എൻ.ഒ.സി നിബന്ധന: പാരാമെഡിക്കൽ പ്രവേശനത്തിന് ഹയർ ഓപ്ഷൻ കൊടുക്കാനാവാതെ വിദ്യാർഥികൾ
text_fieldsതൃക്കരിപ്പൂർ: പാരാ മെഡിക്കൽ പ്രഫഷനൽ ബിരുദ പ്രവേശനത്തിന് ഹയർ ഓപ്ഷൻ കൊടുക്കാനാവാതെ വിദ്യാർഥികൾ ആശങ്കയിൽ. ഇതിന് നിരാക്ഷേപ പത്രം(എൻ.ഒ.സി) സമർപ്പിക്കണമെന്ന വ്യവസ്ഥയാണ് കുരുക്കായത്. ഓപ്‌ഷൻ നൽകാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കും.
താഴ്ന്ന ഓപ്ഷനിൽ വിവിധ കോളജുകളിൽ അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥികൾ ഹയർ ഓപ്ഷൻ രജിസ്ട്രേഷൻ നടത്തുന്നതിന് മുന്നോടിയായി എൻ.ഒ.സി കൂടി അപ്‍ലോഡ് ചെയ്യണമെന്നാണ് പുതിയ നിബന്ധന. ഇത് വിദ്യാർഥികൾക്ക് അവസരം തന്നെ നിഷേധിക്കുന്ന സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. സ്വാശ്രയ കോളജുകൾ പലതും വിദ്യാർഥികൾക്ക് എൻ.ഒ.സി നൽകാൻ തയാറാകുന്നില്ല.
സർക്കാർ കോളജുകളിൽ ഹയർ ഓപ്‌ഷനിൽ പ്രവേശനം ലഭിച്ചാൽ ഫീസിളവ് കിട്ടുമെന്ന പ്രതീക്ഷയിലാണ് പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾ ഓപ്‌ഷൻ നൽകുന്നത്. എന്നാൽ എൻ.ഒ. സി നൽകേണ്ടതില്ലെന്ന നിലപാടാണ് സ്വാശ്രയ കോളജുകൾ സ്വീകരിക്കുന്നതെന്ന് വിദ്യാർഥികൾ പറയുന്നു. പ്ലസ് ടു, ബിരുദ പ്രവേശനത്തിൽ അനുവദിക്കുന്ന, താഴ്ന്ന ഓപ്‌ഷനിൽ താൽക്കാലിക പ്രവേശനം അനുവദിക്കുന്ന സമ്പ്രദായം ഇവിടെയില്ല.
എൽ.ബി.എസുകൾ വഴിയാണ് പാരാമെഡിക്കൽ പ്രവേശന നടപടികൾ ഏകോപിപ്പിക്കുന്നത്. ഒരു കോളജിൽ പ്രവേശനം നേടിയാൽ മറ്റൊരിടത്തേക്ക് ഹയർ ഓപ്‌ഷൻ വഴി മാറുവാൻ എൻ.ഒ.സി ഉപാധിവെച്ചത് വിദ്യാർഥികൾക്ക് തിരിച്ചടിയായിരിക്കുകയാണ്.
പല വിദ്യാർഥികളും പഠനം ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. താഴ്ന്ന ഓപ്ഷനിൽ അലോട്ട്മെൻറ് കിട്ടിയാൽ നിർബന്ധമായും അതത് കോളജുകളിൽ ചേരണമെന്നും അല്ലാത്തപക്ഷം സീറ്റ് നഷ്ടപ്പെടുമെന്നും ഹയർ ഓപ്ഷൻ രജിസ്ട്രേഷന് എൻ.ഒ.സി അപ് ലോഡ് ചെയ്യാത്തവരെ അടുത്ത അലോട്ട്മെന്റിൽ പരിഗണിക്കില്ലെന്നും എൽ.ബി.എസ് ഉത്തരവിൽ പറയുന്നു.
സ്പെഷൽ അലോട്ട്മെന്റിൽ ഹയർ ഓപ്ഷൻ കൊടുക്കാനുള്ള അവസരം മാർച്ച് 14ന് അവസാനിക്കും.