‘നോർക്ക കെയർ’ രജിസ്ട്രേഷൻ ഒക്ടോബർ 22 വരെ; മെഡിക്കൽ പരിശോധന ഇല്ലാതെ നിലവിലുള്ള രോഗങ്ങൾക്ക് പരിരക്ഷ
text_fieldsതിരുവനന്തപുരം: പ്രവാസി മലയാളികൾക്കായി നോർക്ക നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി ‘നോർക്ക കെയർ’ പദ്ധതിയിൽ സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 22 വരെ ചേരാം.
പ്രത്യേകമായി തയാറാക്കിയ ‘NORKA CARE’ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ നോർക്ക വെബ്സൈറ്റ് (norkaroots.kerala.gov.in) വഴിയോ ചേരാം. ആപ്ലിക്കേഷൻ ആപ്സ്റ്റോർ, േപ്ലസ്റ്റോർ എന്നിവയിൽ ലഭ്യമാകും. നോർക്ക അംഗീകരിച്ച പ്രവാസി സംഘടനകൾക്കും പദ്ധതിയുടെ ഭാഗമായ സംഘടനകൾക്കും അംഗത്വ കാലയളവിൽ ബൾക്ക് എൻറോൾമെന്‍റ് നടത്താൻ പ്രത്യേക യൂസർനെയിമും പാസ്വേഡും നൽകും. പ്രവാസികൾ കൂട്ടത്തോടെ ജോലി ചെയ്യുന്ന കോർപറേറ്റ് സ്ഥാപനങ്ങൾക്കും ബൾക്ക് എൻറോൾമെന്‍റ് സൗകര്യമുണ്ടാകും.
മെഡിക്കൽ പരിശോധന ഇല്ലാതെ നിലവിലുള്ള രോഗങ്ങൾക്ക് പരിരക്ഷ ഉറപ്പാക്കും.
പ്രവാസി, പ്രവാസിയുടെ പങ്കാളി, 25 വയസ്സ് വരെയുള്ള രണ്ട് കുട്ടികൾ എന്നിവർക്ക് കുടുംബം എന്ന പരിഗണനയിൽ അംഗമാകാം. അധിക പ്രീമിയം നൽകി കൂടുതൽ കുട്ടികളെ ഉൾപ്പെടുത്താം. നിലവിൽ നോർക്ക ഐ.ഡി എടുക്കുന്നവർക്കുള്ള അഞ്ച് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറൻസിന് പുറമെയാണ് അഞ്ച് ലക്ഷം കൂടി കവറേജ് ഉറപ്പാക്കിയുള്ള പത്ത് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്.
പ്രവാസി ഐ.ഡി കാർഡ്, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള പ്രവാസികൾക്കുള്ള എൻ.ആർ.കെ ഐ.ഡി കാർഡ്, വിദേശത്ത് പഠിക്കുന്ന സ്റ്റുഡന്‍റ് ഐ.ഡി കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉള്ളവർക്ക് പദ്ധതിയുടെ ഭാഗമാകാം.
ഇന്ത്യക്ക് പുറത്തുള്ള 40 ലക്ഷം പ്രവാസി മലയാളികളും ഇന്ത്യക്കകത്തും കേരളത്തിന് പുറത്തുമുള്ള 35 ലക്ഷത്തോളം പേരും ഉൾപ്പെടെ 70 ലക്ഷത്തിലധികം പേർക്ക് പദ്ധതിയുടെ പ്രയോജനം.
പട്ടികയിൽ വരാത്ത ആശുപത്രികളിൽ ചികിത്സ തേടുന്നവർക്ക് റീ ഇംപേഴ്സ്മെന്‍റ് സൗകര്യം ഏർപ്പെടുത്തും.
പ്രവാസം കഴിഞ്ഞ് മടങ്ങുന്നവർക്ക് ഈ ഘട്ടത്തിൽ പദ്ധതിയിൽ തുടരാൻ കഴിയില്ല. ഭാവിയിൽ ഇവരെ കൂടി പരിഗണിക്കും.
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി, മഹീന്ദ്രാബ്രോക്കേഴ്സ് എന്നിവയാണ് പങ്കാളികൾ. പദ്ധതിയുടെ ഉദ്ഘാടനം 22ന് വൈകിട്ട് ഏഴിന് തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

