Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅസാധ്യമായി ഒന്നുമില്ല;...

അസാധ്യമായി ഒന്നുമില്ല; അതിനാൽ ഞാൻ സോഫ്റ്റ്വെയർ ഉണ്ടാക്കി

text_fields
bookmark_border
അസാധ്യമായി ഒന്നുമില്ല; അതിനാൽ   ഞാൻ സോഫ്റ്റ്വെയർ ഉണ്ടാക്കി
cancel

അടിച്ചുമാറ്റണം. അതിനൊരു വഴി കണ്ടെത്തണം. അസാധ്യമെന്ന് വിചാരിച്ചാൽ ഒന്നും നടക്കില്ലല്ലോ. അങ്ങനെ കാഞ്ഞ ബുദ്ധിയിൽ വിരിഞ്ഞ ആശയമാണ് സ്വന്തമായി സോഫ്റ്റ്വെയർ വികസിപ്പിക്കുക എന്നത്. സൊസൈറ്റിയിലെ മുഴുവൻ കളികളും മനപ്പാഠമാക്കിയ അറ്റൻഡർ ആണ് അത് ചെയ്തത് എന്നതിലൊന്നും കാര്യമില്ല. അന്വേഷണത്തിൽ കണ്ടെത്തിയത് അങ്ങനെയാണ്. തീയതി തിരുത്താൻ സഹായിക്കുന്ന സോഫ്റ്റ്വെയർ സൊസൈറ്റിയിലെ സംവിധാനത്തിലേക്ക് കടത്തിവിട്ടാണ് തട്ടിപ്പ് എന്നും തെളിഞ്ഞു. മലപ്പുറം വേങ്ങരയിൽ സി.പി.എം നിയന്ത്രണത്തിലുള്ള പറപ്പൂർ വീണാലുക്കൽ റൂറൽ കോഓപറേറ്റിവ് സൊസൈറ്റി പ്രശസ്തിയുടെ വിഹായസ്സിലേക്ക് ഉയർന്നത് അങ്ങനെയാണ്.

2019 ഫെബ്രുവരി 28നായിരുന്നു നാടിനെ നടുക്കിയ കോടികളുടെ തട്ടിപ്പ് പുറത്തുവന്നത്. 600 പവൻ സ്വർണവും 88 ലക്ഷം രൂപയും സ്ഥിരനിക്ഷേപത്തിലെ ഏഴ് ലക്ഷവും ആവിയായെന്നായിരുന്നു കണ്ടെത്തൽ. കേസിലെ ഒന്നാം പ്രതി സൊസൈറ്റി അറ്റൻഡറും ഡി.വൈ.എഫ്.ഐ നേതാവുമായിരുന്ന മൂച്ചിക്കാടൻ ജബ്ബാറിനെ വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കൂട്ടുപ്രതിയും താൽക്കാലിക ജീവനക്കാരനുമായ ഷഹദ് ഷഹീറിനെയും അറസ്റ്റ് ചെയ്തു.

വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ പ്രതികൾ പണയം വെച്ച നാല് കിലോ സ്വർണം കണ്ടെടുത്തതായിരുന്നു അന്വേഷണത്തിനിടയിലെ വൻ നേട്ടം. തട്ടിപ്പ് നടന്ന് രണ്ടര വർഷം കഴിഞ്ഞപ്പോൾ 9.4 കോടിയുടെ ബാധ്യത തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ജോയൻറ് രജിസ്ട്രാർ ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക് നോട്ടീസ് അയച്ചു. ഒന്നാം പ്രതി ജബ്ബാർ 5.4 കോടി, സെക്രട്ടറി പി.കെ. പ്രസന്നകുമാരി 2.2 കോടി, സൊസൈറ്റി

പ്രസിഡൻറും സി.പി.എം മുൻ ജില്ല കമ്മിറ്റി അംഗവുമായ എം. മുഹമ്മദ് 98.37 ലക്ഷം, വൈസ് പ്രസിഡൻറും പറപ്പൂർ പഞ്ചായത്തംഗവുമായ സി. കബീർ 4.38 ലക്ഷം, സി.പി.എം ജില്ല കമ്മിറ്റി അംഗവും മഹിള അസോസിയേഷൻ ജില്ല ഭാരവാഹിയുമായ വി.ടി. സോഫിയ 5.53 ലക്ഷം, അലവിക്കുട്ടി ആലങ്ങാടൻ 8.55 ലക്ഷം, ടി.കെ. അലവി 8.84 ലക്ഷം, കെ.എം. പറങ്ങോടൻ 7.83 ലക്ഷം, മണി ഐക്കാടൻ 5.82 ലക്ഷം, സത്യഭാമ 1.25 ലക്ഷം, പി.കെ. അലവി 7.40 ലക്ഷം, പ്രേമലത 5.82 ലക്ഷം, ഡോ. അലി കോട്ടക്കാരൻ 64,000 എന്നിങ്ങനെയാണ് ബാധ്യത തിട്ടപ്പെടുത്തിയത്.

കള്ളപ്പണം വെളുപ്പിച്ച് കൊടുക്കപ്പെടും

തിരൂരങ്ങാടി താലൂക്കിൽ, മഹാനായ സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ പേരിലുള്ള അബ്ദുറഹ്മാൻ നഗർ ഗ്രാമ പഞ്ചായത്തിൽ 1922ൽ തുടങ്ങിയ പുകൾപെറ്റ ധനകാര്യ സ്ഥാപനമാണ് അബ്ദുറഹ്മാൻ നഗർ സർവിസ് സഹകരണ ബാങ്ക് അഥവാ എ.ആർ. നഗർ സർവിസ് സഹകരണ ബാങ്ക്.

10 ശാഖകളും അരലക്ഷത്തിലേറെ അംഗങ്ങളുമുള്ള കേരളത്തിലെ എണ്ണപ്പെട്ട സഹകരണ സ്ഥാപനം. പ്രവർത്തനരംഗത്ത് മികച്ച ട്രാക്ക് റെക്കോഡുമായി പടക്കുതിരയെപ്പോലെ കുതിക്കുന്ന കാലത്താണ് ഇടിത്തീപോലെ ആ വാർത്ത വരുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ബാങ്കിൽ 1,021 കോടി രൂപയുടെ അനധികൃത ഇടപാടുകൾ നടന്നിരിക്കുന്നു. സഹകരണ വകുപ്പിന്റേതായിരുന്നു കണ്ടെത്തൽ.

വ്യാജ അക്കൗണ്ടുകൾ വഴി കള്ളപ്പണം വെളുപ്പിക്കൽ മുതൽ ബിനാമി അക്കൗണ്ടുകളിലേക്ക് കോടിക്കണക്കിനു രൂപ മാറ്റിയതടക്കം വൻ തട്ടിപ്പുകളാണ് തിരൂരങ്ങാടി അസി.രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. യു.ഡി.എഫാണ് ഭരണമെങ്കിലും മുസ്‍ലിം ലീഗിന് പ്രാമുഖ്യമുള്ള ബാങ്കിൽ, എ.ആർ നഗറിലേതുൾപ്പെടെ പത്ത് ശാഖകളിലാണ് പരിശോധന നടന്നത്. 2257 കസ്റ്റമർ ഐ.ഡികളിലായി 862 വ്യാജ അക്കൗണ്ടുകൾ വഴി 10 വർഷത്തിനിടെ 114 കോടിയുടെ ഇടപാട് നടത്തിയതായി കണ്ടെത്തി.അക്കൗണ്ട് ഉടമകളുടെ വിലാസങ്ങളിൽ കത്തയച്ചെങ്കിലും ആരും പ്രതികരിച്ചില്ല. അങ്ങനെയാരും ഉണ്ടായിരുന്നില്ല എന്നതാണ് യാഥാർഥ്യം.

എം. ദേവി എന്ന അംഗൻവാടി അധ്യാപിക അംഗൻവാടിയുടെ അടുക്കള നിർമാണത്തിന് സർക്കാർ ഫണ്ട് ലഭിക്കുന്നതിനായി ബാങ്കിൽ തുറന്ന അക്കൗണ്ടിലൂടെ അവർ അറിയാതെ 20 ലക്ഷം രൂപയുടെ ഇടപാടുകൾ നടന്നു. ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചപ്പോഴാണ് തന്റെ അക്കൗണ്ടിൽ തനിക്ക് സ്വപ്നം കാണാൻ പറ്റാത്ത ലക്ഷങ്ങൾ വന്നുപോയ കാര്യം ദേവി അറിഞ്ഞത്.സ്വർണപ്പണയ വായ്പയിൽ ഒറ്റ ശാഖയിൽ മാത്രം 44 ഗ്രാമിന്റെ കുറവും കണ്ടെത്തിയത്.

കഴിഞ്ഞ മാർച്ചിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ സംശയാസ്പദ രീതിയിൽ 53 അക്കൗണ്ടുകളിലായി 100 കോടിയിലേറെ രൂപയുടെ നിക്ഷേപവും കണ്ടെത്തിയിരുന്നു. സെക്രട്ടറി ഹരികുമാറുൾപ്പെടെയുള്ളവരുടെ വീടുകളിലും റെയ്ഡ് നടന്നു.ഹരികുമാറിന്റെ ഭാര്യയുടെയും അടുത്ത എട്ട് ബന്ധുക്കളുടെയും പേരിൽ 47 അക്കൗണ്ടുകളിലായി കോടിക്കണക്കിനു രൂപയുടെ നിക്ഷേപം കണ്ടെത്തിയെന്നായിരുന്നു ആരോപണമുയർന്നത്.

ഇനി കിട്ടിയാൽ കിട്ടി

നിക്ഷേപം തിരിച്ചു നൽകാൻ കഴിയാത്ത 12 സഹകരണ സ്ഥാപനങ്ങളാണ് മലപ്പുറത്തുള്ളത്: 1. പൊന്നാനി താലൂക്ക് ടാക്സി ഡ്രൈവേഴ്സ് സഹകരണ സംഘം 2. താനൂർ സർവിസ് സഹകരണ ബാങ്ക് 3. തിരൂർ താലൂക്ക് ഓട്ടോ ആൻഡ് ടാക്സി വർക്കേഴ്സ് സഹകരണ സംഘം 4. പുത്തനത്താണി വനിത സഹകരണ സംഘം 5.പറപ്പൂർ റൂറൽ സഹകരണ സംഘം 6. പെരിന്തൽമണ്ണ താലൂക്ക് റൂറൽ ഹൗസിങ് സഹകരണ സംഘം 7.

പെരിന്തൽമണ്ണ വനിത സഹകരണ സംഘം 8. മലപ്പുറം ഡിസ്ട്രിക്ട് ടൂറിസം പ്രമോഷൻ ആൻഡ് ഡെവലപ്മെൻറ് കോഓപറേറ്റിവ് സൊസൈറ്റി 9. എടക്കര വനിത സഹകരണ സംഘം 10. കൊണ്ടോട്ടി വനിത സഹകരണ സംഘം 11. നെടിയിരുപ്പ് അഗ്രികൾച്ചറൽ പട്ടികജാതി കോളനൈസേഷൻ സഹകരണ സംഘം 12. മോങ്ങം വനിത സഹകരണ സംഘം.

ഇളങ്ങുളം: കോട്ടയത്തിന്റെ ആവേശം

കോട്ടയത്തിന്റെ സഹകരണ മേഖലക്ക് ആവേശം പകരുന്ന ഒരു തട്ടിപ്പുകഥയുണ്ട്. കാൽനൂറ്റാണ്ട് മുമ്പ്, അതായത് 1996 ൽ തന്നെ 13 കോടിയുടെ വെട്ടിപ്പ് നടത്തിയാണ് അവർ ഞെട്ടിച്ചത്. 60 കോടി മൂലധനമുണ്ടായിരുന്ന കോട്ടയത്തെ പേരെടുത്ത ഇളങ്ങുളം സർവിസ് സഹകരണ ബാങ്കാണ് ചരിത്ര കഥാപാത്രം. 30 വർഷമായി സി.പി.എമ്മിനായിരുന്നു ഇവിടെ ഭരണം.

വ്യാജ ഹുണ്ടിക വഴിയും ഈടില്ലാതെ വായ്പകൾ അനുവദിച്ചും ഭരണസമിതിയും അവരുടെ നേതാക്കളും കോടികളാണ് ധൂർത്തടിച്ചത്. നിക്ഷേപകർ പണം ചോദിച്ചെത്തിയപ്പോൾ ബാങ്ക് കൈമലർത്തി. സഹകരണ രജിസ്ട്രാറുടെ റിപ്പോർട്ടിൻമേൽ ഭരണസമിതി പിരിച്ചു വിട്ടു. എലിക്കുളം പഞ്ചായത്തിലെ നാല് വാർഡുകളിൽ പ്രവർത്തന പരിധിയുണ്ടായിരുന്ന ബാങ്കിൽ പാമ്പാടിയിൽ താമസിച്ചിരുന്ന ഇപ്പോഴത്തെ സഹകരണ മന്ത്രി വി.എൻ. വാസവൻ അംഗത്വമെടുത്തുവെന്നും ആരോപണം ഉയർന്നു.

വ്യാജ അംഗത്വ നമ്പര്‍ കാണിച്ച് അനധികൃതമായി രജിസ്റ്റർ ചെയ്ത പണയാധാര പ്രകാരം കെ.എം. ശങ്കരൻകുട്ടി എന്നയാൾക്ക് വാസവൻ ജാമ്യം നിന്നുവെന്നും പറയുന്നു. സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് കൈക്കലാക്കിയതോടെ ഇതിൽ സർക്കാറിന് സാമ്പത്തിക നഷ്ടമുണ്ടായതായും അന്നത്തെ സഹകരണ ജോ. രജിസ്ട്രാർ തമ്പി നല്‍കിയ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ക്രമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് മന്ത്രി വാസവൻ പറയുന്നത്.

അന്വേഷണ റിപ്പോർട്ട് പുറം ലോകം കണ്ടില്ല. സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണത്തിൽ സി.പി.എമ്മിന്‍റെ മുതിർന്ന നേതാക്കൾക്കെല്ലാം ക്ലീൻ ചിറ്റ് കിട്ടി. ബാങ്ക് മാനേജരും ചില ജീവനക്കാരും മാത്രം പ്രതികളായി. കേസ് ഇപ്പോഴും കോട്ടയം വിജിലൻസ് കോടതിയിൽ നടക്കുകയാണ്. പണം തിരികെ കിട്ടാൻ മാസങ്ങളോളം നീണ്ട വലിയ പ്രക്ഷോഭം നടന്നു.

ഒടുവിൽ അന്നത്തെ ഇടത് സർക്കാർ കോട്ടയം ജില്ല സഹകരണ ബാങ്ക് വഴി അടിയന്തരമായി ഇളങ്ങുളം സർവിസ് സഹകരണ ബാങ്കിന് 13 കോടി നൽകി. വി.എൻ. വാസവനായിരുന്നു അന്ന് ജില്ല സഹകരണ ബാങ്ക് പ്രസിഡൻറ്. നിക്ഷേപകർക്ക് പണം തിരികെ കിട്ടി. എന്നാൽ ഒരു രൂപ പോലും ഇളങ്ങുളം സർവിസ് സഹകരണ ബാങ്ക് തിരിച്ചടച്ചില്ല. പലിശയടക്കം 40 കോടി ജില്ല സഹകരണ ബാങ്കിന് കിട്ടാക്കടമായി.

അതിനും വേണം മിടുക്ക്; ബാങ്കിനെ മുക്കി പ്രസിഡന്റ്

അതിനും വേണം ഒരു കഴിവ് എന്ന് പറയുന്നതുപോലെയാണ് കോട്ടയം ചെങ്ങളം സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്‍റായിരുന്ന കോൺഗ്രസുകാരൻ ജോസ് ആന്‍റണിയുടെ പ്രകടനം. ഒരു ബാങ്കിനെ സ്വന്തം നിലക്കങ്ങ് മുക്കി. 2004 മുതല്‍ 2019 വരെ 15 വര്‍ഷത്തോളം പ്രസിഡന്‍റായിരുന്നു ഇദ്ദേഹം. 2016-17 കാലത്തായിരുന്നു ക്രമക്കേടുകൾ. ഭാര്യയുടെയും തന്റെയും പേരിലുള്ള 99.9 സെന്‍റ് സ്ഥലം ഈടായി നല്‍കി 2.08 കോടിയാണ് വായ്പ എടുത്തത്.

ഒരംഗത്തിന് 25 ലക്ഷം എന്ന വായ്പ പരിധി പ്രസിഡന്റ് അനായാസം മറികടന്നു. പലരെയുംകൊണ്ട് വായ്പ എടുപ്പിച്ച് തുക സ്വന്തം പോക്കറ്റിലാക്കിയാൽ മതിയല്ലോ എന്ന ലോജിക്കാണ് വർക്കൗട്ടായത്. ഒടുവിൽ തിരച്ചടവ് മുടങ്ങി. അല്ലെങ്കിലും അതിനല്ലല്ലോ വായ്പ എടുത്തത് എന്നാരും ചോദിച്ചേക്കരുത്. ബാങ്ക് നഷ്ടത്തിലായി. നിക്ഷേപകർ പെരുവഴിയിലും.

വെള്ളൂരിൽ പൊടിച്ചത് 44 കോടി

കോട്ടയം വെള്ളൂര്‍ സഹകരണ ബാങ്കില്‍ നടന്നത് 44 കോടിയുടെ തിരിമറിയാണ്. സി.പി.എമ്മിനാണ് ബാങ്കിന്‍റെ നിയന്ത്രണം. 1998 മുതൽ 2018 വരെ നടന്ന തട്ടിപ്പിൽ ഭരണസമിതിയിലെ 29 പേർക്കെതിരെ നടപടിയെടുക്കാനും നഷ്ടമായ കോടികൾ തിരിച്ചുപിടിക്കാനും സർക്കാർ നിർദേശിച്ചിരുന്നു. കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി നടപടികൾ നിലച്ചു. ഇവിടുത്തെ ഭരണസമിതി പിരിച്ചുവിട്ടു. എന്നാൽ നിക്ഷേപകർക്ക് ഒരു രൂപ പോലും തിരിച്ചു കിട്ടിയിട്ടില്ല.

തട്ടിപ്പുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സഹകരണ രജിസ്ട്രാര്‍ ഉത്തരവിട്ട് വര്‍ഷങ്ങൾ കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചിട്ടില്ല. വിജിലന്‍സ് അന്വേഷണവും പാതി വഴിയില്‍ മുടങ്ങി.മുണ്ടക്കയം കണ്ണിമല സർവിസ് സഹകരണ ബാങ്കിൽ അരക്കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്ന് സഹകരണ വകുപ്പ് ജോ. രജിസ്ട്രാർ കണ്ടെത്തി. സി.പി.എം തന്നെയാണ് ഈ ബാങ്കും ഭരിക്കുന്നത്. ബാങ്ക് ജീവനക്കാരനായ ഗിരീഷ് സസ്പെൻഷനിലാണ്. വായ്പ, ചിട്ടി എന്നിവയിലാണ് കൃത്രിമം നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala co operative banks
News Summary - Not impossible; Therefore I made the software
Next Story