പൂർണമായും മാനസികമായി അകന്ന ദമ്പതികൾക്ക് വിവാഹ മോചനം അനുവദിക്കാത്തത് ക്രൂരത -ഹൈകോടതി
text_fieldsകൊച്ചി: കൂട്ടിച്ചേർക്കാനാകാത്ത വിധം മാനസികമായി അകന്ന ദമ്പതികളെ കോടതി നടപടികൾ തുടരുന്നതിന്റെ പേരിൽ ഒന്നിച്ചു ജീവിക്കാൻ വിടുന്നത് ക്രൂരതയാണെന്ന് ഹൈകോടതി. വിവാഹബന്ധം പൂർണ പരാജയമായിട്ടും വിവാഹ മോചനത്തിന് അനുമതി നൽകാത്ത സാഹചര്യം വിലയിരുത്തിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. വിവാഹജീവിതത്തിലെ നിരന്തര കലഹവും പരസ്പര ബഹുമാനമില്ലായ്മയും അകൽച്ചയും അനുരഞ്ജനം അസാധ്യമാക്കുന്ന ഘടകങ്ങളാണെന്നും കോടതി വ്യക്തമാക്കി.
വിവാഹമോചന ഹരജി തള്ളിയ ഇരിങ്ങാലക്കുട കുടുംബകോടതി ഉത്തരവ് ചോദ്യം ചെയ്ത് മുകുന്ദപുരം സ്വദേശി നൽകിയ അപ്പീൽ ഹരജി അനുവദിച്ചാണ് ഡിവിഷൻബെഞ്ചിന്റെ നിരീക്ഷണം. 2002ലാണ് ഇരുവരും വിവാഹിതരായത്. വിദേശത്തായിരുന്ന ഭർത്താവ് തിരിച്ചെത്തി നാട്ടിൽ സ്ഥിരതാമസമാക്കിയെങ്കിലും ഭാര്യ തന്നോട് ക്രൂരത കാട്ടുന്നുവെന്നാരോപിച്ച് വിവാഹ മോചന ഹരജി നൽകുകയായിരുന്നു. 2011ൽ കുടുംബകോടതിയെ സമീപിച്ച ഹരജിക്കാരന് പ്രായം 60 കഴിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി. ഒരു ദശാബ്ദത്തിലേറെയായി ഒരു വീട്ടിൽ കഴിഞ്ഞിട്ടും ദമ്പതികൾക്ക് മനപ്പൊരുത്തത്തോടെ മുന്നോട്ടു പോകാനാകുന്നില്ല.
വിവാഹമോചനത്തിന് ഭർത്താവ് 10 ലക്ഷം രൂപയും 10 സെന്റ് സ്ഥലവും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ, ഇത് സ്വീകാര്യമല്ലെന്ന നിലപാടാണ് ഭാര്യക്ക്. മാത്രമല്ല, മറ്റു ചില ആവശ്യങ്ങളും ഉന്നയിച്ചിരിക്കുന്നു. ഇരുവരും കോടതി നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്കും വിധേയരാകുന്നില്ല. ഇത്തരം സംഭവങ്ങളിൽ കക്ഷികൾ കോടതിയെ പരീക്ഷിക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. കോടതികളെ വ്യക്തികളുടെ ഈഗോയുടെ പോരാട്ടഭൂമിയാക്കുന്നത് അനുവദിക്കാനാവില്ല. കക്ഷികളുടെ ഒന്നിച്ചുള്ള ജീവിതം ഉറപ്പാക്കാനുള്ള കാരണങ്ങളൊന്നും ഈ കേസിലില്ലാത്ത സാഹചര്യത്തിൽ വിവാഹമോചനം അനുവദിക്കുകയാണെന്ന് തുടർന്ന് കോടതി വ്യക്തമാക്കി. ഹരജിക്കാരൻ വാഗ്ദാനം ചെയ്ത 10 ലക്ഷം രൂപയും 10 സെന്റ് ഭൂമിയും ഭാര്യക്ക് നൽകണമെന്നും ഭൂമിയുടെ സ്കെച് ഒരാഴ്ചക്കകം ഹാജരാക്കണമെന്നും കോടതി ഹരജിക്കാരനോട് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

