‘മലയാളി എന്തു കഴിക്കണമെന്ന് ആരും കൽപിക്കേണ്ട'; ഗവർണറുടെ വെജിറ്റേറിയൻ നിർദേശത്തിനെതിരെ കെ.സി. വേണുഗോപാൽ
text_fieldsന്യൂഡൽഹി: രാജ്ഭവന്‍റെ അടുക്കളയിൽ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില്ലെന്ന് നിയുക്ത കേരള ഗവർണറായി നിയമിതനായ ഓംപ്രകാശ് മാഥൂർ നൽകിയ നിർദേശത്തിനെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. പൗരന്റെ ഭക്ഷണ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും സംഘപരിവാറിന്റെ ഭരണഘടനാ വിരുദ്ധ താൽപ്പര്യങ്ങളുടെ തുടർച്ചയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
"വോട്ട് കവർന്നെടുത്ത് പൗരന്‍റെ ജനാധിപത്യ അവകാശത്തിന്‍റെ കടയ്ക്കൽ കത്തിവെച്ചവർ തന്നെ ഇപ്പോൾ ഭക്ഷണ സ്വാതന്ത്ര്യം കൂടി കവർന്നെടുക്കാൻ ഒരുങ്ങുകയാണ്. കേരളത്തിന്റെ സാമൂഹിക സാഹചര്യം പോലും മനസ്സിലാക്കാതെ ഗവർണർ ഇത്തരമൊരു തീട്ടൂരം നൽകിയത് കടന്ന കൈയായിപ്പോയി," കെ.സി. വേണുഗോപാൽ പ്രസ്താവനയിൽ വ്യക്തമാക്കി.
സമ്മിശ്രമായ ഭക്ഷണ സംസ്കാരമുള്ള നാടാണ് കേരളമെന്നും തീരദേശ സംസ്ഥാനമെന്ന നിലയിൽ മത്സ്യസമ്പത്ത് ആവോളമുള്ള ഇവിടെ ഓരോ മനുഷ്യനും വെജിറ്റേറിയനായും നോൺ വെജിറ്റേറിയനായും തുടർന്നുപോരാൻ അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മലയാളി ശീലിച്ച ഭക്ഷണരീതിക്ക് വിലക്കേർപ്പെടുത്താനോ ഇനിമുതൽ എന്ത് കഴിക്കണമെന്ന നിർദേശം പുറപ്പെടുവിക്കാനോ ആരെയും അനുവദിക്കില്ല. ഭക്ഷണത്തിൽപ്പോലും കടന്നുകയറി മലയാളിയുടെ തനത് ജീവിതരീതികളെ ഇല്ലാതാക്കുന്ന ഇത്തരം ആധിപത്യ പ്രവണതകൾ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവർണറുടെ സ്വന്തം ഭക്ഷണക്രമം അതേപടി തുടരുന്നതിൽ ആർക്കും എതിർപ്പില്ല. എന്നാൽ, മലയാളികൾ കൂടി ജീവനക്കാരായുള്ള രാജ്ഭവന്റെ അടുക്കള തന്റെ പ്രത്യേക താൽപ്പര്യത്തിന് അനുസൃതമായി മാത്രമേ പ്രവർത്തിക്കാവൂ എന്ന നിർബന്ധം അംഗീകരിക്കാനാവില്ല. അധികാരം ഉപയോഗിച്ച് വ്യക്തിസ്വാതന്ത്ര്യം കവർന്നെടുക്കുന്ന ഇത്തരം നയങ്ങൾ സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭക്ഷണത്തിന്റെ പേരിൽ ആളുകൾ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായതും ദാദ്രി സംഭവങ്ങൾ രാജ്യത്തിന്റെ ഹൃദയത്തിലേൽപ്പിച്ച മുറിവുകളും ഇന്നും കൺമുന്നിലുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഭക്ഷണ സ്വാതന്ത്ര്യം ഓരോ വ്യക്തിയുടെയും മൗലിക അവകാശമാണെന്നും അതിന് തടയിടുന്ന പ്രവൃത്തിയിൽ നിന്ന് കേരള ഗവർണർ പിന്മാറണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. ഇഷ്ടമുള്ളത് പാചകം ചെയ്യാനും കഴിക്കാനുമുള്ള അവകാശങ്ങൾക്ക് ഭരണഘടന നൽകുന്ന പരിരക്ഷ ഉറപ്പുവരുത്തേണ്ട ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തി തന്നെയാണ് സ്വന്തം ഭക്ഷണരീതി മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

