കർണാടക അതിർത്തിയിൽ സാധാരണ നില; കോവിഡ് പരിശോധനയിൽ ഇളവ്
text_fieldsImage courtesy: Indian Express
കുമ്പള: അതിർത്തി കടക്കാൻ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്ന കടുംപിടിത്തത്തിൽനിന്ന് കർണാടക അയയുന്നു. നിലവിൽ പരിശോധന കൂടാതെതന്നെ ആർക്കും അതിർത്തി കടക്കാവുന്ന സാഹചര്യമാണ്.
കോവിഡ് ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ കഴിഞ്ഞയാഴ്ചയാണ് കർണാടക സർക്കാർ കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് അതിർത്തിയിൽ കൊവിഡ് നെഗറ്റിവ് റിപ്പോർട്ട് നിർബന്ധമാക്കിയത്. കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക സംഘടനകളുടെ സമ്മർദത്തെത്തുടർന്നാണ് കർണാടക തീരുമാനത്തിൽനിന്ന് പിന്നോട്ട് പോയതെന്ന് കരുതുന്നു.
മാസങ്ങൾക്ക് മുമ്പ് കോവിഡ് രൂക്ഷമായിരുന്ന സമയത്തും കർണാടക കേരളത്തിൽനിന്നുള്ള അതിർത്തികൾ അടച്ചിരുന്നു. ഇതേതുടർന്ന് 15ഓളം േരാഗികളാണ് മംഗളൂരുവിലേക്കുള്ള യാത്രാമധ്യേ മരിച്ചത്.
അതിർത്തിയിൽ നിയന്ത്രണം കൊണ്ടുവന്ന കർണാടക സർക്കാർ നടപടിക്കെതിരെ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ അഡ്വ. സുബ്ബയ്യ റൈ കോടതിയെ സമീപിച്ചിട്ടുണ്ട്. മാർച്ച് അഞ്ചിന് കോടതി കേസ് പരിഗണിക്കും.