വോട്ടിന് നോട്ട്: അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് ആർ.ഡി.ഒ
text_fieldsപാലക്കാട്: പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പി വോട്ടിന് പണം നൽകിയെന്ന ആരോപണം അന്വേഷിക്കാൻ കൂടുതൽ സമയം വേണമെന്ന് ആർ.ഡി.ഒ. കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തണമെന്നാണ് ആർ.ഡി.ഒ ജില്ല കലക്ടറെ അറിയിച്ചത്. ഈ ആവശ്യം കലക്ടർ അംഗീകരിച്ചു. ആരോപണത്തിൽ ബി.ജെ.പി സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ മൊഴി തെരഞ്ഞെടുപ്പ് കമീഷൻ കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ കണ്ണാടി പഞ്ചായത്തിലെ വോട്ടറായ സ്ത്രീക്ക് പണം നൽകിയെന്നായിരുന്നു ആരോപണം.
ശോഭാ സുരേന്ദ്രൻ പണവും സാരിയും നല്കി വോട്ടർമാരെ സ്വാധീനിക്കാന്‍ ശ്രമിച്ച ദൃശ്യങ്ങള്‍ കോൺഗ്രസ് പുറത്ത് വിടുകയായിരുന്നു. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബി.ജെ.പി പ്രവർത്തകരെത്തിയത്. ദേവു എന്ന സ്ത്രീക്ക് ശോഭയ്ക്കൊപ്പമെത്തിയ യുവതി പണം കൈമാറിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.
പണം കിട്ടിയതായി ആദ്യം സ്ഥിരീകരിച്ച വയോധിക പിന്നീട് അത് തിരുത്തി. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമീഷന് പാലക്കാട് ജില്ലാ കലക്ടർ പ്രാഥമിക റിപ്പോർട്ട് നൽകി. കോൺഗ്രസ് പറഞ്ഞുവിട്ട വനിതയാണ് പണം നൽകിയതെന്നായിരുന്നു ശോഭയുടെ വാദം. കാറിലിരുന്നവർ തനിക്ക് നേരെ ലൈംഗിക ചേഷ്ടകൾ കാണിച്ചെന്ന് ശോഭ ആരോപിച്ചു. എന്നാൽ, ഇവർ പറഞ്ഞത് തെറ്റെന്ന് തെളിയിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ കോൺഗസ് പുറത്തുവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

