പ്രവാസികളിൽ ഭൂരിഭാഗവും മടങ്ങിയെന്ന് നോർക്ക
text_fieldsതിരുവനന്തപുരം: കോവിഡ് കാലത്ത് നാട്ടിലെത്തിയ പ്രവാസികളിൽ ഭൂരിഭാഗവും വിദേശത്തേക്ക് മടങ്ങിയതായി നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ. കോവിഡ് പ്രതിസന്ധിയെ തുടർന്ന് 2020 മാർച്ച് 17 മുതൽ ഒക്ടോബർ എട്ടുവരെ 17,31,050 പേരാണ് നാട്ടിലെത്തിയത്. ഈ കാലയളവിൽ 31,71,084 പേർ സംസ്ഥാനത്തെ വിവിധ എയർപോർട്ടുകളിൽ നിന്ന് വിദേശത്തേക്ക് പോയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
എയർപോർട്ടിൽനിന്ന് ലഭിച്ച കണക്കാണിത്. ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ 3500 തൊഴിലന്വേഷകർ നോർക്കയുടെ സ്കിൽ പോർട്ടലിൽ രജിസ്റ്റർ ചെയ്തു. നാട്ടിലെത്തി തിരിച്ചുപോകാൻ കഴിയാത്തവർക്കായി നോർക്കയുടെ സഹായത്തോടെ മൂന്ന് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
കുടുംബശ്രീ വഴി പ്രവാസികൾക്ക് രണ്ടുലക്ഷം വരെ പലിശരഹിത വായ്പ നൽകും. കേരള ബാങ്കും മറ്റ് സഹകരണ സംഘങ്ങളും വഴി കുറഞ്ഞ പലിശക്ക് കാലതാമസമില്ലാതെ രണ്ടുമുതൽ അഞ്ചുലക്ഷം വരെ വായ്പ അനുവദിക്കും. കെ.എസ്.ഐ.ഡി.സി വഴി മുഖ്യമന്ത്രിയുടെ പ്രത്യേക അനുമതിയോടെ അഞ്ചുമുതൽ രണ്ടുകോടി വരെ വായ്പ നൽകും. എട്ടുശതമാനം പലിശയിൽ ആദ്യമൂന്നു വർഷം 3.5 ശതമാനം പലിശ സർക്കാർ നൽകുമെന്നും നോർക്ക അറിയിച്ചു.