എസ്.എൻ.ഡി.പി മൈക്രോ ഫിനാന്‍സ് തട്ടിപ്പിനിരയായ 80 കുടുംബങ്ങള്‍ക്ക് ജപ്തി നോട്ടീസ്
text_fieldsചെങ്ങന്നൂർ: സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് എസ്.എന്‍.ഡി.പി നടപ്പാക്കിയ മൈക്രോ ഫിനാന്‍സില്‍ തട്ടിപ്പിനിരയായ 80 കുടുംബങ്ങള്‍ക്ക് ജപ്തി നോട്ടീസ്. ബുധനൂർ പെരിങ്ങിലിപ്പുറം 151ആം നമ്പർ ശാഖയിലെ 80 കുടുംബങ്ങളാണ് കുരുക്കിലായത്. ചെങ്ങന്നൂര്‍ യൂനിയന്റെ കീഴില്‍ നടപ്പാക്കിയ വായ്പ പദ്ധതിയിലാണിവര്‍ തട്ടിപ്പിനിരയായത്. മുഴുവന്‍ തുകയും യൂനിയനില്‍ അടച്ചതായി ഇവര്‍ പറയുമ്പോഴും 13 ലക്ഷത്തോളം രൂപ കുടിശ്ശിക ഉണ്ടെന്നാണ് ജപ്തി നോട്ടീസിലുള്ളത്.
ബുധനൂര്‍ പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട് വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന തൊഴിലുറപ്പ് ജോലിക്കും മറ്റും പോയി ഉപജീവനം നടത്തുന്ന സ്ത്രീകളാണ് അകപ്പെട്ടത്. പെരിങ്ങിലിപ്പുറം ശാഖയുടെ കീഴില്‍ 15 മുതല്‍ 20 വരെ അംഗങ്ങളുള്ള അഞ്ച് യൂനിറ്റുകള്‍ക്ക് യൂനിയന്‍ മുഖേന യൂനിയൻ ബാങ്കിൽനിന്ന് വായ്പ നല്‍കിയത്. തവണകള്‍ യൂനിയന്‍ ഓഫിസിലാണ് അടച്ചിരുന്നത്.
യൂനിയന്‍ ഇവര്‍ക്ക് രസീത് നല്‍കുകയും പാസ്ബുക്കില്‍ രേഖപ്പെടുത്തി നല്‍കുകയുമാണ് ചെയ്തിരുന്നത്. എന്നാല്‍, ബാങ്കിന്റെ പാസ്ബുക്ക് അംഗങ്ങളെ കാണിക്കാതെ യൂനിയന്‍ ഭാരവാഹികള്‍ കൈയില്‍വെച്ചിരിക്കുകയായിരുന്നു. 36മാസം കൊണ്ട് തിരിച്ചടക്കേണ്ട വായ്പ 24 മാസം കൊണ്ട് തീര്‍ക്കണമെന്നായിരുന്നു യൂനിയന്റെ നിര്‍ദേശം. 24 മാസം കൊണ്ട് തുക അടച്ചുതീര്‍ത്ത് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ ബാങ്കിലെത്തിയപ്പോഴാണ് യൂനിയനില്‍ ഏല്‍പിച്ച തുകമുഴുവന്‍ ബാങ്കിൽ അടച്ചില്ലെന്ന് അറിയുന്നത്. ശാഖയുടെ നേതൃത്വത്തില്‍ യൂനിയന്‍ ഓഫിസിന് മുന്നില്‍ മൂന്നുപ്രാവശ്യം സമരം നടത്തി. ഇതിനിടെ അന്നത്തെ യൂനിയന്‍ ഭാരവാഹികള്‍ രാജിവെച്ച് അഡ്‌ഹോക് കമ്മിറ്റി നിലവില്‍വന്നു.
ജപ്തി നോട്ടീസ് ലഭിച്ചതിനാല്‍ കിടപ്പാടം നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് ഈ കുടുംബങ്ങള്‍. അഞ്ച് മുതല്‍ 10 സെന്റിനകത്തുള്ള ഭൂമി മാത്രമാണ് ഇവര്‍ക്കുള്ളത്. ബാങ്കുകൾ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്നതിനാൽ തട്ടിപ്പിനിരയായ കുടുംബങ്ങളിലെ കുട്ടികളുടെ ഉപരിപഠനത്തിനുള്ള വഴിയും അടഞ്ഞിരിക്കുകയാണ്. ഇവര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് 2016ല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്ന് ശാഖ ഭാരവാഹികളായ എം.വി. രഘുനാഥ്, എം.ആര്‍. ഷാജി, വിപി. കനകരാജന്‍ എന്നിവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

