നോക്കുകൂലി ഇനി നിയമവിരുദ്ധം; ഉത്തരവിറങ്ങി
text_fieldsതിരുവനന്തപുരം: ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നതുള്‍പ്പെടെ സംസ്ഥാനത്തെ ചുമട്ടുതൊഴിൽ മേഖലയിൽ നിലനില്‍ക്കുന്ന അനാരോഗ്യപ്രവണതകള്‍ അവസാനിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നതും കൈപ്പറ്റുന്നതും നിയമവിരുദ്ധമായി കണക്കാക്കി ചട്ടപ്രകാരം നടപടി സ്വീകരിക്കും. തൊഴില്‍മേഖലകളില്‍ ചില യൂനിയനുകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്നതിന് അവകാശമുന്നയിക്കുന്നതും അവസാനിപ്പിക്കും.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മാര്‍ച്ച് എട്ടിന് നടന്ന ട്രേഡ് യൂനിയന്‍ ഭാരവാഹികളുമായുള്ള ചര്‍ച്ചയുടെ കൂടി അടിസ്ഥാനത്തിലാണ് തൊഴില്‍വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. അധികനിരക്ക് ഈടാക്കിയാല്‍ അസി. ലേബര്‍ ഓഫിസര്‍മാരോ ജില്ല ലേബര്‍ ഓഫിസര്‍മാരോ ഇടപെട്ട് പണം തിരികെ വാങ്ങിക്കൊടുക്കണം. ആവശ്യമെങ്കില്‍ ക്ഷേമനിധി ബോര്‍ഡ് മുഖേനയോ റവന്യൂ റിക്കവറി നടപടികളിലൂടെയോ പണം ഈടാക്കാന്‍ നടപടിയെടുക്കും.
ഏതെങ്കിലും തൊഴില്‍മേഖലയില്‍ തൊഴില്‍ ചെയ്യാനുള്ള അവകാശമുന്നയിച്ചോ ഉയര്‍ന്ന കൂലി നിരക്കുകള്‍ ആവശ്യപ്പെട്ടോ തൊഴിലുടമയെയോ ഉടമയുടെ പ്രതിനിധിയെയോ ഭീഷണിപ്പെടുത്തുകയോ കൈയേറ്റം ചെയ്യുകയോ വസ്തുക്കൾ നശിപ്പിക്കുകയോ ചെയ്താൽ കർശന നടപടിയുണ്ടാകും. അമിതകൂലി ആവശ്യപ്പെടുന്നതും ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നതും സംസ്ഥാനത്തിെൻറ സമഗ്രവികസനത്തിന് സഹായകരമായ സംരംഭകത്വത്തിെൻറ വളര്‍ച്ചക്ക് വിഘാതമാകുന്നതായി വിലയിരുത്തപ്പെട്ട സാഹചര്യത്തിലാണ് സർക്കാർ നടപടി.
ഉത്തരവിലെ പ്രധാനഭാഗങ്ങൾ
●ഇനി ജില്ലാ ലേബര്‍ ഓഫിസര്‍മാര്‍ പുറപ്പെടുവിച്ച ഏകീകൃതകൂലി പട്ടിക അടിസ്ഥാനമാക്കി കയറ്റിറക്ക് കൂലി മാത്രം.
●പട്ടികയില്‍ ഉള്‍പ്പെടാത്ത ഇനങ്ങള്‍ക്ക് ഉഭയകക്ഷി കരാറുകളുടെ അടിസ്ഥാനത്തില്‍ കൂലി നിശ്ചയിക്കണം.
●ചുമട്ടുതൊഴിലാളി നിയമത്തിെൻറ പരിധിയില്‍നിന്ന് ഒഴിവാക്കിയ ഗാര്‍ഹികാവശ്യത്തിനുള്ള കയറ്റിറക്ക്, കാര്ഷികോല്പന്നങ്ങളുടെ കയറ്റിറക്ക് എന്നിവക്ക് തൊഴിലുടമക്ക് ഇഷ്ടമുള്ളവരെ നിയോഗിക്കാം.
●അംഗീകൃത ചുമട്ടുതൊഴിലാളികളെ നിയമിക്കുന്ന പക്ഷം അതത് മേഖലയില്‍ നിശ്ചയിക്കപ്പെട്ട കൂലി നല്‍കണം.
●തൊഴില്‍വകുപ്പോ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡോ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് ജോലിസമയത്ത് തൊഴിലാളികളുടെ കൈവശമുണ്ടാകണം.
● കൂലിക്ക് കണ്‍വീനറോ പൂള് ലീഡറോ ഒപ്പിട്ട് ഇനം തിരിച്ച രസീത് തൊഴിലുടമക്ക് നല്‍കണം.
●നിയമപരമായ തര്‍ക്കങ്ങളില്‍ ജില്ലാ ലേബര്‍ ഓഫിസര്‍മാര്‍ ചുമട്ടുതൊഴിലാളി നിയമപ്രകാരം തീരുമാനമെടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
