കേരളം മാറും; രണ്ടാം ക്ലാസുകാരിയുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഉറപ്പ്
text_fieldsതിരുവനന്തപുരം: നോർവേയിലെ മലയാളി അസോസിയേഷനായ 'നന്മ' യുടെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയോടുള്ള ആദ്യ ചോദ്യം കുഞ്ഞു സാറയുടേതായിരുന്നു.
നാട്ടിൽ വന്നപ്പോൾ മിഠായി കഴിച്ചപ്പോൾ അതിന്‍റെ കടലാസിടാൻ വേസ്റ്റ് ബിൻ നോക്കിയിട്ട് എങ്ങും കണ്ടില്ലെന്നും ഇനി വരുമ്പോൾ ഇതിന് മാറ്റമുണ്ടാകുമോ എന്നുമായിരുന്നു രണ്ടാം ക്ലാസുകാരിയുടെ ചോദ്യം. രണ്ട് അക്കാദമീഷ്യൻമാർ പണ്ട് സിംഗപ്പൂരിൽ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചത് ഓർമിച്ചാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ബസിൽ നിന്നിറങ്ങിയ അവർ ടിക്കറ്റ് റോഡിലിടുന്നത് കണ്ട സ്കൂൾ കുട്ടികൾ അമ്പരന്നുപോയെന്നും ഇതുകണ്ട് തെറ്റ് മനസ്സിലാക്കിയ അവർ റോഡിൽനിന്ന് ടിക്കറ്റെടുത്ത് വേസ്റ്റ് ബിന്നിലിട്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഈ അവബോധം വേണ്ടത്ര വന്നിട്ടില്ല. മാലിന്യ സംസ്കരണം പ്രധാനപ്രശ്നമായി സർക്കാർ കാണുന്നു. അത് പരിഹരിക്കാൻ ശ്രമിക്കുകയാണ്. സാറ ആഗ്രഹിക്കുന്ന രൂപത്തിലേക്ക് കേരളത്തെ മാറ്റാൻ ശ്രമിക്കും. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടത്തിയ ഇടപെടലിനെ തുടർന്ന് പൊതുവിദ്യാഭ്യാസത്തിലേക്ക് ലക്ഷക്കണക്കിന് കുട്ടികൾ മടങ്ങിയതും മുഖ്യമന്ത്രി എടുത്തുപറഞ്ഞു.
നോർവേയിൽ പൊതുവിദ്യാഭ്യാസം മാത്രമാണുള്ളതെന്ന് പറഞ്ഞ സദസ്യർ നാട്ടിലെ വിദ്യാഭ്യാസത്തിന്‍റെ മികവാണ് തങ്ങൾക്കെല്ലാം ഇവിടെ ഉന്നതമായ ജോലി ലഭിക്കാൻ സഹായകമായതെന്നും വ്യക്തമാക്കി. മഹാരാജാസിലെ പൂർവ വിദ്യാർഥിയായ സീമ സ്റ്റാൻലി എഴുതിയ പുസ്തകവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മൂന്ന് മണിക്കൂറിലധികം മലയാളി സമൂഹവുമായി ആശയവിനിമയം നടത്തിയശേഷമാണ് മുഖ്യമന്ത്രിയും സംഘവും മടങ്ങിയത്.
കേരളത്തിൽ നിക്ഷേപം നടത്താമെന്ന് നോർവേ മലയാളികൾ
തിരുവനന്തപുരം: കേരളത്തിൽ സംരംഭം ആരംഭിക്കാൻ താൽപര്യമുണ്ടെന്ന് നോർവേ മലയാളികൾ. നോർവേയിലെ മലയാളി കൂട്ടായ്മയായ 'നന്മ'യുടെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയുടെ മുന്നിലാണ് നിക്ഷേപ സന്നദ്ധത അറിയിച്ചത്. അതിന് എല്ലാ സഹായവും നൽകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ കേരളത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങളും നോർവേ സന്ദർശന നേട്ടങ്ങളും മുഖ്യമന്ത്രി മലയാളി അസോസിയേഷന് മുന്നിൽ വിശദീകരിച്ചു.
നവകേരള കാഴ്ചപ്പാടിന്റെ പ്രധാന ഉള്ളടക്കവും കഴിഞ്ഞ ആറുവർഷം നടപ്പാക്കിയ പ്രധാന കാര്യങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു. 1970 മുതൽ നോർവേയിൽ മലയാളി സാന്നിധ്യമുണ്ടെങ്കിലും 2000 മുതലാണ് മലയാളികൾ കൂടുതലായി കുടിയേറാൻ തുടങ്ങിയത്. പ്രഫഷനലുകളാണ് ഇവരിൽ ഭൂരിഭാഗവും. നോർവേയിലെ പെൻഷൻ സംവിധാനത്തെക്കുറിച്ച് വിശദപഠനം നടത്താനുദ്ദേശിക്കുന്നതായി മുഖ്യമന്ത്രി സൂചന നൽകി. ആദ്യമായാണ് കേരള മുഖ്യമന്ത്രി നോർവേയിലെത്തുന്നതെന്നും അതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും നന്മ പ്രസിഡന്റ് സിന്ധു എബ്ജിൽ പറഞ്ഞു. മുഖ്യമന്ത്രിക്കുപുറമെ വ്യവസായ മന്ത്രി പി. രാജീവും ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയും ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

