പള്ളിയുടെ വാതിൽ തകർത്ത് 1.83 ലക്ഷം കവർന്നു; കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
text_fieldsകോട്ടയം: തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിലെ വാതിലിന്റെ പൂട്ട് തകർത്ത് 1.83 ലക്ഷം രൂപ മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വെള്ളത്തൂവൽ 200 ഏക്കർ ഭാഗത്ത് ചക്കിയാങ്കൽ വീട്ടിൽ പത്മനാഭൻ (64) ആണ് പിടിയിലായത്.
തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ കഴിഞ്ഞ ഫെബ്രുവരി 10നായിരുന്നു കേസിനാസ്പദമായ സംഭവം. ഇയാൾ പുലർച്ചെ പള്ളിയുടെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകയറി മുറിയിൽ ഉണ്ടായിരുന്ന അലമാരയുടെ പൂട്ടും പൊളിച്ചാണ് 1,83,000 രൂപ മോഷ്ടിച്ചത്. പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ പൊലീസ് മേധാവി ഷാഹുൽഹമീദിന്‍റെ പ്രത്യേക നിർദേശത്തെ തുടർന്ന് വൈക്കം ഡിവൈ.എസ്.പി സിബിച്ചൻ ജോസഫിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ വലയിലാക്കിയത്.
തൃശ്ശൂർ വടക്കാഞ്ചേരിയിൽനിന്നാണ് പ്രതിയെ പിടികൂടിയത്. സ്ഥിരം മോഷ്ടാവായ ഇയാൾ പലവിധ സിംകാർഡുകൾ മാറിമാറിയാണ് ഉപയോഗിച്ചിരുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാൾ വടക്കാഞ്ചേരിയിൽ ഉണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. അവിടുത്തെ ഓർത്തഡോക്സ് ചർച്ചിൽ മോഷണം നടത്താൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ സംഘം ഇവിടെയെത്തിയാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. ഇയാളുടെ ബാഗിൽ നിന്നു കഠാരയും വാതിലിന്റെയും ജനലിന്റെയും പൂട്ടുപൊളിക്കുന്ന പ്രത്യേകം ഇരുമ്പ് ഉപകരണവും പെപ്പർ സ്പ്രേയും വിവിധ തരത്തിലുള്ള സ്ക്രൂഡ്രൈവറുകളും കണ്ടെടുത്തു.
തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.ഐ ജയകുമാർ, സി.പി.ഒമാരായ മനീഷ്, പി.എം. ബിനു എന്നിവരായിരുന്നു അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. പത്മനാഭൻ പോത്താനിക്കാട്, കുന്നംകുളം, മണ്ണുത്തി, മുരിക്കാശ്ശേരി, കാഞ്ഞാർ എന്നീ സ്റ്റേഷനുകളിലെ മോഷണ കേസുകളിലെ പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

