‘നോട്ട് ഓൺലി വി.ഡി. സതീശൻ, സോ മെനി സതീശൻസ് ഇൻ പാർട്ടി’ -കെ. സുധാകരൻ
text_fieldsതിരുവനന്തപുരം: യു.ഡി.എഫ് നേടിയ ഉജ്വല വിജയത്തിന്റെ ശോഭ കെടുത്തുന്ന തരത്തിൽ മുഖ്യമന്ത്രി സ്ഥാനത്തിനുള്ള പിടിവലി മുറുകുന്നു. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് കോൺഗ്രസിൽ ഒരു വി.ഡി. സതീശനല്ല, ഒരുപാട് സതീശൻമാരുണ്ട് എന്നായിരുന്നു മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ മറുപടി.
‘നോട്ട് ഓൺലി വി.ഡി. സതീശൻ, ദേർ ആർ സോ മെനി സതീശൻസ് ഇൻ പാർട്ടി’ -വാർത്താ ഏജൻസിയുടെ ചോദ്യത്തോട് സുധാകരൻ പ്രതികരിച്ചു. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടികളുടെ ഭാഗമായി കേരളത്തിലെത്തിയ ഹൈകമാൻഡ് നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവരെ സന്ദർശിച്ച ശേഷമാണ് സുധാകരൻ ഇക്കാര്യം പറഞ്ഞത്. ഒരു ഫോർമുല തയാറാക്കി എ.ഐ.സി.സി നിരീക്ഷകർക്ക് കൈമാറിയതായും അദ്ദേഹം വ്യക്തമാക്കി. ഇത് കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കി നിർദേശിക്കുന്നതാണെന്നാണ് സൂചന.
അതിനിടെ, കെ.പി.സി.സി ആസ്ഥാനത്ത് കോൺഗ്രസ് എം.എൽ.എമാരുടെ ആദ്യ പാർലമെന്‍ററി പാർട്ടി യോഗം തുടങ്ങി.
ഹൈകമാൻഡ് നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം. വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്.
എം.എൽ.എമാരുടെ പിന്തുണ ഉറപ്പിക്കാനുള്ള അവസാന ശ്രമങ്ങളിലാണ് ഗ്രൂപ്പ് ക്യാമ്പുകൾ. എം.എൽ.എമാരുടെ പിന്തുണയുടെ എണ്ണമെടുക്കലിനപ്പുറം അവരുടെ അഭിപ്രായംകൂടി കേൾക്കും. ഹൈകമാൻഡ് നിരീക്ഷകർ ഓരോരുത്തരെ നേരിൽ കാണും. അഭിപ്രായങ്ങൾ സമാഹരിച്ച ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈകമാൻഡിനെ ചുമതലപ്പെടുത്തി കോൺഗ്രസ് യോഗം ഒറ്റവരി പ്രമേയം പാസാക്കും. മറ്റ് സംസ്ഥാനങ്ങളിലെ നടപടിക്രമങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ ഘടകകക്ഷികളുടെ അഭിപ്രായവും പരിഗണിക്കും. കെ.പി.സി.സി മുൻ പ്രസിഡന്‍റുമാർ, എം.പിമാർ എന്നിവരുടെ അഭിപ്രായവും ആരായും.
ഇതിനിടെ മല്ലികാർജുൻ ഖാർഗെ, എ.കെ ആന്‍റണി ഉൾപ്പെടെ മുതിർന്ന നേതാക്കളുമായും ആശയവിനിമയം നടത്തും. ഇന്നുതന്നെ കൂടിക്കാഴ്ച പൂർത്തിയാക്കാനാണ് ശ്രമം. ഇവർ ഡൽഹിയിലെത്തി എ.ഐ.സി.സിക്ക് റിപ്പോർട്ട് നൽകിയതിന് പിന്നാലെ വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരെ ഡൽഹിക്ക് വിളിപ്പിക്കും. നിരീക്ഷകരുടെ റിപ്പോർട്ടിന് പുറമേ, സ്ഥാനാർഥി നിർണയത്തിൽ സ്വീകരിച്ചതിന് സമാനമായി ജനവികാരം മനസ്സിലാക്കാൻ ബദൽ മാർഗങ്ങൾ സ്വീകരിക്കുമെന്നും വിവരമുണ്ട്. ഞായറാഴ്ച ഹൈകമാൻഡ് നടപടികൾ പൂർത്തിയാക്കി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

