Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ക്രിസ്തീയ...

‘ക്രിസ്തീയ ഭക്തിഗാനത്തിൽ ഒരു തെറ്റുമില്ല, അപരാധമല്ല; വിവാദം ഇളക്കിവിട്ട് ഇവിടെയുള്ള സൗഹാർദം തകർക്കരുത്’ -നന്ദഗോവിന്ദം ഭജൻസിനെതിരായ വിമർശനത്തിൽ ക്ഷേത്രകമ്മിറ്റി

text_fields
bookmark_border
‘ക്രിസ്തീയ ഭക്തിഗാനത്തിൽ ഒരു തെറ്റുമില്ല, അപരാധമല്ല; വിവാദം ഇളക്കിവിട്ട് ഇവിടെയുള്ള സൗഹാർദം തകർക്കരുത്’ -നന്ദഗോവിന്ദം ഭജൻസിനെതിരായ വിമർശനത്തിൽ ക്ഷേത്രകമ്മിറ്റി
cancel

തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിന് സംഘ്പരിവാർ കേന്ദ്രങ്ങൾ നടത്തുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ക്ഷേത്രക്കമ്മിറ്റിയും നന്ദഗോവിന്ദം ഭജൻസും. ഈ അമ്പലത്തിൽ നടക്കുന്ന എല്ലാ പരിപാടികൾക്കും എല്ലാ മതസ്ഥരും സഹകരിക്കാറുണ്ടെന്നും ഈ പരിപാടിയും അത്തരത്തിൽ സംഘടിപ്പിച്ചതാണെന്നും നട്ടാശ്ശേരി വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

ക്രിസ്തീയ ഭക്തിഗാനം ആലപിച്ചത് ഒരു വലിയ അപരാധമാണെന്ന് തങ്ങൾ ഒരിക്കലും വിശ്വസിക്കുന്നില്ലെന്ന് പ്രസ്താവനയിൽ പറഞ്ഞു. ‘ഈ ഗ്രാമത്തിലുള്ള എല്ലാവരും വളരെ സൗഹാർദപരമായി ജീവിക്കുന്നവരാണ്. അങ്ങനെയുള്ള ഒരു ദേശത്തെ ഇത്തരത്തിലുള്ള ഒരു വിവാദം ഇളക്കിവിട്ട് നിലവിലുള്ള സൗഹാർദത്തെ എല്ലാവരുംകൂടി തകർക്കരുത് എന്ന് മാത്രമേ ഈ അവസരത്തിൽ പറയാനുള്ളൂ’ -ക്ഷേത്രഭാരവാഹികൾ പറഞ്ഞു.

‘ഇവിടത്തെ ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്. താലപ്പൊലി കടന്നു പോകുമ്പോൾ അവർ വഴിയരിയിൽ തിരി തെളിയുന്നതും എല്ലാം വർഷവും നടക്കുന്നതാണ്. അതാണ് ഈ നാട്ടിലെ സമ്പ്രദായവും ഈ നാട്ടിലെ ഏകതയും. അങ്ങനെയുള്ള ഒരു സ്ഥലത്ത് ഇതുപോലൊരു പ്രോഗ്രാം നടന്നപ്പോൾ അവിടെ നവീനെ പഠിപ്പിച്ച അധ്യാപകരും അവരുടെ സുഹൃത്തുക്കളും സഹപാഠികളും അവരുടെ വീട്ടുകാരും എല്ലാം ഉണ്ടായിരുന്നു. അപ്പോൾ അവിടെ അങ്ങനെ ഒരു ഗാനം പാടുന്നതിൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു തെറ്റും കണ്ടില്ല’ -അവർ പറയുന്നു.

‘ആരുടെയും വിശ്വാസങ്ങളെയോ വികാരങ്ങളെയോ വേദനിപ്പിക്കാനുള്ള ഉദ്ദേശം ഞങ്ങള്‍ക്കൊരിക്കലും ഉണ്ടായിരുന്നില്ല. ഇത് ആരെയെങ്കിലും അസ്വസ്ഥരാക്കിയിട്ടുണ്ടെങ്കില്‍, ആ വികാരം ഞങ്ങള്‍ ഹൃദയപൂര്‍വം അംഗീകരിക്കുന്നു. നന്ദഗോവിന്ദം എപ്പോഴും ഭക്തി, ഐക്യം, സംഗീതത്തിലൂടെ ആളുകള്‍ ഒന്നാകുന്ന ആത്മാവ് എന്നിവയ്ക്കായി നിലകൊണ്ടതാണ്. അത് മാറിയിട്ടില്ല. സംഗീതം നന്ദിയും ആദരവും ബന്ധവും പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു ശക്തിയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു — അതായിരുന്നു ആ നിമിഷത്തിന് പിന്നിലുള്ള ഏക ചിന്ത’ -നന്ദഗോവിന്ദം വിശദീകരണത്തിൽ പറഞ്ഞു.

കോട്ടയം നട്ടാശ്ശേരി വേമ്പിന്‍കുളങ്ങര ​ക്ഷേത്രോത്സവത്തിനിടെയാണ് നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഭക്തിഗാനം ആലപിച്ചത്. ഇതിൽ അഭിനന്ദനവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. അതിനിടെയാണ് നന്ദഗോവിന്ദം ഭജന്‍സിനെതിരെ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികലയും സംഘവും രൂക്ഷവിമര്‍ശനം അഴിച്ചുവിട്ടത്. ഇരിക്കുന്ന കൊമ്പ് എത്ര ബലമുളളതാണെങ്കിലും സ്വയം മുറിച്ചാൽ അത് മുറിയാതിരിക്കില്ല. ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്. ഒരു വീട്ടമ്മയുടെ ഉപദേശമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു പരിഹാസം.

‘ഇതുവരെ അവരെ ആരും അഭിനന്ദിച്ചിരുന്നില്ലേ ? പതിനായിരങ്ങൾ മണിക്കൂറുകൾ അവരെ കാത്തിരുന്നിരുന്നത് നിന്ദിക്കാനായിരുന്നോ? ചെറിയ പ്രവാഹം അരുവിയാണ് തോടാണ് പുഴയാണ് അവയൊക്കെ ഭൂമിയുടേയും ജീവജാലങ്ങളുടേയും ദാഹം മാറ്റാനും മനസ്സും ശരീരവും കുളിപ്പിക്കാനും ഒക്കെ നല്ലതാണ്!. പക്ഷേ പ്രവാഹത്തിന് ശക്തി കൂടിയാൽ അത് പലതിനേയും ഒഴുക്കി കളയും!. ചൂരൽമലയിലൊക്കെ പ്രവാഹം ശക്തി കൂടിയതിന്റെ അനുഭവം എന്താണെന്ന് നമുക്കറിയാമല്ലോ? ഇരിക്കുന്ന കൊമ്പ് എത്ര ബലമുളളതാണെങ്കിലും സ്വയം മുറിച്ചാൽ അത് മുറിയാതിരിക്കില്ല. Any How ആശംസകൾ. ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്. ഒരു വീട്ടമ്മയുടെ ഉപദേശമാണ്. പാടിയ വരികൾ കമന്റിലുണ്ട്’ എന്നായിരുന്നു ശശികലയുടെ പോസ്റ്റ്.

കമന്റിൽ നന്ദഗോവിന്ദം ഭജൻസ് ആലപിച്ച ഗാനത്തിന്റെ വരികൾ പങ്കുവെക്കുകയും ചെയ്തു. ‘നന്ദ ഗോവിന്ദം ഭജൻസ് ഒരു ക്രിസ്ത്യൻ കർണ്ണാടിക് ഗാനം പാടുന്ന ഒരു വിഡിയോ കണ്ടു. ഇതാണ് വരികൾ. ബൈബിളിലെ 68-ആം സങ്കീർത്തനത്തെ ആധാരമാക്കിയാണ് ഈ ഗാനം എഴുതിയിരിക്കുന്നത്’ എന്നു പറഞ്ഞുകൊണ്ടാണ് വരികൾ പങ്കുവെച്ചത്. മോഹന്‍ സിത്താരയുടെ സംഗീതത്തില്‍ കെ.ജെ. യേശുദാസ് പാടിയ ‘ഈ പരദേവനഹോ’ എന്ന ഗാനമാണ് നന്ദഗോവിന്ദം ഭജന്‍സ് ആലപിച്ചത്. ക്ഷേത്രവും തൊട്ടടുത്ത പള്ളിയും തമ്മിലുള്ള ദൃഢമായ ബന്ധം ഉയര്‍ത്തിക്കാട്ടാനാണ് ഈ ഗാനം ആലപിക്കുന്നതെന്നും ഭജനസംഘം വേദിയില്‍ പറഞ്ഞിരുന്നു.

നന്ദഗോവിന്ദം ഭജന്‍സിന്റെ പ്രസ്താവനയുടെ പൂർണരൂപം:

With Respect and Clarity 🙏🏼

ഞങ്ങളുടെ അടുത്തിടെ നടന്ന ഭജനവുമായി ബന്ധപ്പെട്ട ഒരു നിമിഷത്തെ കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടക്കുന്നതായി ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്.

പൂര്‍ണമായ വ്യക്തതയോടും ആദരവോടും കൂടി ഇതിനെക്കുറിച്ച് ഞങ്ങള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.

ഈ പരിപാടി ഒരു ക്ഷേത്ര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു, വിവിധ രീതികളില്‍ നിരവധി ആളുകള്‍ പിന്തുണച്ച ഒരു സംരംഭം. അതില്‍ പങ്കുചേരാന്‍ ഞങ്ങള്‍ക്ക് ഭാഗ്യം ലഭിച്ചു. പൂര്‍ണമായും ഭക്തിഭാവത്തോടെയാണ് ഞങ്ങള്‍ ഈ പരിപാടി അവതരിപ്പിച്ചത്, യാതൊരു പ്രതിഫലവും സ്വീകരിക്കാതെ.


പരിപാടിയുടെ ഭാഗമായി, സംഘാടകരുടെയും പ്രേക്ഷകരുടെയും അനുമതിയോടെ, ഈ സംരംഭത്തിന് പിന്തുണ നല്‍കിയവര്‍ക്കുള്ള ചെറിയ നന്ദി രേഖപ്പെടുത്തലായി ഞങ്ങള്‍ ഒരു ഗാനം ആലപിച്ചു.

ആരുടെയും വിശ്വാസങ്ങളെയോ വികാരങ്ങളെയോ വേദനിപ്പിക്കാനുള്ള ഉദ്ദേശം ഞങ്ങള്‍ക്കൊരിക്കലും ഉണ്ടായിരുന്നില്ല. ഇത് ആരെയെങ്കിലും അസ്വസ്ഥരാക്കിയിട്ടുണ്ടെങ്കില്‍, ആ വികാരം ഞങ്ങള്‍ ഹൃദയപൂര്‍വം അംഗീകരിക്കുന്നു.

നന്ദഗോവിന്ദം എപ്പോഴും ഭക്തി, ഐക്യം, സംഗീതത്തിലൂടെ ആളുകള്‍ ഒന്നാകുന്ന ആത്മാവ് എന്നിവയ്ക്കായി നിലകൊണ്ടതാണ്. അത് മാറിയിട്ടില്ല.

സംഗീതം നന്ദിയും ആദരവും ബന്ധവും പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു ശക്തിയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു — അതായിരുന്നു ആ നിമിഷത്തിന് പിന്നിലുള്ള ഏക ചിന്ത.

എല്ലാവര്‍ക്കും ആദരത്തോടെ,

നന്ദഗോവിന്ദം ഭജൻസ്

നട്ടാശ്ശേരി വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റിയുടെ പ്രസ്താവനയുടെ പൂർണരൂപം:

വിഷയം :- നന്ദഗോവിന്ദം ഭജൻസ് 2026 ഏപ്രിൽ 14 പ്രോഗ്രാം ആയി ബന്ധപ്പെട്ട്

Nandagovindam Bhajans

ഈ സാഹചര്യത്തിൽ ഒരു കാര്യം പറയാതിരിക്കാൻ വയ്യ, അതും പ്രത്യേകിച്ച് ക്ഷേത്രത്തെ സംബന്ധിച്ചാകുമ്പോൾ. നന്ദഗോവിന്ദം ഭജൻസ് കഴിഞ്ഞ പതിനാലാം തീയതി ഒരു പ്രോഗ്രാം ഞങ്ങളുടെ ക്ഷേത്രവുമായി ബന്ധപ്പെട്ട് നടത്തിയിരുന്നു, ക്ഷേത്ര പുനർനിർമാണം നടക്കുന്നതു കൊണ്ടും അതിന് ഒരു പ്രചാരണമെന്ന് രീതിയിൽ നന്ദഗോവിന്ദം ഭജൻസ് ഫ്രീ ആയിട്ട് ക്ഷേത്രത്തിനു വേണ്ടി നടത്തിയ പ്രോഗ്രാമാണ്. അത് കുറച്ചു പേർ വളരെയധികം വിവാദത്തിൽ എത്തിച്ചിരിക്കുകയാണ്. ഒരു കാര്യം പ്രത്യേകമായി പറയാനുള്ളത്, ഒന്നാമതായി ഈ പ്രോഗ്രാം നടന്നത് ക്ഷേത്ര മതിൽക്കെട്ടിനകത്തല്ല. അതിനുള്ളിൽ സ്ഥലമില്ലാതിരുന്നത് കൊണ്ട് വെളിയിൽ ഒരു സ്ഥലം അതിനു വേണ്ടി ഒരുക്കി എടുക്കുകയാണ് ചെയ്തത്. തന്നെയുമല്ല ഈ നാട്ടിലുള്ള എല്ലാ വിഭാഗം ജനങ്ങളും, അതിന് ഇന്ന മതം എന്നൊന്നുമില്ല, എല്ലാവരും ഒരുമിച്ച് സഹകരിച്ചാണ് ഈ പ്രോഗ്രാം ഇവിടെ നടത്തിയത്. നന്ദഗോവിന്ദത്തിൻ്റെ സ്വന്തം തട്ടകം, അവർ വളർന്നത് ഇവിടെ നിന്നാണ്. നവീൻ LKG മുതൽ പഠിച്ചത് ഇവിടത്തെ പള്ളി സ്കൂളിലാണ്. പഠിപ്പിച്ചത് എല്ലാ വിഭാഗത്തിലുമുള്ള ടീച്ചർമാരുമുണ്ട്.

അതിനാൽത്തന്നെ പ്രോഗ്രാം കേൾക്കാൻ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുപോലെ സഹകരിച്ചിരുന്നു. ജനബാഹുല്യം കണക്കിലെടുത്ത് ഫ്രീ പാസ്സോടു കൂടിയാണ്പ്രോഗ്രാം കൺട്രോൾ ചെയ്തത്. ഈ നാട്ടിലുള്ള എല്ലാവർക്കും പ്രോഗ്രാം കാണുന്നതിനും കേൾക്കുന്നതിനും ജാതിമതഭേദമന്യേ പാസുകൾ വീട്ടിലെത്തിച്ചിരുന്നു. എല്ലാവരും വരികയും പ്രോഗ്രാം കേൾക്കുകയും ചെയ്തു. ഈ അമ്പലത്തിൽ നടക്കുന്ന എല്ലാ പരിപാടികൾക്കും എല്ലാ മതസ്ഥരും സഹകരിക്കുന്നുണ്ട്.

ഇവിടത്തെ ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്. താലപ്പൊലി കടന്നു പോകുമ്പോൾ അവർ വഴിയരിയിൽ തിരി തെളിയുന്നതും എല്ലാം വർഷവും നടക്കുന്നതാണ്. അതാണ് ഈ നാട്ടിലെ സമ്പ്രദായവും ഈ നാട്ടിലെ ഏകതയും. അങ്ങനെയുള്ള ഒരു സ്ഥലത്ത് ഇതുപോലൊരു പ്രോഗ്രാം നടന്നപ്പോൾ അവിടെ നവീനെ പഠിപ്പിച്ച അധ്യാപകരും അവരുടെ സുഹൃത്തുക്കളും സഹപാഠികളും അവരുടെ വീട്ടുകാരും എല്ലാം ഉണ്ടായിരുന്നു. അപ്പോൾ അവിടെ അങ്ങനെ ഒരു ഗാനം പാടുന്നതിൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു തെറ്റും കണ്ടില്ല. അത് ഒരു വലിയ അപരാധമാണെന്ന് ഞങ്ങൾ ഒരിക്കലും വിശ്വസിക്കുന്നില്ല. ഈ ഗ്രാമത്തിലുള്ള എല്ലാവരും വളരെ സൗഹാർദ്ദപരമായി ജീവിക്കുന്നവരാണ്. അങ്ങനെയുള്ള ഒരു ദേശത്തെ ഇത്തരത്തിലുള്ള ഒരു വിവാദം ഇളക്കിവിട്ട്നിലവിലുള്ള സൗഹാർദത്തെ എല്ലാവരുംകൂടി തകർക്കരുത് എന്ന് മാത്രമേ ഈ അവസരത്തിൽ പറയാനുള്ളൂ.

എന്ന്,

കൺവീനർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KP SasikalaChristian Devotional SongHindu Aiky vediNandagovindam Bhajans
News Summary - nothing wrong with Christian devotional songs- Temple Committee in criticism against Nanda Govindam Bhajans
Next Story