ഓടുന്ന വാഹനത്തിന്‍റെ ഫോട്ടോയെടുത്ത് പിഴ ചുമത്തേണ്ട -ഉദ്യോഗസ്ഥർക്ക് കർശന നിർദേശം
text_fieldsതിരുവനന്തപുരം: ഓടിപ്പോകുന്ന വാഹനങ്ങളുടെ ചിത്രം പകർത്തി, രേഖകളില്ലാത്തത് പിഴ ചുമത്തുന്ന നടപടി നിയമവിരുദ്ധമെന്നും ഉടൻ അവസാനിപ്പിക്കണമെന്നും ഉദ്യോഗസ്ഥർക്ക് മോട്ടോർ വാഹന വകുപ്പിന്‍റെ നർദേശം. ഇത്തരം പരിശോധന മോട്ടോർ വാഹന നിയമങ്ങളിലോ ചട്ടങ്ങളിലോ പ്രതിപാദിച്ചിട്ടില്ലെന്നും ഇത് വകുപ്പിനെ അപകീർത്തിപ്പെടുത്തലുമാണെന്നും ഉദ്യോഗസ്ഥർക്കയച്ച സർക്കുലറിൽ ഗതാഗത കമീഷണറേറ്റ് ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര മോട്ടോർ വാഹന ചട്ടപ്രകാരം ഫോട്ടോ വഴി മാത്രം കൃത്യമായ തെളിവ് വ്യക്തമായി ലഭിക്കുന്ന നിയമലംഘനങ്ങൾക്ക് മാത്രമാണ് പിഴചുമത്താൻ നിയമപരമായി അനുവാദമുള്ളത്. ഇതിന് വിരുദ്ധമായി കേസെടുക്കുന്നതായി പരാതിയുണ്ടായാൽ അന്വേഷിച്ച് ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടി സ്വീകരിക്കും. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നിയമപരമല്ലാത്ത കേസുകൾ തയാറാക്കി വാഹന ഉടമകളെ ബുദ്ധിമുട്ടിക്കാൻ പാടില്ലെന്നും സർക്കുലറിൽ പറയുന്നു.
അതേസമയം ക്രാഷ് ഗാർഡ്, ബുൾബാർ എന്നിവ വാഹനങ്ങളിൽ ഘടിപ്പിക്കുന്നതുമൂലം മറ്റ് റോഡ് ഉപയോക്താക്കൾക്ക് ഗുരുതരമായ അപകടങ്ങൾ സംഭവിച്ചേക്കാം എന്നതിനാൽ ഇവക്കെതിരെ നടപടിയെടുക്കാം. വാഹനങ്ങളിൽ അനധികൃതമായ ലൈറ്റുകൾ അധികമായി ഘടിപ്പിച്ചാൽ ഓരോ ലൈറ്റിനും അനധികൃത ഓൾട്ടറേഷൻ എന്ന ഇനത്തിൽ പിഴ ചുമത്തുകയും വേണമെന്നും സർക്കുലറിലുണ്ട്.
ലഗേജ് കാരിയർക്കെതിരെയും നടപടി വേണ്ട
കാറുകൾക്കും മറ്റും മുകളിൽ റൂഫ് ലഗേജ് കാരിയർ സ്ഥാപിച്ചത് അനധികൃത രൂപമാറ്റമായി കണ്ട് പിഴചുമത്തുന്ന പ്രവണതയും വിലക്കി. വിനോദസഞ്ചാരികൾ ഉൾപ്പെടെ ധാരാളമായി ഉപയോഗിക്കുന്ന ടാക്സി വാഹനങ്ങളിലെ ലഗേജ് കാരിയറുകൾക്കെതിരെ നിയമപരമല്ലാത്ത പിഴ ചുമത്തുന്നതുമൂലം പൊതുജനങ്ങൾ കള്ള ടാക്സിയെയും മറ്റും കൂടുതലായി ആശ്രയിക്കേണ്ടിവരും. നിയമപരമല്ലാത്ത ഈ നടപടികൾ വകുപ്പിന് കളങ്കം ഏൽപിക്കുന്നതാണെന്നും സർക്കുലറിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

