ഇടപ്പള്ളി-മൂത്തകുന്നം ദേശീയപാത സ്ഥലം ഏറ്റെടുക്കാൻ വിജ്ഞാപനം
text_fieldsRepresentational Image
കൊച്ചി: ജനത്തിെൻറ എതിർപ്പ് ശക്തമായി തുടരുന്നതിനിടെ ഇടപ്പള്ളി-മൂത്തകുന്നം ദേശീയപാത 45 മീറ്ററിൽ വികസിപ്പിക്കുന്നതിന് കൂടുതൽ ഭൂമി ഏറ്റെടുക്കാൻ (ത്രി എ) വിജ്ഞാപനം ഇറങ്ങി. കാപ്പിരിക്കാട്-ഇടപ്പള്ളി സെക്ഷനിൽ ഏറ്റെടുക്കുന്ന അധികഭൂമി കണയന്നൂർ താലൂക്കിലെ ചേരാനല്ലൂർ, ഇടപ്പള്ളി നോർത്ത്, പറവൂർ താലൂക്കിലെ ആലങ്ങാട്, കോട്ടുവള്ളി, മൂത്തകുന്നം, പറവൂർ, വടക്കേക്കര, വരാപ്പുഴ വില്ലേജുകളിലായാണ് കിടക്കുന്നത്. പുതിയ വിജ്ഞാപനത്തിൽ ആകെ 14.6131 ഹെക്ടർ സ്ഥലമുണ്ട്.
സ്വകാര്യ പുരയിടങ്ങളും നിലവും പുറേമ്പാക്കുമായി 607 വസ്തുക്കൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച് എതിർപ്പുകൾ 21 ദിവസത്തിനകം എറണാകുളം ദേശീയപാത ഭൂമി ഏറ്റെടുക്കൽ സ്പെഷൽ ഡെപ്യൂട്ടി കലക്ടറെ അറിയിക്കണം. ഏറ്റെടുക്കുന്നതിൽ ഭൂരിപക്ഷവും സ്വകാര്യ പുരയിടമാണ്.
ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ 27 കി.മീ. ദേശീയപാതയാണ് 45 മീ. വീതിയിൽ വികസിപ്പിക്കുന്നത്. 30 മീ. പാതക്ക് സ്ഥലം വിട്ടുകൊടുത്തവരിൽനിന്ന് വീണ്ടും ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ദേശീയപാത സംയുക്ത സമരസമിതി പ്രക്ഷോഭരംഗത്താണ്. എലിവേറ്റഡ് ഹൈവേയായി 30 മീറ്ററിൽതന്നെ ദേശീയപാത വികസിപ്പിക്കണമെന്നാണ് ആവശ്യം.
മുമ്പ് ത്രീ എ വിജ്ഞാപനം ഇറക്കിയശേഷം ഭൂമി ഏറ്റെടുക്കാൻ കല്ലിട്ടിരുന്നു. തുടർന്ന് ഭൂമി കേന്ദ്രസർക്കാറിൽ നിക്ഷിപ്തമാക്കിയെന്ന ത്രി ഡി വിജ്ഞാപനവും ഇറക്കി. അതിൽനിന്ന് വിട്ടുപോയവയും കൂടുതലായി ഏറ്റെടുക്കേണ്ടിവരുന്നതും ഉൾപ്പെടുത്തിയാണ് പുതിയ വിജ്ഞാപനം. ആദ്യത്തെ ഏറ്റെടുക്കൽ വിജ്ഞാപനത്തിൽ പലരുടെയും ഭൂമിയുടെ ഒരുഭാഗം മാത്രം ഉൾപ്പെട്ടത് പൂർണമാക്കാനും ഇതിൽ ലക്ഷ്യമിടുന്നുണ്ട്.
അതേസമയം, ഭൂമി ഏറ്റെടുക്കുന്ന കാര്യം ഒരു ഭൂവുടമയെയും അറിയിക്കുന്നില്ല. കേന്ദ്ര ഗസറ്റിലാണ് വിജ്ഞാപനം. കൂടാതെ ഏതെങ്കിലും പത്രത്തിലും പരസ്യമായിവരും. ഇതിൽ വിവരിക്കുന്ന നൂറുകണക്കിന് സർവേ നമ്പറുകളിൽനിന്ന് തെരഞ്ഞുപിടിച്ച് സ്വന്തം ഭൂമി അതിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഭൂവുടമകൾ അറിയുകപോലുമില്ല.
നടക്കുന്നത് ഭൂമാഫിയക്ക് ഒത്താശ
കൊച്ചി: ദേശീയപാത 45 മീറ്ററായി വികസിപ്പിക്കുന്നതിെൻറ അലൈൻമെൻറ് നേരത്തേ മനസ്സിലാക്കി അതിനോട് ചേർന്ന് ഏക്കറുകളോളം ഭൂമി ബിനാമി പേരുകളിൽ പലരും വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന് ദേശീയപാത സംയുക്ത സമരസമിതി നേതാവ് ഹാഷിം ചേന്ദാമ്പിള്ളി പറഞ്ഞു. 30 മീറ്ററിൽ ദേശീയപാത വികസിപ്പിച്ചാൽ ഇത്തരം ഭൂമിയുടെ മൂല്യം കുറയും. ഉന്നതർ ലക്ഷ്യമിട്ട ലാഭം അതിൽനിന്ന് കിട്ടാതെയാകും.
4000 കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് എങ്ങനെയും 45 മീറ്ററിൽ ദേശീയപാത വികസിപ്പിക്കണമെന്നതാണ് ലക്ഷ്യം. സർക്കാർ കണക്കുകളിൽതന്നെ 500 കോടി രൂപയിൽ കൂടുതൽ ഇതിനായി അധികചെലവ് വരുമെന്നാണ് നിഗമനമെന്നും സംസ്ഥാനത്ത് മറ്റ് ഭാഗങ്ങളിൽ വിവരിച്ച എലിവേറ്റഡ് ഹൈവേ ഇടപ്പള്ളി-മൂത്തകുന്നം സ്ട്രെച്ചിൽ നടപ്പാക്കണമെന്ന വാദം അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

