24ൽ ആറിടത്തുപോലും ഉറപ്പില്ല; ഇടതു ചെറുകക്ഷികൾക്കും ചങ്കിടിപ്പ്
text_fieldsതിരുവനന്തപുരം: മത്സരം കടുത്തതോടെ സി.പി.ഐക്ക് പിന്നാലെ ഇടതുമുന്നണിയിലെ ചെറുകക്ഷികളിലും ആശങ്കയുടെ കരിനിഴൽ. 24 സീറ്റുകളിലാണ് ഇക്കുറി പ്രധാന ഘടക കക്ഷികൾ മത്സരിച്ചതെങ്കിലും ഉറപ്പ് പറയാവുന്ന സീറ്റുകളുടെ എണ്ണത്തിൽ ഇവർക്ക് വലിയ ആത്മവിശ്വാസമില്ല. കൂട്ടിക്കിഴിച്ചാൽ ആറ്. ‘നല്ല മത്സരം’, ‘നേരിയ മേൽകൈ’ എന്നിങ്ങനെയാണ് നേതാക്കളുടെ വിലയിരുത്തൽ. ഘടക കക്ഷി സീറ്റുകളായ തിരുവനന്തപുരം, കോവളം, കാസർകോട് അടക്കം ഇക്കുറി ഇടത് സ്വതന്ത്രരെയാണ് മത്സരത്തിനിറക്കിയത്.
12 സീറ്റുകളിൽ ജനവിധി തേടിയ മാണി കോൺഗ്രസിന് മൂന്ന് സീറ്റ് കിട്ടിയാൽ ആശ്വാസം. ഇനി രണ്ടെണ്ണമായാലും അദ്ഭുതപ്പെടാനില്ല. വിജയപ്രതീക്ഷയിൽ ഒന്നാം സ്ഥാനത്തുള്ളത് എൻ.ജയരാജ് മത്സരിച്ച കാഞ്ഞിരപ്പള്ളിയാണ്. അത് കഴിഞ്ഞേ ജോസ് കെ. മാണിയുടെ പാലായെ പാർട്ടിക്കാർപോലും എണ്ണുന്നുള്ളൂ. മണ്ഡലത്തിന്റെ പൊതു സ്വഭാവം യു.ഡി.എഫിന് അനുകൂലമെങ്കിലും റാന്നിയിൽ പ്രമോദ് നാരായണൻ ‘കട്ടയ്ക്ക് കട്ട’ എന്ന പ്രതീക്ഷയിലാണ് അവർ. ഇടുക്കിയിൽ റോഷി അഗസ്റ്റിന്റെ കാര്യത്തിലും പ്രതീക്ഷയിൽ ഇടിവുണ്ട്. പൂഞ്ഞാറിലും (സെബാസ്റ്റ്യൻ കുളത്തുങ്കൽ), ചങ്ങനാശ്ശേരിയിലും (ജോബ് മൈക്കിൾ) ടൈറ്റ് ഫൈറ്റാണ്.
പി.ജെ ജോസഫിന്റെ സിറ്റിങ് സീറ്റായ തൊടുപുഴയിൽ ഇക്കുറി മകൻ അപുവാണ് മത്സരിച്ചതെങ്കിലും മാണി കോൺഗ്രസ് പ്രതീക്ഷ പുലർത്തുന്നില്ല. പിറവത്തും പെരുമ്പാവൂരിലും ചാലക്കുടിയിലും ഇരിക്കൂറിലുമെല്ലാം സാഹചര്യം സമാനം.
ആർ.ജെ.ഡി മത്സരിച്ച വടകര, കൽപറ്റ, കൂത്തുപറമ്പ് സീറ്റുകളിൽ നേരിയ വിജയ പ്രതീക്ഷയുള്ളത് കൂത്തുപറമ്പിലാണ് (പി.കെ. പ്രവീൺ). കഴിഞ്ഞവട്ടം 9,541 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചത് മുൻനിർത്തിയാണ് ഈ സാധ്യത വിലയിരുത്തൽ. മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാ ദൾ ചിറ്റൂരിലും എറണാകുളത്തും തിരുവല്ലയിലുമാണ് മത്സരിച്ചത്. നന്നായി വിയർത്തെങ്കിലും തിരുവല്ലയിൽ മാത്യു ടി.തോമസ് വിജയപ്രതീക്ഷ പുലർത്തുന്നുണ്ട്.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് പടിയിറങ്ങിയ കൃഷ്ണൻകുട്ടി വിജയിച്ച ചിറ്റൂരിൽ ഇക്കുറി അഡ്വ. കെ. മുരുകദാസ് കടുത്ത മത്സരമാണ് നേരിട്ടത്. എറണാകുളത്തും സമാനമാണ് സ്ഥിതി. പതിവായി നാലാം സീറ്റായി ലഭിക്കാറുള്ള കോവളത്ത് തർക്കത്തെ തുടർന്ന് ഇക്കുറി ഇടതു സ്വതന്ത്രൻ ജനവിധി തേടിയതിനാൽ ഐ.സ്.ജെ.ഡിയുടെ കള്ളിയിൽ വരില്ല. എൻ.സി.പി മത്സരിച്ച എലത്തൂരിലും (മന്ത്രി എ.കെ ശശീന്ദ്രൻ) കുട്ടനാട്ടിലും (തോമസ് കെ.തോമസ്) ഈസി വാക്കോവറല്ലെന്ന് നേതാക്കൾതന്നെ സമ്മതിക്കുന്നു. എലത്തൂരിൽ 38,502 വോട്ടിന്റെ ഭൂരിപക്ഷത്തിന് കഴിഞ്ഞവട്ടം ജയിച്ചതാണ് എ.കെ ശശീന്ദ്രന്റെ പിടിവള്ളിയും ആത്മവിശ്വാസവും. പക്ഷേ, കുട്ടനാട്ടിൽ കുറച്ച് കൂടി സങ്കീർണമാണ് രാഷ്ട്രീയ സാഹചര്യങ്ങൾ.
കോൺഗ്രസ് എസിന്റെ സിറ്റിങ് സീറ്റായ കണ്ണൂരിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും പരുങ്ങലിലാണ്. സമാന സാഹചര്യമാണ് പത്തനാപുരത്ത് മന്ത്രി കെ.ബി ഗണേഷ് കുമാറും (കേരള കോൺഗ്രസ്-ബി) അഭിമുഖീകരിക്കുന്നത്.
ആർ.എസ്.പി ലെനിനിസ്റ്റ് പ്രതിനിധിയായി കോവൂർ കുഞ്ഞുമോൻ മത്സരിച്ച കുന്നത്തൂരിലും സാഹചര്യം അത്ര പന്തിയല്ല. ഐ.എൻ.എൽ മത്സരിക്കുന്ന കോഴിക്കോട് സൗത്തിൽ ഇരുമുന്നണികളും വലിയ പ്രതീക്ഷ പുലർത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

