നോയിഡ സംഘർഷം: ആക്രമണത്തിന് പ്രേരിപ്പിച്ചത് വാട്സ്ആപ് ഗ്രൂപ്പിൽ നുഴഞ്ഞുകയറിയ പൊലീസുകാരെന്ന് സമരക്കാർ
text_fieldsന്യൂഡൽഹി: കുറഞ്ഞ വേതനം ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 13ന് നോയിഡയിൽ നടന്ന സമരത്തിൽ ആക്രമണത്തിന് പ്രേരിപ്പിച്ചത് വാട്സ്ആപ് ഗ്രൂപ്പിൽ നുഴഞ്ഞുകയറിയ പൊലീസ് ഉദ്യോഗസ്ഥരെന്ന് അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകർ സുപ്രീംകോടതിയിൽ. തങ്ങൾ ആക്രമണത്തിന് പ്രേരിപ്പിച്ചു എന്ന പൊലീസ് വാദം തെറ്റാണെന്നും സമാധാനപരമായി സമരം ചെയ്യാൻ മാത്രമാണ് വാട്സ്ആപ് ഗ്രൂപ്പിലൂടെ ആഹ്വാനം ചെയ്തതെന്നും ഇവർ കോടതിയെ അറിയിച്ചു.
നൂറിലധികം അംഗങ്ങളുള്ള ‘റിച്ചാ ഗ്ലോബൽ (നോയിഡ)’ എന്ന വാട്സ്ആപ് ഗ്രൂപ്പിൽ നോയിഡ പൊലീസിലെ സബ് ഇൻസ്പെക്ടറും ഡി.സി.പിയുടെ ഡ്രൈവറും മറ്റൊരു പേരിൽ നുഴഞ്ഞുകയറി ആക്രമണത്തിന് പ്രേരിപ്പിക്കുന്ന സന്ദേശങ്ങൾ അയക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവേളയിൽ റോഡ് ഉപരോധിക്കാൻ അടക്കം ആഹ്വാനം ചെയ്തുകൊണ്ട് പൊലീസ് ഉദ്യോഗസ്ഥർ സന്ദേശങ്ങൾ അയച്ചതായും അറസ്റ്റിലായവർ ചൂണ്ടിക്കാട്ടി. ഗ്രൂപ്പിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടറുടെ ഫോൺ നമ്പറിലേക്ക് വിളിച്ച് ഗ്രൂപ് അംഗങ്ങൾതന്നെയാണ് അവരുടെ ഐഡന്റിറ്റി സ്ഥിരീകരിച്ചതെന്നും ഹരജിയിൽ പറയുന്നു.
എന്നാൽ, ഹരജിക്കാരുടെ ആരോപണങ്ങൾ പൊലീസ് തള്ളി. ഹരിയാന സർക്കാർ കുറഞ്ഞ വേതനം വർധിപ്പിച്ചതിന് പിന്നാലെ, നോയിഡയിലെ പ്രമുഖ ടെക്സ്റ്റൈൽ കയറ്റുമതി കമ്പനിയായ റിച്ചാ ഗ്ലോബലിലേക്ക് പടർന്ന തൊഴിലാളി സമരമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മുന്നൂറിലധികം തൊഴിലാളികളും വിദ്യാർഥികളും ആക്ടിവിസ്റ്റുകളും അറസ്റ്റിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

