Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിലം പുരയിടമായി...

നിലം പുരയിടമായി പരിവർത്തനം ചെയ്യുന്നവർ അറിയേണ്ട കാര്യങ്ങൾ

text_fields
bookmark_border
നിലം പുരയിടമായി പരിവർത്തനം ചെയ്യുന്നവർ അറിയേണ്ട കാര്യങ്ങൾ
cancel
camera_alt

Representational Image

2008ന് മുമ്പ് നികത്തപ്പെട്ട ഭൂമികള്‍ പരിവര്‍ത്തനപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് സര്‍ക്കാര്‍ ചട്ടങ്ങള്‍ പുറപ്പെടുവിച്ചു. ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്ത ഭൂമികള്‍ വീട് നിര്‍മ്മിക്കുന്ന ആവശ്യത്തിനും വാണിജ്യാവശ്യത്തിനും തരംമാറ്റുന്നതിന് ഇനി റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്.

1. ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട ഭൂമികള്‍ക്കും ഉള്‍പ്പെടാത്ത ഭൂമികള്‍ക്കും ഈ ചട്ടം പ്രകാരം അപേക്ഷ നല്‍കാന്‍ കഴിയുമോ?

ഇല്ല. ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട ഭൂമികള്‍ പരിവര്‍ത്തനപ്പെടുത്തുന്നതിന് പഴയ നടപടിക്രമം തന്നെയാണ് നിലവിലുള്ളത്. അതായത് പ്രാദേശിക നിരീക്ഷണസമിതി മുമ്പാകെ ഫോറം 1 ല്‍ അപേക്ഷ നല്‍കുക. തുടര്‍ന്ന് അതില്‍ ജില്ലാതല അധികൃത സമിതി (ആര്‍.ഡി.ഒ) ഉത്തരവ് പുറപ്പെടുവിക്കും. എന്നാൽ ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്ത ഭൂമികളുടെ അതായത് 2008 ന് മുമ്പ് തരംമാറ്റപ്പെട്ട ഭൂമികള്‍ക്കാണ് പുതിയ വ്യവസ്ഥ പ്രകാരം അപേക്ഷ നല്‍കാന്‍ സാധിക്കുക.

2. അപേക്ഷാഫീസ് ഉണ്ടോ?

ഉണ്ട്. 0029-00-800-88-Receipts collected under Rule 12(9) of the Kerala Conservation of Paddy land and Wetland (Amendment) Act 2018 എന്ന ശീര്‍ഷകത്തില്‍ 1,000/- രൂപ അടവാക്കിയ രശീതി അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്.

3. ആര്‍.ഡി.ഒ യ്ക്ക് സമര്‍പ്പിക്കുന്ന എല്ലാ അപേക്ഷയോടൊപ്പവും 1,000/- രൂപ അപേക്ഷാഫീസ് നിര്‍ബന്ധമാണോ?

ആണ്

4. അപേക്ഷയ്ക്ക് നിശ്ചിത ഫോറം ഉണ്ടോ?

ഉണ്ട്. 20.23 ആര്‍ (50 സെന്‍റ്) വരെ വിസ്തീര്‍ണ്ണമുള്ള ഭൂമിയുടെ പരിവര്‍ത്തനത്തിന് ഫോറം 6 ലും 20.23 ആറോ അതില്‍ കൂടുതലോ ഉള്ള വിസ്തീര്‍ണ്ണമുള്ള ഭൂമിയുടെ പരിവര്‍ത്തനത്തിന് ഫോറം 7 ലും ആണ് അപേക്ഷ തയ്യാറാക്കേണ്ടത്.

5. അപേക്ഷയോടൊന്നിച്ച് സമര്‍പ്പിക്കേണ്ട രേഖകള്‍ എന്തെല്ലാമാണ്? ആയിരം രൂപ അടവാക്കിയ ചലാന്‍ രശീതി, ആധാരത്തിന്‍റെ പകര്‍പ്പ്, നികുതിരശീതിയുടെ പകര്‍പ്പ്, കെട്ടിടത്തിന്‍റെ പ്ലാനിന്‍റെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊന്നിച്ച് ഉള്ളടക്കം ചെയ്യേണ്ടതാണ്.

6. ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്ത ഭൂമിയാണെങ്കില്‍ എല്ലാ കേസ്സുകള്‍ക്കും ആര്‍ഡിഒ യുടെ അനുമതി ആവശ്യമാണോ?

ആവശ്യമില്ല. പരമാവധി 4.04 ആര്‍ വിസ്തൃതിയുള്ള ഭൂമിയില്‍ 120 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വീട് നിര്‍മ്മിക്കുന്നതിനും പരമാവധി 2.02 ആര്‍ വിസ്തൃതിയിലുള്ള ഭൂമിയില്‍ 40 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വാണിജ്യകെട്ടിടം നിര്‍മ്മിക്കുന്നതിനും തരംമാറ്റാനുമതി ആവശ്യമില്ല. നേരിട്ട് പഞ്ചായത്ത്/മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ സെക്രട്ടറിമാര്‍ക്ക് അപേക്ഷ നല്‍കി കെട്ടിടനിര്‍മ്മാണത്തിന് അനുമതി ലഭ്യമാക്കാവുന്നതാണ്.

7. തരംമാറ്റത്തിനുള്ള ഫീസ് എപ്രകാരമാണ്?

തരംമാറ്റം അനുവദിക്കുന്ന അപേക്ഷകളില്‍ താഴെ പറയുന്ന നിരക്കില്‍ ഫീസ് അടവാക്കേണ്ടതുണ്ട്.

എ) 20.23 ആര്‍ വരെ- പഞ്ചായത്ത്- ന്യായവിലയുടെ 10%- മുനിസിപ്പാലിറ്റി- 20%- കോര്‍പ്പറേഷന്‍- 30%.

ബി) 20.23 മുതല്‍ 40.47 ആര്‍ വരെ- പഞ്ചായത്ത്- ന്യായവിലയുടെ 20%- മുനിസിപ്പാലിറ്റി- 30%- കോര്‍പ്പറേഷന്‍- 40%.

സി) 40.47 ആറിന് മുകളില്‍- പഞ്ചായത്ത്- ന്യായവിലയുടെ 30%- മുനിസിപ്പാലിറ്റി- 40%- കോര്‍പ്പറേഷന്‍- 50%.

തരംമാറ്റം അനുവദിച്ച് ആര്‍.ഡി.ഒ യില്‍ നിന്ന് അറിയിപ്പ് കിട്ടിയ ശേഷം ഫീസ് അടവാക്കിയാല്‍ മതിയാവും.

8. തരംമാറ്റത്തിനുള്ള ഫീസില്‍ ഇളവ് ലഭ്യമാണോ?

കേരള ഭൂവിനിയോഗ ഉത്തരവിന്‍റെ പ്രാരംഭത്തീയതിയായ 04/07/1967 ന് മുമ്പ് നികത്തപ്പെട്ട ഭൂമിയാണെന്ന് തെളിയിക്കപ്പെട്ടാല്‍ യാതൊരു ഫീസും അടവാക്കേണ്ടതില്ല.

2018 ലെ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് (15/12/2018), 1967 ലെ ഭൂവിനിയോഗ ഉത്തരവ് പ്രകാരം തരംമാറ്റാനുമതി കേസ്സുകളില്‍ ഉത്തരവ് ഹാജരാക്കുന്ന പക്ഷം മുകളില്‍ പ്രസ്താവിച്ച ഫീസിന്‍റെ 25% അടവാക്കിയാല്‍ മതി.

9. ആര്‍.ഡി.ഒ. യില്‍ നിന്ന് അനുമതി ലഭിച്ചാല്‍ കെട്ടിടം നിര്‍മ്മിക്കാന്‍ സാധിക്കുമോ?

ഇല്ല. വില്ലേജ് രേഖകളില്‍ ഭൂമിയുടെ സ്വഭാവം സംബന്ധിച്ച് മാറ്റം വരുത്തേണ്ടതുണ്ട്. സബ് ഡിവിഷന്‍ ആവശ്യമില്ലാത്ത കേസ്സുകളില്‍ വില്ലേജ് ഓഫീസറും ആവശ്യമുള്ള കേസ്സുകളില്‍ തഹസിൽദാരും വില്ലേജ് രേഖകളില്‍ മാറ്റം വരുത്തിയ ശേഷം കെട്ടിടനിര്‍മ്മാണാനുമതിക്കായി തദ്ദേശ സ്ഥാപനത്തിന്‍റെ സെക്രട്ടറിക്ക് അപേക്ഷ നല്‍കാവുന്നതാണ്.

10. 2008 മുമ്പ് നികത്തപ്പെട്ടതും എന്നാല്‍ ഡാറ്റാബാങ്കില്‍ തെറ്റായി ഉള്‍പ്പെട്ടതുമായ ഭൂമിയുടെ തരംമാറ്റത്തിന് ഈ വകുപ്പ് പ്രകാരം അപേക്ഷ നല്‍കാന്‍ സാധിക്കുമോ?

ഇല്ല. തെറ്റായി ഉള്‍പ്പെട്ടതാണെങ്കില്‍ പ്രസ്തുത ഭൂമി ഡാറ്റാബാങ്കില്‍ നിന്ന് നീക്കം ചെയ്യേണ്ടതുണ്ട്. ‍ഡാറ്റാബാങ്ക് അന്തിമമായി ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ലെങ്കില്‍ നീക്കം ചെയ്യുന്നതിന് പ്രാദേശികതല നിരീക്ഷണസമിതിക്ക് അധികാരമുണ്ട്. അന്തിമമായി പ്രസിദ്ധപ്പെടുത്തിയതാണെങ്കില്‍ നീക്കം ചെയ്യുന്നതിനുള്ള അപേക്ഷ ഫോറം ഫോറം 5 ല്‍ റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

11. അപേക്ഷ റവന്യു ഡിവിഷണല്‍ ഓഫീസര്‍ നിരസിക്കുന്ന പക്ഷം അടുത്ത നടപടി എന്താണ്?

വകുപ്പ് 27 ബി പ്രകാരം ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്. കളക്ടര്‍ അപ്പീല്‍ നിരസിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ മുമ്പാകെ റിവിഷന്‍‌ ഹരജി സമര്‍പ്പിക്കാവുന്നതാണ്.

12. ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്ത കൈവശഭൂമി മുഴുവന്‍ ഇപ്രകാരം തരംമാറ്റിയെടുക്കാന്‍ സാധിക്കുമോ?

ഇല്ല. വീടിനും വാണിജ്യാവശ്യത്തിനും കെട്ടിടം നിര്‍മ്മിക്കുകയെന്ന ആവശ്യത്തിന് മാത്രമാണ് ഈ ചട്ടം പ്രകാരം തരംമാറ്റം വിഭാവനം ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ കെട്ടിടത്തിന്‍റെ പ്ലാന്‍ അപേക്ഷകന്‍ നല്‍കേണ്ടതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala govtPaddy LandHouse Land
News Summary - Norms of Paddy Land Covert to House Land in kerala
Next Story