മക്കളുടെ വിവാഹം നടത്തിയത് ഭാര്യയുടെ കൈയിൽ നിന്ന് കടംവാങ്ങി, ബന്ധുനിയമനത്തിൽ ഒരു തെറ്റും ചെയ്തിട്ടില്ല; ഖുർആൻ ഉയർത്തിപ്പിടിച്ച് സത്യം ചെയ്ത് കെ.ടി. ജലീൽ
text_fieldsകെ.ടി. ജലീൽ
മലപ്പുറം: തന്റെ മന്ത്രിസ്ഥാനം പോലും നഷ്ടമാക്കിയ ബന്ധുനിയമനത്തിൽ നിരപരാധിയെന്ന് ആവർത്തിച്ച് കെ.ടി. ജലീൽ എം.എൽ.എ. ബന്ധുനിയമനത്തിൽ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പറഞ്ഞ കെ.ടി. ജലീൽ ഖുർആൻ ഉയർത്തിപ്പിടിച്ച് സത്യം ചെയ്യുകയും ചെയ്തു. ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ജനറൽ മാനേജറായി ബന്ധുവായ കെ.ടി. അദീപിനെ നിയമിച്ചതാണ് ജലീലിനെതിരെ ഉയർന്ന ആരോപണം.
തനിക്കെതിരെ യൂത്ത്‍ലീഗ് നേതാവ് പി.കെ. ഫിറോസ് വ്യാജ പ്രചാരണമാണ് നടത്തിയത്. മക്കളുടെ വിവാഹത്തിന് ഭാര്യയുടെ കൈയിൽ നിന്ന് 11ലക്ഷം രൂപയാണ് കടം വാങ്ങിയതെന്നും കെ.ടി. ജലീൽ പറഞ്ഞു. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കിയ സമയത്ത് ഹൈക്കോടതി ജഡ്ജി ആയിരുന്നു സിറിയക് ജോസഫ്. സിറിയക് ജോസഫിനെ ലീഗ് നേതാക്കള്‍ സ്വാധീനിച്ചാണ് ബന്ധു നിയമനത്തില്‍ തനിക്കെതിരേ നടപടി എടുപ്പിച്ചത്. ലീഗ് നേതാക്കള്‍ സിറിയക് ജോസഫിനെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും ജലീല്‍ ആരോപിച്ചു.
മുസ്‍ലിം ലീഗിന്റെ സെയിൽസ് മാനേജറാണ് പി.കെ. ഫിറോസ് എന്നാരോപിച്ച ജലീൽ, പാർട്ടി പദ്ധതികളുടെ മറവിൽ വൻ സാമ്പത്തിക തിരിമറിയാണ് നടത്തുന്നതെന്നും പറഞ്ഞു. ദോത്തി ചലഞ്ച് എന്ന പേരില്‍ 200 രൂപ പോലും ഇല്ലാത്ത മുണ്ട് അറുനൂറിലധികം രൂപയ്ക്കാണ് യൂത്ത് ലീഗ് നേതാക്കള്‍ വാങ്ങിയത്. വന്‍തട്ടിപ്പാണ് ഇതിലൂടെ നടന്നത്. യൂത്ത് ലീഗ് നേതാക്കള്‍ തന്നെയാണ് ഈ രേഖകളെല്ലാം തരുന്നതെന്നും കെ.ടി. ജലീൽ അവകാശപ്പെട്ടു.
ഫോർച്യൂൺ ഹൗസ് ജനറൽ എന്ന ദുബൈ കമ്പനിയുടെ മാനേജറാണ് പി.കെ. ഫിറോസ്. മാസം 5.25 ലക്ഷം രൂപയാണ് ഫിറോസിന്റെ ശമ്പളം. അതുമായി ബന്ധപ്പെട്ട രേഖകളും വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. 21-3-24 മുതല്‍ ഫിറോസ് ഈ ശമ്പളം വാങ്ങുന്നുണ്ട്. 2021 ല്‍ മത്സരിക്കുമ്പോള്‍ 25 ലക്ഷം രൂപ ബാധ്യതയുണ്ടെന്ന് ഫിറോസ് പറഞ്ഞിരുന്നു. ഇങ്ങനെ ബാധ്യതയുള്ളയാള്‍ക്ക് 2024 ആവുമ്പോഴേക്ക് എങ്ങനെ ഇത്ര ശമ്പളം വാങ്ങുന്ന ജോലി കിട്ടിയെന്നും ജലീല്‍ ചോദിച്ചു. രാഹുൽ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് കാണിച്ച മാന്യതയുടെ അരികില്‍ ലീഗ് എത്തണമെങ്കില്‍ ഫിറോസിനെ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിനിര്‍ത്തമെന്നും ജലീല്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

