കൂലി വാങ്ങിയതിന് തെളിവില്ല. പ്രശാന്തിനു പിന്നിൽ ബിനാമിയെന്ന ആരോപണം രേഖാമൂലം നൽകിയിട്ടും അതിലും വ്യക്തത വന്നില്ല. നവീൻ കൈക്കൂലി കൈപ്പറ്റിയിട്ടില്ലെന്ന് ലാൻഡ് റവന്യു ജോയന്റ് കമീഷണർ നടത്തിയ റിപ്പോർട്ടിലും പറയുന്നു. കോഴിക്കോട് വിജിലൻസ് എസ്.പി നടത്തിയ അന്വേഷണത്തിലും കൈക്കൂലി തെളിഞ്ഞിട്ടില്ല.
പമ്പിന് എൻ.ഒ.സി ലഭിക്കാൻ എ.ഡി.എം കൈക്കൂലി കൈപ്പറ്റിയെന്ന തരത്തിൽ മുനവെച്ചുള്ള പ്രസംഗമാണ് ദിവ്യ നടത്തിയത്. ജന്മനാടായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയ നവീന് 2025 ഒക്ടോബർ 14ന് ഉച്ചക്കുശേഷം കലക്ടറേറ്റിൽ നടത്തിയ യാത്രയയപ്പ് യോഗത്തിലാണ് ക്ഷണിക്കാതെ എത്തിയ ദിവ്യ ആ പ്രസംഗം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

