വിദേശിയെ അവഹേളിച്ചിട്ടില്ലെന്ന് സസ്പെൻഷനിലായ എസ്.ഐ; മുഖ്യമന്ത്രിക്ക് പരാതി നൽകി
text_fieldsതിരുവനന്തപുരം: കോവളത്ത് വിദേശിയെ അവഹേളിച്ച സംഭവത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട കോവളത്തെ ഗ്രേഡ് എസ്.ഐ ഷാജി മുഖ്യമന്ത്രിക്ക് പരാതി നൽകി. പുതുവർഷത്തലേന്ന് തീരത്ത് മദ്യം കൊണ്ടുപോകാൻ അനുവദിക്കരുതെന്ന ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം നടപ്പാക്കുക മാത്രമായിരുന്നെന്നും സസ്പെൻഷൻ പിൻവലിക്കണമെന്നുമാവശ്യപ്പെട്ട് പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ മുഖേനയാണ് പരാതി നൽകിയത്.
വിദേശിയോട് മോശമായി സംസാരിക്കുകയോ മദ്യം കളയാൻ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് വധശിക്ഷ വാങ്ങിക്കൊടുക്കാൻ അന്വേഷണം പൂർത്തിയാക്കിയ ഉദ്യോഗസ്ഥനാണ് താൻ. കോവളത്ത് മുറി ബുക്ക് ചെയ്തിരുന്നവർ ബില്ലുൾപ്പെടെ മദ്യവുമായി വന്നപ്പോൾ കടത്തിവിട്ടിരുന്നതായും പരാതിയിൽ പറയുന്നു. സംസ്ഥാന പൊലീസ് മേധാവിക്കും ഷാജി പരാതി നൽകിയിട്ടുണ്ട്.
ഗ്രേഡ് എസ്.ഐക്കെതിരെ ശിക്ഷാനടപടിയിലും പ്രിൻസിപ്പൽ എസ്.ഐ അനീഷ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ മനീഷ്, സജിത്ത് എന്നിവർക്കെതിരെ വകുപ്പുതല അന്വേഷണത്തിലും സേനക്കുള്ളിൽ അമർഷം ശക്തമാണ്. പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് മദ്യനിരോധനമേഖലയായി പ്രഖ്യാപിച്ചിരുന്ന കോവളം തീരത്ത് മദ്യം കൊണ്ടുപോകരുതെന്ന നിർദേശമാണ് മുൻ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ ബൽറാം കുമാർ ഉപാധ്യായ നൽകിയിരുന്നത്. അത് അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ പറയുന്നു.
സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാടിലായിരുന്നു ഐ.ജി ബൽറാം കുമാർ ഉപാധ്യായ. പരിശോധനയിൽ തെറ്റില്ലെന്നും ഇതുസംബന്ധിച്ച് പുറത്തുവന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കാണിച്ച് ഡിസംബർ 31ന് അദ്ദേഹം പത്രക്കുറിപ്പും ഇറക്കി. എന്നാൽ, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചതോടെയാണ് പൊലീസുകാർക്കെതിരെ നടപടിയുണ്ടായത്.
എന്തുകൊണ്ട് ഇത്തരമൊരു നിർദേശം നൽകിയ എ.ഡി.ജി.പി ബൽറാം കുമാർ ഉപാധ്യായക്കെതിരെ അന്വേഷണമില്ലെന്ന ചോദ്യമാണ് സേനാംഗങ്ങളിൽനിന്നുയരുന്നത്. മേലധികാരികളുടെ നിർദേശപ്രകാരമുള്ള ജോലിയാണ് പൊലീസുകാർ നിർവഹിച്ചതെന്ന് പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിയെ ധരിപ്പിച്ചെങ്കിലും വിദേശിയെ തടഞ്ഞ പൊലീസുകാർക്കെതിരെ നടപടി വേണമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

