നോര്‍ക്ക-കാനറാ ബാങ്ക് വായ്പാ മേള : ആദ്യദിനം 79 സംരംഭങ്ങള്‍ക്ക് അനുമതി
text_fields
കോഴിക്കോട് :കാസർകോട്, കണ്ണൂര്‍,വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്കായി നോര്‍ക്ക റൂട്ട്‌സും കാനറാ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച പ്രവാസി സംരംഭങ്ങള്‍ക്കുളള വായ്പാ മേളയിലെ ആദ്യ ദിവസം 79 സംരംഭങ്ങള്‍ക്ക് വായ്പ്പക്കായി അംഗീകാരം ലഭിച്ചു. അഞ്ചു ജില്ലകളിലായി ആകെ 142 പ്രവാസി സംരംഭകരാണ് മേളയില്‍ പങ്കെടുക്കാനെത്തിയത്.
ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുന്നതനുസരിച്ച് മറ്റുള്ള അപേക്ഷകളും പരിഗണിക്കും. മലപ്പുറത്ത് പങ്കെടുത്ത 49 സംരംഭങ്ങളില്‍ 24 എണ്ണത്തിനും, കോഴിക്കോട്, വയനാട് ജില്ലകളിലെ 38 ല്‍ 23 നും, കണ്ണൂരിലെ 34 ല്‍ 27 ഉം, കാസര്‍കോട് ജില്ലയിലെ 21 ല്‍ 5 പ്രവാസി സംരംഭങ്ങള്‍ക്കുമാണ് അനുമതി ലഭിച്ചത്.
കാനറാ ബാങ്കിന്റെ മലപ്പുറം റീജണല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ബാങ്ക് എ.ജി.എം ആൻഡ് റീജണല്‍ ഹെഡ് എം.ശ്രീവിദ്യ മേള ഉദ്ഘാടനം ചെയ്തു. നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി അധ്യക്ഷത വഹിച്ചു. കാനറാ ബാങ്ക് ഡിവിഷണല്‍ മാനേജര്‍ ഗിരിരാജ് കുല്‍ക്കര്‍ണ്ണി സ്വാഗതം പറഞ്ഞ ചടങ്ങിൽ ബാബുരാജ് കെ. (നോര്‍ക്ക റൂട്ട്‌സ്), ബിന്ദു.എസ്.നായര്‍ (കാനറാ ബാങ്ക്) എന്നിവരും സംബന്ധിച്ചു.
ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശരാജ്യത്ത് ജോലി ചെയ്ത് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. 30 ലക്ഷം വരെയുളള വായ്പകള്‍ക്കാണ് അവസരമുളളത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കാനറാ ബാങ്കിന്റെ ജില്ലാ റീജണല്‍ ഓഫീസുകളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് വായ്പ മേള നടക്കുന്നത്. വിശദവിവരങ്ങള്‍ക്ക് 18004253939 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. വായ്പാ മേള ചെവ്വാഴ്ച അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

