കാപിറ്റൽ പണിഷ്മെന്റെന്ന വാക്ക് ആരും പറഞ്ഞിട്ടില്ല, ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നു- ചിന്ത ജെറോം
text_fieldsതിരുവനന്തപുരം: കാപിറ്റൽ പണിഷ്മെന്റ് എന്ന വാക്ക് ആരും പറഞ്ഞിട്ടില്ലെന്ന് വിവാദത്തിൽ പ്രതികരിച്ച് സി.പി.എം സംസ്ഥാന സമിതിയംഗം ചിന്താ ജെറോം. കാപിറ്റൽ പണിഷ്മെന്റ് എന്ന വാക്ക് ഒരു പ്രതിനിധിയും സമ്മേളനത്തിൽ ഉപയോഗിച്ചിട്ടില്ലെന്നും അത് മാധ്യമസൃഷ്ടിയാണെന്നും ചിന്ത പറഞ്ഞു.
ആലപ്പുഴയിലേത് തന്റെ ആദ്യത്തെ സമ്മേളനമായിരുന്നു. ആ സമ്മേളനത്തിൽ ഒരു പ്രതിനിധിയും കാപിറ്റൽ പണിഷ്മെന്റ് എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. സഖാവ് വി.എസിനും പാർട്ടിക്കും ലഭിക്കുന്ന പിന്തുണയിൽ അസ്വസ്ഥരാകുന്നതുക്കൊണ്ടായിരിക്കും ഇത്തരം കുപ്രചരണങ്ങൾ മാധ്യമ പിന്തുണയോടെ ഉയർത്തിക്കൊണ്ടുവരുന്നത്.
സുരേഷ് കുറുപ്പ് ഏതു സാഹചര്യത്തിലാണ് അത്തരമൊരു പരാമർശം നടത്തിയതെന്നറിയില്ല. സുരേഷ് കുറുപ്പിന്റെ ആരോപണങ്ങൾക്ക് പാർട്ടി നേതൃത്വം മറുപടി പറയുമെന്നാണ് പ്രതീക്ഷിക്കുന്നെന്നും ചിന്താ ജെറോം പറഞ്ഞു.
ആലപ്പുഴ സമ്മേളനത്തില്‍ പങ്കെടുത്തയാളാണ് താനെന്നും ഇത്തരം കാര്യങ്ങളൊന്നും എവിടെയും കേട്ടിട്ടില്ലെന്നും കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. വി.എസിനെ മാതൃക പുരുഷനായി കണ്ടാണ് എം.സ്വരാജ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്നും എന്നാൽ സ്വരാജിനെ കരിവാരിത്തേക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
സുരേഷ് കുറുപ്പിനെതിരെ മന്ത്രി വി. ശിവന്‍കുട്ടിയും രംഗത്തെത്തി. ആലപ്പുഴ സമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരെ ക്യാപിറ്റല്‍ പണിഷ്‌മെന്റ് എന്ന പരാമര്‍ശം ആരും നടത്തിയിട്ടില്ലെന്ന് വി. ശിവന്‍കുട്ടി പറഞ്ഞു. പിരപ്പന്‍കോട് മുരളി പറഞ്ഞത് ശുദ്ധ നുണയാണ്. പറയാന്‍ ആണെങ്കില്‍ അന്നേ പറയാമായിരുന്നു. ഇപ്പോള്‍ പറയുന്നതിന് പിന്നില്‍ മറ്റു ലക്ഷ്യങ്ങളാണെന്നും വി. ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

