കൊച്ചിയിൽ ഹജ്ജ് ഹൗസ് നിർമിക്കില്ല –മന്ത്രി
text_fieldsതിരുവനന്തപുരം: കൊച്ചിയിൽ ഹജ്ജ് ഹൗസ് നിർമിക്കുന്നത് പരിഗണനയിലില്ലെന്നും കരിപ്പൂരിൽനിന്ന് ഹജ്ജ് യാത്ര പുനഃസ്ഥാപിക്കണമെന്നാണ് സർക്കാറിെൻറ ലക്ഷ്യമെന്നും മന്ത്രി ഡോ. കെ.ടി. ജലീൽ. ഹജ്ജ് എംബാർക്കേഷൻ കേന്ദ്രം കരിപ്പൂർ ആക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയിൽ അറിയിച്ചു.
സുപ്രീംകോടതി നിർദേശത്തിെൻറ ചുവടുപിടിച്ച് ഹജ്ജ് സബ്സിഡി എടുത്തുകളയുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. സബ്സിഡി ഘട്ടംഘട്ടമായി കുറച്ച് 2022ഒാടെ പൂർണമായി ഇല്ലാതാക്കണമെന്നും ഹജ്ജ് സീസണിലെ വർധിച്ച വിമാനക്കൂലി കുറക്കണമെന്നുമാണ് സുപ്രീംകോടതി നിർദേശിച്ചത്. എന്നാൽ, ഹജ്ജ് സബ്സിഡി ഒറ്റയടിക്ക് പിൻവലിക്കുകയും വിമാനക്കൂലി കാര്യം അവഗണിക്കുകയുമാണ് കേന്ദ്രം ചെയ്തത്. സാധാരണ സീസണിൽ കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്ക് 30,000 രൂപവരെയാണ് വിമാനക്കൂലി. ഹജ്ജ് വേളയിൽ 40,000 മുതൽ 45,000 രൂപ വരെയാണ് സ്വകാര്യവ്യക്തികളിൽനിന്ന് ഇൗടാക്കുന്നത്.
സർക്കാർ േക്വാട്ടയിൽ ഹജ്ജിന് പോകുന്നവരിൽനിന്ന് 72,812 രൂപയാണ് കഴിഞ്ഞവർഷം വിമാനക്കൂലിയായി ഇൗടാക്കിയത്. ഇതിൽ 10,750 രൂപ സബ്സിഡിയായി നൽകി. ഇത്രയും വലിയ വിമാനക്കൂലി നിശ്ചയിച്ചശേഷമാണ് സബ്സിഡി നൽകുന്നത്. മടക്കയാത്രയില്ലെന്ന് പറഞ്ഞാണ് വിമാനക്കമ്പനികൾ കൂലി കൂട്ടിയത്. ഹജ്ജ് യാത്രക്ക് ആഗോള ടെൻഡർ വിളിക്കുക വഴി പ്രശ്നം പരിഹരിക്കാമെന്നും ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും പി.ടി.എ. റഹീം, കാരാട്ട് റസാഖ്, പി.വി. അൻവർ, കെ.വി. അബ്ദുൽ ഖാദർ, പി. ഉബൈദുല്ല, എ.എൻ. ഷംസീർ എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടിയായി മന്ത്രി പറഞ്ഞു.
കരിപ്പൂർ വിമാനത്താവളത്തിെൻറ പുനരുദ്ധാരണ പ്രവൃത്തിയുടെ പേരിലാണ് ഹജ്ജ് എംബാർക്കേഷൻ മാറ്റിയത്. പ്രവൃത്തി പൂർത്തികരിച്ചത് ചൂണ്ടിക്കാട്ടി വിമാനത്താവള ഡയറക്ടർ കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ട്. അധികം വൈകാതെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. അപേക്ഷകരുടെ എണ്ണത്തിനനുസരിച്ച് േക്വാട്ട നിശ്ചയിക്കണമെന്നും ഹാജിമാരുടെ പാസ്പോർട്ട് സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അഞ്ചാംതവണ അപേക്ഷിക്കുന്നവർക്കും 70 വയസ്സ് കഴിഞ്ഞവർക്കും മുൻഗണന വേണമെന്ന ആവശ്യം നിരാകരിച്ച കേന്ദ്ര നിലപാടിനെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് വിചാരണ വേളയിൽ 65നും 75നും ഇടയ്ക്ക് പ്രായമുള്ള അപേക്ഷകരുടെ എണ്ണം കോടതി തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
