വനത്തിന്റെ സ്വഭാവമില്ലാത്ത കൃഷി ഭൂമിയെ പരിസ്ഥിതിദുർബല മേഖലയിൽ പെടുത്താനാവില്ല -ഹൈകോടതി
text_fieldsകൊച്ചി: പതിറ്റാണ്ടുകളായി കൃഷിക്ക് ഉപയോഗിക്കുന്നതും വനത്തിന്റെ സ്വഭാവമില്ലാത്തതുമായ ഭൂമിയെ പരിസ്ഥിതിദുർബല മേഖലയുടെ പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് ഹൈകോടതി. അതിരുകൾ വനത്തോടുചേർന്ന് സ്ഥിതി ചെയ്യുന്നതും വന്യജീവികളുടെ സാന്നിധ്യമുള്ളതും വിലയിരുത്തി വനഭൂമിയായോ ലോലമേഖലയായോ ഇത് പ്രഖ്യാപിക്കാനാകില്ലെന്ന് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 1970 മുതൽ കൃഷി ചെയ്തുവരുന്ന തലശ്ശേരി സ്വദേശികളായ എസ്. രവീന്ദ്രനാഥ് പൈയുടെയും മക്കളുടെയും പേരിലുള്ള വയനാട് മാനന്തവാടി താലൂക്കിലെ 30 ഏക്കറിൽ 15 ഏക്കർ (6.0720) വനഭൂമിയായതിനാൽ പരിസ്ഥിതിദുർബല പ്രദേശമായി പ്രഖ്യാപിച്ച സർക്കാർ നടപടി റദ്ദാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.
സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹരജി പരിസ്ഥിതിദുർബല ഭൂപ്രദേശങ്ങൾ സംബന്ധിച്ച കേസുകൾ പരിഗണിക്കുന്ന കോഴിക്കോട്ടെ ട്രൈബ്യൂണൽ 2010 ഡിസംബർ 31ന് തള്ളിയിരുന്നു. തുടർന്ന് അപ്പീലുമായി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
1970 മുതൽ 30 ഏക്കറിലും ഏലം, കാപ്പി, കുരുമുളക്, തെങ്ങ്, കവുങ്ങ് തുടങ്ങിയവ കൃഷി ചെയ്തു വരുന്നുവെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, വനഭൂമിയോട് ചേർന്നാണ് ഈ ഭൂമിയെന്നും ഏലകൃഷിയും മറ്റുമുണ്ടെങ്കിലും പശ്ചിമഘട്ടത്തിന്റെ ഭാഗമായ സ്വാഭാവിക പച്ചപ്പുള്ള വനഭൂമിയാണെന്നായിരുന്നു ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറുടെ വാദം. മൂന്ന് വശത്തും വനഭൂമിയാണ്. വന്യജീവികളുടെ സഞ്ചാരമുള്ള സ്ഥലമാണെന്നും ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ട്രൈബ്യൂണൽ ഉത്തരവുണ്ടായതെന്നും ചൂണ്ടിക്കാട്ടി.
ട്രൈബ്യൂണൽ ചെയ്തതുപോലെ അഭിഭാഷക കമീഷനെയും സഹായിയായ വിദഗ്ധനെയും പരിശോധനക്കായി ഹൈകോടതിയും ചുമതലപ്പെടുത്തി. കേരള ഭൂപരിഷ്കരണ നിയമപ്രകാരം ഉടമസ്ഥാവകാശമുള്ള ഭൂമിയാണിതെന്നതിന് രേഖകൾ ഉണ്ടെന്നും ശേഷിക്കുന്ന ഉടമസ്ഥാവകാശമുള്ള ഭൂമിയിൽനിന്ന് വ്യത്യസ്ത സ്വഭാവത്തിലുള്ളതല്ല സർക്കാർ ഉത്തരവിറക്കിയ ഭൂമിയെന്നും കോടതി കണ്ടെത്തി. 30 വർഷം മുമ്പേ ഭൂമി ഒരുക്കി കൃഷി നടത്താൻ കലക്ടർ അനുമതി നൽകിയിട്ടുണ്ട്. ഇവരുടെ കൈവശരേഖകൾ സംബന്ധിച്ച് അധികൃതർക്ക് തർക്കവുമില്ല. വീടുകളും പമ്പ്ഹൗസുകളും സ്റ്റോർ റൂമുകളും പഴക്കം ചെന്ന കൃഷി വിളകളുമുള്ള ഭൂമി വർഷങ്ങളായി കൃഷി ഭൂമിയാണെന്ന് തെളിയിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രൈബ്യൂണൽ ഉത്തരവ് കോടതി റദ്ദാക്കിയത്.
പതിറ്റാണ്ടുകളായി കൃഷി നടത്തി വരുന്ന ഭൂമി വനനിയമപ്രകാരം വനത്തിന്റെ നിർവചനത്തിൽ വരില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വനഭൂമിയല്ലാത്തതിനാൽ പരിസ്ഥിതിദുർബല പ്രദേശമെന്ന നിലയിൽ കണക്കാക്കാനുമാവില്ല. വർഷങ്ങളായി കൃഷി നടത്തുന്ന ഭൂമി അതിന്റെ സ്വഭാവംകൊണ്ട് തിരിച്ചറിയാനാകുമെന്നും കോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

