കൈയൊഴിയല്ലേ, കൈയെഴുത്ത്
text_fieldsറൂഡ് വാൻ ഡെർ വീലും
ഓഡ്രി വാൻ ഡെർ മീറും
ടാബും ലാപ്‌ടോപ്പും മൊബൈലും ജീവിതത്തിന്റെ ഭാഗമായ ഈ ഡിജിറ്റൽ കാലത്ത് പേനയും പേപ്പറും പഴയ കഥയാകുകയാണെന്ന് പലരും കരുതുന്നു. ക്ലാസ് മുറികളിൽനിന്ന് ഓഫിസുകളിലേക്ക് വരെ കുറിപ്പെഴുത്ത് കീബോർഡിലേക്കും ടച്ച്സ്ക്രീനിലേക്കും മാറിയിരിക്കുകയാണ്. എന്നാൽ, പഠനത്തിലും ഓർമശേഷിയിലും കൈയെഴുത്തിന് ഇപ്പോഴും പ്രത്യേക ശക്തിയുണ്ടെന്ന് പുതിയ ഗവേഷണം ചൂണ്ടിക്കാണിക്കുന്നു. കൈകൊണ്ട് എഴുതുന്നത് വെറും അക്ഷരങ്ങൾ വരക്കൽ മാത്രമല്ല; അത് മസ്തിഷ്കത്തെ കൂടുതൽ സജീവമാക്കുന്ന ഒരു ബൗദ്ധിക പ്രവർത്തനമാണെന്നാണ് പഠനത്തിന്റെ കണ്ടെത്തൽ. ഡിജിറ്റൽ കാലത്ത് കൈയെഴുത്തിന് ഒച്ചുവേഗമാണെങ്കിലും അതിന് ഗുണങ്ങളേറെയാണെന്നാണ് പുതിയ പഠനത്തിൽ പറയുന്നത്.
നോർവീജിയൻ ശാസ്ത്രജ്ഞരായ ഓഡ്രി വാൻ ഡെർ മീറും റൂഡ് വാൻ ഡെർ വീലും നടത്തിയ പഠനത്തിൽ 36 സർവകലാശാല വിദ്യാർഥികളുടെ മസ്തിഷ്ക പ്രവർത്തനമാണ് പരിശോധിച്ചത്. വിദ്യാർഥികൾ ഒരേ വാക്കുകൾ കൈകൊണ്ടും കീബോർഡിലുമായി എഴുതുമ്പോൾ ഇ.ഇ.ജി സ്കാനിലൂടെ മസ്തിഷ്ക പ്രവർത്തനം നിരീക്ഷിച്ചു. കൈയെഴുത്തിനിടെ ഓർമ, ശ്രദ്ധ, ഭാഷാപരിചയം, ദൃശ്യബോധം എന്നിവയുമായി ബന്ധപ്പെട്ട മേഖലകൾ കൂടുതൽ സജീവമായതായി കണ്ടെത്തി.
കൈയെഴുത്ത് ഒരു സാധാരണ എഴുത്ത് പ്രവൃത്തി മാത്രമല്ല; വിരലുകളുടെ ചലനം, കൈയുടെ നിയന്ത്രണം, കണ്ണിന്റെ ഏകോപനം, ഓരോ അക്ഷരത്തിന്റെയും രൂപം എന്നിവയെല്ലാം ഒരേസമയം മസ്തിഷ്കം കൈകാര്യം ചെയ്യേണ്ടിവരും. ഈ ‘സെൻസറി-മോട്ടോർ’ പ്രവർത്തനങ്ങളാണ് പഠനവും ഓർമശേഷിയും മെച്ചപ്പെടുത്തുന്നതെന്ന് ഗവേഷകർ പറയുന്നു.
അതേസമയം, ടൈപ്പിങ് വേഗം കൂട്ടുന്നുവെങ്കിലും, കേൾക്കുന്ന കാര്യങ്ങൾ ആഴത്തിൽ പ്രോസസ് ചെയ്യാതെ പകർത്താനുള്ള പ്രവണതയാണ് കൂടുതൽ ഉണ്ടാകുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കൈകൊണ്ട് എഴുതുമ്പോൾ വിവരങ്ങൾ ചുരുക്കി മനസ്സിലാക്കി എഴുതേണ്ടിവരുന്നതിനാൽ പഠനം കൂടുതൽ ഗൗരവതരമാകുന്നു.
വിദ്യാഭ്യാസരംഗത്ത് ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ പോലും, കുറിപ്പെഴുത്തിനും പ്രാഥമിക പഠനത്തിനും കൈയെഴുത്ത് തുടരേണ്ടതിന്റെ ആവശ്യകതയാണ് പഠനം മുന്നോട്ടുവെക്കുന്നത്. പ്രത്യേകിച്ച് കുട്ടികളുടെയും വിദ്യാർഥികളുടെയും ബൗദ്ധിക വളർച്ചയിൽ കൈയെഴുത്തിന് നിർണായക പങ്കുണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

