യൂത്ത് കോൺഗ്രസ്, എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ കേസ്
text_fieldsതിരുവനന്തപുരം: തലസ്ഥാന നഗരിയിൽ കഴിഞ്ഞദിവസം രാത്രിയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
യൂനിവേഴ്സിറ്റി കോളജിലേക്കും ഹോസ്റ്റലിലും അതിക്രമം നടത്തിയതിനാണ് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർക്കെതിരെ കേസ്. കല്ലും കുപ്പികളും ഉപയോഗിച്ച് അക്രമം നടത്തിയതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമാണ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്. സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവരെ പ്രതിചേർത്തിട്ടുണ്ട്. വരുംദിവസങ്ങളിൽ അറസ്റ്റുണ്ടാകുമെന്നാണ് വിവരം.
മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ നൈറ്റ് മാര്‍ച്ചിന് നേരെ യൂനിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽനിന്ന് കല്ലേറുണ്ടായതാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. ഇതോടെ കേളജിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീപന്തമെറിഞ്ഞു. നേതാക്കള്‍ പ്രസംഗിച്ച് മടങ്ങിയതിന് പിന്നാലെ യൂനിവേഴ്സിറ്റി കോളജിന് മുന്നില്‍ വന്‍ സംഘര്‍ഷമുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോളജിനകത്ത് കയറി ബാനറുകളും കൊടികളും നശിപ്പിച്ചു.
ഇതിനിടെ കോളജ് ഹോസ്റ്റലിൽ തമ്പടിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരെ കല്ലെറിഞ്ഞു. അതിനെ തുടർന്നാണ് ഹോസ്റ്റലിൽ കയറി പൊലീസ് വിദ്യാർഥികളെ മർദിച്ചത്.
യൂനിവേഴ്സിറ്റി ഹോസ്റ്റൽ അക്രമം: അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽനിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. വിദ്യാർഥികളല്ലാത്തവർ ഹോസ്റ്റലിൽ താമസിക്കുന്നുണ്ടോ, ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോ എന്നതടക്കം അന്വേഷിക്കാൻ സമിതിയെ വെക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി. ഇതുസംബന്ധിച്ച ഉത്തരവ് വൈകാതെ ഇറങ്ങും.
സമിതി റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടിയുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഹോസ്റ്റലിൽനിന്ന് എസ്.എഫ്.ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസ് മാർച്ചിനുനേരെ കല്ലെറിഞ്ഞതാണ് ബുധനാഴ്ച രാത്രി തിരുവനന്തപുരത്ത് വലിയ സംഘർഷത്തിന് വഴിവെച്ചതെന്നാണ് ആക്ഷേപം.
എസ്.എഫ്.ഐ സെക്രട്ടേറിയറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി; ബാരിക്കേഡ് തീർത്ത് പൊലീസ് മാർച്ച് തടഞ്ഞു
തിരുവനന്തപുരം: കഴിഞ്ഞദിവസം തലസ്ഥാനത്തുണ്ടായ പൊലീസ് നടപടിക്കെതിരെ എസ്.എഫ്.ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി.
‘തീ തുപ്പുന്ന പീരങ്കി കൊണ്ടു വാ, ഞങ്ങൾ ഇവിടെ തന്നെ ഉണ്ടാകും’ എന്നെഴുതിയ ബാനറുമായാണ് പ്രവർത്തകർ പ്രകടനമായി എത്തിയത്. യൂത്ത് കോൺഗ്രസ് ആക്രമണത്തിനും പൊലീസിന്റെ മർദ്ദനത്തിനെതിരെയും മുദ്രാവാക്യം വിളികളുമായി എത്തിയ പ്രവർത്തകർ സെക്രട്ടേറിയറ്റിന് സമീപത്ത് നിന്ന് കന്റോൺമെന്റ് സ്റ്റേഷനിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞു. ബാരിക്കേഡ് തീർത്ത് പൊലീസ് മാർച്ച് തടഞ്ഞു.
സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ഉദ്ഘാടനം ചെയ്തു. യൂനിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ ഏകപക്ഷീയമായ ആക്രമണത്തിന് നേതൃത്വം നൽകിയ കന്റോൺമെന്റ് സി.ഐ, എസ്.ഐ എന്നിവർക്കെതിരെ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നടപടി ഉണ്ടാകുന്നത് വരെ സമരരംഗത്തുണ്ടാകും. ഇനി ഒരു കുട്ടിയെയും അവർ അടിക്കാൻ പാടില്ലെന്നും സഞ്ജീവ് പറഞ്ഞു. കേന്ദ്രകമ്മിറ്റിയംഗം ബിപിൻരാജ് പായം, ജില്ല പ്രസിഡന്റ് വിജയ് വിമൽ, സെക്രട്ടറി എം.എ. നന്ദൻ എന്നിവർ സംസാരിച്ചു.
പൊലീസുകാർക്ക് എസ്.എഫ്.ഐക്കാരുടെ മർദനം
തിരുവനന്തപുരം: കഴിഞ്ഞദിവസം തലസ്ഥാനത്തുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സി.പി.എം നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെ പൊലീസുകാർക്ക് മർദ്ദനം. മാർച്ചിനിടയിൽ മുദ്രാവക്യം വിളികളുമായെത്തിയ ഒരുസംഘം എസ്.എഫ്.ഐ പ്രവർത്തകരിൽ ചിലർ ജലപീരങ്കിക്ക് സമീപം നിന്ന രണ്ട് പൊലീസുകാരെ മർദ്ദിക്കുകയായിരുന്നു. പ്രവർത്തകരെ നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിച്ചു. പൊലീസ് സംയമനം പാലിച്ചതിനാൽ അനിഷ്ടസംഭവങ്ങളുണ്ടായില്ല. വ്യാഴാഴ്ച സന്ധ്യക്കായിരുന്നു സംഭവം.
എന്നാൽ പൊലീസ് അനാവശ്യപ്രകോപനമുണ്ടാക്കുകയാണെന്ന് സി.പി.എം നേതാക്കൾ ആരോപിച്ചു. എസ്.എഫ്.ഐയുടെ കൊടിയുമായി നടന്നുവരികയായിരുന്ന സ്കൂൾ വിദ്യാർഥികളെ ഒരു എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞുനിർത്തുകയും കരിങ്കൊടിയുണ്ടായെന്ന് ചോദിക്കുകയും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സി.പി.എം നേതാക്കൾ ആരോപിച്ചു.
വിദ്യാർഥികളുടെ ഷർട്ടിൽ കുത്തിപ്പിടിച്ചതായും അവർ കൂട്ടിച്ചേർത്തു. ആവശ്യമില്ലാത്ത പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് കന്റോൺമെന്റ് എസ്.ഐ. ഗോകുൽ ഗോപനും സി.ഐ. സതീഷ് കുമാറും ശ്രമിക്കുന്നതെന്നും കഴിഞ്ഞദിവസം യൂനിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ കയറി വിദ്യാർഥികളെ മർദ്ദിച്ചത് ഇവരാണെന്നും നേതാക്കൾ ആരോപിച്ചു. ഹോസ്റ്റലിൽ കയറി വിദ്യാർഥികളെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നടന്ന സി.പി.എം മാർച്ച് കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ ഉദ്ഘാടനംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

